ഭൂമിയിടപാട് വിവാദം ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തുനിന്ന് നീക്കാനെന്ന്
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പിന്നില്‍ സഹായ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണെന്ന് വിവിധ രൂപതയിലെ അല്മായര് ചേര്‍ന്ന് രൂപം നല്കിയ നസ്രാണി ലേയ്റ്റി മൂവ്മെന്റ്.
അതിരൂപതയ്ക്ക് പുറത്തുള്ള ഒരാള്‍ രൂപതാ അധ്യക്ഷനായി തുടരുന്നതിലുള്ള വിരോധമാണ് കര്‍ദിനാളിനെ ഭൂമിയിടപാടില്‍ കുടുക്കാന്‍ കാരണമെന്നും ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ ഈ വിഷയത്തില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ വിശുദ്ധവാരത്തില്‍ ദിവ്യബലി സ്വീകരിക്കില്ലെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചങ്ങനാശ്ശേരിക്കാരനായ കര്‍ദിനാളിനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ സഹായമെത്രാന്‍ വൈദികരില്‍ ചിലരെ കൂട്ടുപിടിച്ച് നടത്തുന്ന നീക്കമാണ് ഭൂമിയിടപാടിനു പിന്നിലെ യഥാര്‍ഥ കാരണം. നിലവില്‍ ഭൂമി വിറ്റാല്‍ തീരുന്ന പ്രശ്നമേ സഭയില്‍ ഉള്ളൂ. അതിന് ഏതാനും ചില അല്മായര് മുന്നോട്ട് വന്നിട്ടുണ്ട്.
ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിഷയങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ദിനാളിനെപ്പോലെ സഹായമെത്രാനും ഉത്തരവാദിത്വമുണ്ട്. കര്‍ദിനാള്‍ രാജി വയ്ക്കണമെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
സഭയുടെ തലവനെ ഇത്തരത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ അധിക്ഷേപിക്കുന്നതിനോട് ശക്തമായി പ്രതികരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ലിജോ എബ്രഹാം, ജെറാള്‍ഡ് ജോസഫ്, ഡോട്ടി കാഞ്ഞിരത്തിങ്കല്‍, ലാലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."