കേരളാ ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേരളാ ടൂറിസം റെഗുലേറ്ററി അതോറിറ്റി(കെ.ടി.ആര്‍.എ) രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ടൂറിസം വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തെ ചൂഷണരഹിത വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് അതോറിട്ടി രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യം. അതോറിറ്റി രൂപീകരിക്കുന്നതോടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ടൂറിസം മേഖലയില്‍ അടുത്തകാലത്തായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. മാത്ര ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നടക്കമുള്ള ലഹരി വസ്തുക്കളുടെ വിപണനം നടക്കുന്നതായും വിവരമുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ നിയന്ത്രിക്കാനും അതോറിറ്റിക്ക് സാധിക്കും.
പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഫുട് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആരംഭിക്കും. നിശാഗന്ധി നൃത്തോത്സവത്തിന്റെ മാതൃകയില്‍ മണ്‍സൂന്‍ കാലത്ത് മണ്‍സൂന്‍ രാഗാസ് എന്ന പേരില്‍ പരിപാടി നിശാഗന്ധിയില്‍ ആരംഭിക്കും. തലശേരി മാതൃകയില്‍ കണ്ണൂരും വയനാടും രണ്ട് പൈതൃക കേന്ദ്രങ്ങള്‍ ആരംഭിക്കും. ചാല കമ്പോളം മിഠായിത്തെരുവിന്റെ മാതൃകയില്‍ പൈതൃക കേന്ദ്രമാക്കി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."