മികച്ച സന്നദ്ധ സംഘടനക്കുള്ള ഐ.സി.ബി.എഫ് അവാര്‍ഡ് ഖത്തര്‍ വിഖായക്ക്
ദോഹ: ഇന്ത്യന്‍ എംബസിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലവന്റ് ഫോറം (ICBF) ഏര്‍പ്പെടുത്തിയ ഖത്തറിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള പ്രഥമ അവാര്‍ഡിന് ഖത്തര്‍ വിഖായ അര്‍ഹരായി.
പ്രവാസികള്‍ക്കിടയില്‍ നിയമക്കുരുക്കില്‍ കുടുങ്ങിയ ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കല്‍, അവരെ പുനരധിവസിപ്പിക്കല്‍, നാട്ടിലേക്കു പോകാന്‍ കഴിയാതെ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കല്‍, ലേബര്‍ ക്യാംപുകളിലെ ഭക്ഷണ വിതരണം, ആശുപത്രി സന്ദര്‍ശനം, രോഗി പരിചരണം, ഖത്തര്‍ സര്‍ക്കാരിന്റെയും ഇന്ത്യന്‍ എംബസിയുടെയും ഔദ്യോഗിക പരിപാടികളില്‍ വളണ്ടിയര്‍ സേവനം തുടങ്ങിയവ പരിഗണിച്ചാണ് അവാര്‍ഡ്.
കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ഐ.സി.ബി.എഫ് വാര്‍ഷികാഘോഷത്തില്‍ കേണല്‍ ഗാനിം സഅദ് അല്‍ഖൈറീനില്‍ നിന്ന് എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ നാഷനല്‍ പ്രസിഡന്റ് മുനീര്‍ ഹുദവി, ഖത്തര്‍ വിഖായ ചെയര്‍മാന്‍ അഷ്‌റഫ് ചക്കോലയില്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍, നേപ്പാള്‍ അംബാസഡര്‍ രമേഷ് പ്രസാദ് കൊയ്‌രാള, ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി ഡോ. മുഹമ്മദ് അലീം, ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവീസ് ഇടക്കളത്തൂര്‍, ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ഹരീഷ് കഞ്ഞാണി ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."