ജുബൈലില്‍ സഊദി- ഇന്ത്യ സാംസ്‌കാരികോത്സവം അടുത്ത മാസം
ജിദ്ദ: സ്വാന്‍ സ്‌ക്വയര്‍ ഇവന്റ്‌സ് സഊദി ജനറല്‍ എന്റര്‍ടയിന്‍മെന്റ് അതോറിറ്റിയുമായി സഹകരിച്ച് കൊണ്ട് ജുബൈല്‍ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ സഊദി- ഇന്ത്യ സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 18 മുതല്‍ 21 വരെ നാല് ദിവസം നീണ്ട് നില്‍ക്കുന്ന കലാ- സാംസ്‌കാരിക പരിപാടികളില്‍ സഊദിയുടെയും ഇന്ത്യയിലെയും കലാകാരന്മാര്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കും.
ഇന്ത്യയില്‍നിന്നുള്ള പ്രശസ്ത ഗായകന്മാരും അറബ് ഗായകരും കലാകാരന്മാരും പങ്കെടുക്കുന്ന മേളയില്‍ കുട്ടികള്‍ക്കുള്ള വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും ഒരുക്കുന്നുണ്ട്. കൂടാതെ വിവിധ കരകൗശല, വിപണന, പ്രദര്‍ശന ആവശ്യങ്ങള്‍ക്കായി നൂറോളം സ്റ്റാളുകളും ഒരുക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് മജീദ് അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങള്‍ അതിഥികളായെത്തുന്ന പരിപാടി പ്രവേശന ടിക്കറ്റിലൂടെ നിയന്ത്രിക്കുമെന്നും അഷ്‌റഫ് അറിയിച്ചു. ഇന്ത്യ- സഊദി സാംസ്‌കാരികോത്സവത്തിന്റെ സുവനീര്‍ ജുബൈലില്‍ വച്ചു നടന്ന ചടങ്ങില്‍ സ്വാന്‍ സ്‌ക്വയര്‍ ഇവന്റ്‌സ് ജനറല്‍ ഡയറക്ടര്‍ അഹ്മദ് ഇബ്രാഹിം മുസ്തഫ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ മന്‍സൂര്‍ പള്ളൂരിന് നല്‍കി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."