ദോഹ ഹമദ് വിമാനത്താവളത്തില്‍ സുരക്ഷ റോബോട്ട്
ദോഹ: ആഭ്യന്തര സുരക്ഷാ സേനയുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെക്യൂരിറി റോബോട്ടിനെ അവതരിപ്പിച്ചു. സ്കൂട്ടര്‍ രൂപത്തിലൂള്ള റോബോട്ട് ഉപയോഗിച്ച് അകലെ നിന്നും നാഡിമിടിപ്പ് അളക്കാനും മുഖം തിരിച്ചറിയാനും സാധിക്കും.
പ്രാദേശികമായി വികസിപ്പിച്ചെടുത്ത യന്ത്രമനുഷ്യനില്‍ വ്യാജ കറന്‍സികള്‍, ക്രഡിറ്റ് കാര്‍ഡുകള്‍, നിയന്ത്രണമുള്ള വസ്തുക്കള്‍, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്താനുള്ള കാമറകളും സെന്‍സറുകളുമുണ്ട്.
വിമാനത്താവളത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ലൈവ് പ്രത്യക്ഷപ്പെട്ട ലഖ്വിയയിലെ മേജര്‍ അലി റാഷിദ് യന്ത്രമനുഷ്യന്റെ വ്യത്യസ്ത സ്വഭാവങ്ങളെ കുറിച്ച് വിശദീകരിച്ചു.
മൂന്ന് ചക്രങ്ങളുള്ള ചെറിയ രൂപത്തിലുള്ള യന്ത്രമനുഷ്യന് വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രയാസമില്ലാതെ സഞ്ചരിക്കാനാവും. വ്യത്യസ്ത ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള റോബോട്ടിന് അവയെല്ലാം സ്വന്തമായി പ്രവര്‍ത്തിപ്പിക്കാനാകും.
യന്ത്രമനുഷ്യന്റെ അരികിലെ ചക്രത്തിനടുത്ത് ഘടിപ്പിച്ചിട്ടുള്ള ക്യാമറ ഉപയോഗിച്ച് എല്ലാ യാത്രക്കാരേയും നിരീക്ഷിക്കാനാവും.
കടന്നു പോകുന്ന യാത്രക്കാരുടെ മുഖം, ഹൃദയമിടിപ്പ് എന്നിവ ഹാന്റിലിന് സമീപത്തെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. മാത്രമല്ല ഈ യന്ത്രം ഉപയോഗിച്ച് മാനസിക സമ്മര്‍ദ്ദവും അളക്കാനാവും.
ഫുട്സ്റ്റാന്റിന് സമീപം ഘടിപ്പിച്ച ചെറിയ സെന്‍സര്‍ ഉപയോഗിച്ച് നിയന്ത്രണമേര്‍പ്പെടുത്തിയ വസ്തുക്കള്‍ ലഗേജില്‍ കടന്നു പോകുന്നുണ്ടോയെന്ന് അധികൃതര്‍ക്ക് സ്കാന്‍ ചെയ്യാനാവും. പണം സ്കാന്‍ ചെയ്യാനും ഫിംഗര്‍ പ്രിന്റിനുമുള്ള ഉപകരണങ്ങളും ഇതിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."