ഫാറൂഖ് കോളജില്‍ സമരം നടത്തുന്നവര്‍ എന്തുകൊണ്ട് കണ്ണൂര്‍ നിഫ്റ്റിലെ പ്രശ്‌നം കാണുന്നില്ലെന്ന് പി.എം സാദിഖലി
കോഴിക്കോട്: ലിംഗസമത്വ പ്രസംഗവുമായി ആരാന്റെ പറമ്പിലേക്ക് വലിഞ്ഞുകയറാന്‍ ആവേശം കാട്ടുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്പിലുള്ള ഈച്ചയെ ആട്ടാന്‍ എസ്.എഫ്.ഐ തയ്യാറുണ്ടോയെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.എം സാദിഖലി. ഫാറൂഖ് കോളജില്‍ ലിംഗസമത്വം വേണമെന്നു പറഞ്ഞ് സമരം ചെയ്യുന്നവര്‍ കണ്ണൂര്‍ നിഫ്റ്റില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാത്തതെന്തേയെന്നും അദ്ദേഹം ചോദിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എസ്.എഫ്.ഐയുടെ ഇരട്ടനിലപാടിനെ സാദിഖലി ചോദ്യംചെയ്യുന്നത്.
പി.എം സാദിഖലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഫാറൂഖ് കോളേജില്‍ ലിംഗസമത്വം ഉറപ്പുവരുത്താനായി മാറുതുറക്കല്‍ സമരം വരെ എത്തിനില്‍ക്കുന്ന കോലാഹലങ്ങള്‍ തുടരുമ്പോഴാണ് കണ്ണൂരിലെ ധര്‍മശാലക്കടുത്തുള്ള സി.പി.എം പാര്‍ട്ടി ഗ്രാമത്തിലെ നിഫ്റ്റ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി) വിദ്യാര്‍ഥിനികള്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അനുഭവിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഏഴു മണിക്കു ശേഷം പുറത്തിറങ്ങിയാല്‍ രാത്രിക്ക് വിലപറയുന്നവര്‍ പിന്നാലെ കൂടുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഫാഷന്‍ ടെക്‌നോളജി പഠിക്കാന്‍ വന്നവര്‍ക്ക് ഫാഷന്‍ വസ്ത്രം ധരിക്കാന്‍ പാടില്ലാത്ത, പെണ്‍കുട്ടികള്‍ക്കെതിരെ ശാരീരിക അതിക്രമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നിഫ്റ്റിലെ കുട്ടികള്‍ ഇപ്പോള്‍ സമരത്തിലാണ്.
പാര്‍ട്ടി ഗുണ്ടകളായ സദാചാര പോലീസുകാരെ ഭയന്നു കഴിയുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ പോലീസ് പോലും തയ്യാറാകുന്നില്ല എന്നതാണ് അവിടെനിന്ന് ലഭിക്കുന്ന വിവരം.
ഈ സ്ഥാപനത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്ന ലൈംഗിക രോഗികളെ നിലക്കു നിര്‍ത്താന്‍ കഴിയാത്ത എസ്.എഫ്.ഐക്കാരാണ് ഒരു മതപ്രസംഗത്തിന്റെ പേരു പറഞ്ഞ് ഫാറൂഖ് കോളേജിലേക്ക് മാര്‍ച്ച് നടത്തുന്നത് എന്ന വിരോധാഭാസം കേരള ജനത തിരിച്ചറിയണം. യൂണിയന്‍ പ്രവര്‍ത്തനം പാടില്ലെങ്കിലും എവിടെയും രക്ഷയില്ലാതായപ്പോഴാണ് 'ഞങ്ങള്‍ വില്‍പനയ്ക്കുള്ളതല്ല' എന്ന് ബോര്‍ഡെഴുതി ആ പെണ്‍കുട്ടികള്‍ സമരത്തിനിറങ്ങിയത്.
പതാകയില്‍ എഴുതിവെച്ച ജനാധിപത്യവും സോഷ്യലിസവുമൊക്കെ എസ്.എഫ്.ഐ സെലക്ട് ചെയ്യുന്ന കോളേജുകള്‍ക്കു വേണ്ടിയുള്ളതാണ്. അവരുടെ ആധിപത്യമുള്ള കാമ്പസുകളില്‍ ഇതു വെറും മുദ്രാവാക്യം മാത്രമാണ്.
ജനാധിപത്യവും സോഷ്യലിസവും ഫാറൂഖ് കോളേജിന് മാത്രമായി റിസര്‍വ് ചെയ്യാന്‍ സമരം ചെയ്യുന്നതിനു മുമ്പ് കണ്ണൂരിലേക്ക് പോകാന്‍ ചങ്കൂറ്റമുണ്ടോ എന്നാണ് ചോദ്യം.
പാര്‍ട്ടി ഗുണ്ടകളുടെ ഉപദ്രവത്തെക്കുറിച്ച് പരാതി പറയുന്ന പെണ്‍കുട്ടികളോട് ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് എന്ന് ഉപദേശിക്കുന്ന നിഫ്റ്റിലെ അധ്യാപകരെയും വാര്‍ഡന്മാരെയും കാണാന്‍ ചങ്കൂറ്റമുണ്ടോ എന്നാണ് ചോദ്യം.ജനാധിപത്യമോ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പോ ഇല്ലാതെ മാനേജ്‌മെന്റുകള്‍ അടിച്ചേല്‍പിക്കുന്ന നിയമങ്ങളുമായി വീര്‍പ്പുമുട്ടുന്ന കാമ്പസുകള്‍ നിരവധിയുള്ള ഇടങ്ങളിലൂടെ വെറുതെയെങ്കിലും ഒന്നു സഞ്ചരിക്കണം.
അവിടെയൊന്നും കാണിക്കാത്ത ആവേശം രാജാഗേറ്റിനു മുന്നില്‍ മാത്രം കാണിക്കുമ്പോള്‍ നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാതെ തരമില്ല.
ലിംഗസമത്വ പ്രസംഗവുമായി ആരാന്റെ പറമ്പിലേക്ക് വലിഞ്ഞുകയറാന്‍ ആവേശം കാട്ടുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്പിലുള്ള ഈച്ചയെ ആട്ടാന്‍ എസ്.എഫ്.ഐ തയ്യാറുണ്ടോ?
അതോ, ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും കേരളത്തില്‍ ഫാറൂഖ് കോളേജില്‍ മാത്രം നടപ്പായാല്‍ മതി എന്നാണോ പാര്‍ട്ടിയുടെ തിട്ടൂരം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."