വിദേശികള്‍ക്ക് വീട്ടുവേലക്കാരുടെ റിക്രൂട്ടിംഗ് ഏജന്‍സി തുടങ്ങാന്‍ സഊദി മന്ത്രാലയത്തിന്റെ അനുമതി
ജിദ്ദ: വീട്ടുവേലക്കാരെ എത്തിച്ചുനല്‍കുന്നതിന് റിക്രൂട്ടിംഗ് ഏജന്‍സി ആരംഭിക്കാന്‍ സഊദിയില്‍ വിദേശികള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കി. തൊഴില്‍ മന്ത്രാലയവും സഊദി ജനറല്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് പുതിയ നയം മാറ്റത്തിന് അംഗീകാരം നല്‍കിയത്.
ഈ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുമെന്ന് സഊദി അധികൃതര്‍ അറിയിച്ചു. റിക്രൂട്ടിംഗ് മേഖലയിലെ വിദേശ പരിചയം ഉപയോഗപ്പെടുത്താനും ആരോഗ്യകരമായ വിപണി മല്‍സരം പ്രോല്‍സാഹിപ്പിക്കാനുമാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഒരു വീട്ടുവേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിന് 20,000 സഊദി റിയാലാണ് ഈടാക്കുന്നത്. മന്ത്രാലയത്തിനാവട്ടെ 10,000 റിയാല്‍ നല്‍കുകയും വേണം. ഇതിനാല്‍ ഇടത്തരം കുടുംബങ്ങള്‍ക്ക് വീട്ടുവേലക്കാരെ ജോലിക്കെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അമിത ഫീസ് ഇടാക്കുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യമാണ് വിദേശ ഏജന്‍സികളെ അനുവദിച്ചതിലൂടെ അധികൃതര്‍ ലക്ഷ്യമാക്കുന്നത്.
റിക്രൂട്ടിംഗ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയസമ്പത്തും സ്വന്തമായി വെബ്‌സൈറ്റുമുള്ള സ്ഥാപനങ്ങള്‍ക്കാണ് നിക്ഷേപത്തിന് അനുമതി ലഭിക്കുകയെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
ഏജന്‍സി ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകളും ലളിതമാക്കിയതായി മന്ത്രാലയം അറിയിച്ചു. നേരത്തേ 53 മണിക്കൂറായിരുന്നു ലൈസന്‍സ് ലഭിക്കാനുള്ള ചുരുങ്ങിയ സമയം. എന്നാല്‍ അത് നാലു മണിക്കൂറാക്കി കുറച്ചു. നേരത്തേ എട്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ട സ്ഥാനത്ത് പുതിയ നിയമപ്രകാരം രണ്ടെണ്ണം മാത്രമേ ആവശ്യമുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.
ഗാര്‍ഹികത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി നിരവധി നടപടികള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. അവര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സാലറി കാര്‍ഡ് സംവിധാനം കഴിഞ്ഞ ഡിസംബറില്‍ നടപ്പിലാക്കിയിരുന്നു. റിക്രൂട്ടിംഗ് ഏജന്‍സികള്‍ തുടങ്ങാന്‍ വിദേശികള്‍ അനുവാദം നല്‍കിക്കൊണ്ടുള്ള തീരുമാനത്തെ പ്രവാസികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."