എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്ലസ്ടു നിയമന തട്ടിപ്പ് വിവാദവും
കൊച്ചി: വിവാദമായ ഭൂമി തട്ടിപ്പ് കേസിനു പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്ലസ്ടു നിയമന തട്ടിപ്പ് വിവാദവും ഉയരുന്നു. അതിരൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ പേരിലാണ് കോടികളുടെ നിയമന തട്ടിപ്പുയര്‍ന്നിരിക്കുന്നത്. അയിരൂര്‍ ഇടവകക്കാരിയും മഞ്ഞളി ജോപോളിന്റെ ഭാര്യയുമായ അമ്പിളി ജോയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
അതിരൂപത കോര്‍പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള തിരുമുടിക്കുന്ന്, മുട്ടം, മേലൂര്‍, തൃക്കാക്കര, അയിരൂര്‍, പുത്തന്‍പള്ളി, എഴുപുന്ന എന്നീ ഏഴ് പ്ലസ് ടു സ്‌കൂളുകളിലെ നിയമനത്തിലാണ് ക്രമക്കേട് നടന്നിട്ടുള്ളതെന്ന് ഇവര്‍ ആരോപിക്കുന്നു. ഇവിടങ്ങളിലെ പ്ലസ്ടു സ്‌കൂളുകളിലേക്ക് നൂറോളം അധ്യാപകരെയാണ് നിയമിക്കേണ്ടിയിരുന്നത്. ഉദ്യോഗാര്‍ഥികളുടെ അക്കാദമിക മികവ് പരിഗണിക്കാതെ കോഴ നല്‍കി ഗസ്റ്റ് ലക്ചറര്‍മാരായി കയറിയവരെ സ്ഥിരനിയമനത്തിന് പരിഗണിച്ചുവെന്നാണ് ആരോപണം.
ഈ നിയമനങ്ങളില്‍ സെലക്ഷന്‍ ലിസ്റ്റ് തയാറാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ 2013 ജൂലൈ 18ന് നല്‍കിയിരുന്നു. പ്ലസ് ടു നിയമനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും കോടതി കേസുകളും ഉണ്ടായ സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശാനുസരണം ഡയറക്ടര്‍ നിയമന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയത്. ഇതനുസരിച്ച് ഉദ്യോഗാര്‍ഥിയുടെ അക്കാദമിക് മികവിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ വെയിറ്റേജ് നല്‍കേണ്ടിയിരുന്നു.
ഇങ്ങനെ തെരഞ്ഞെടുത്ത എല്ലാ ഉദ്യോഗാര്‍ഥികളെയും അഭിമുഖത്തിന് വിളിക്കേണ്ടതുമാണ്. മാനേജര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരടങ്ങുന്ന ബോര്‍ഡാണ് അഭിമുഖം നടത്തേണ്ടതെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം, ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ നടത്താന്‍ പാടില്ലായിരുന്നു. പരീക്ഷ നടത്താതെ എല്ലാവരെയും അഭിമുഖത്തിന് ക്ഷണിക്കണമായിരുന്നു. എന്നാല്‍ അമ്പിളി അടക്കമുള്ള മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും വിവരണാത്മക പരീക്ഷ നടത്തുകയായിരുന്നു കോര്‍പറേറ്റ് മാനേജര്‍ ചെയ്തത്. അതേസമയം, ടെസ്റ്റില്‍ പങ്കെടുത്തെങ്കിലും അമ്പിളിയെ അഭിമുഖത്തിന് ക്ഷണിച്ചുമില്ല. ഇതോടെ കംപ്യൂട്ടര്‍ സയന്‍സില്‍ എം.ടെക്ക്, എം.സി.എ. എന്നീ യോഗ്യതകള്‍ ഉള്ള അമ്പിളിക്ക് വെയ്‌റ്റേജും ലഭിച്ചില്ല.
നേരത്തേ 2013ല്‍ കംപ്യൂട്ടര്‍ സയന്‍സ് ഗസ്റ്റ് അധ്യാപികയുടെ ഒഴിവില്‍ അയിരൂര്‍ സ്‌കൂളില്‍ അഭിമുഖത്തിന് എത്തിയപ്പോള്‍ 15 ലക്ഷം രൂപയാണത്രേ അമ്പിളിയോട് കോര്‍പറേറ്റ് മാനേജര്‍ ആവശ്യപ്പെട്ടത്. അത് നല്‍കാന്‍ കഴിയില്ലെന്നറിയിച്ചതോടെ സ്ഥിരം നിയമനം വരുമ്പോള്‍ അപേക്ഷിക്കാനും നിര്‍ദേശം നല്‍കി. ഇതുപ്രകാരമാണ് ഇത്തവണ നിയമനത്തിനായി സമീപിച്ചതെന്നും അമ്പിളി പറഞ്ഞു. നേരത്തേതന്നെ കോഴകൊടുത്ത് ഗസ്റ്റ് അധ്യാപകരായി ജോലി ചെയ്യുന്നര്‍ക്ക് ഉയര്‍ന്ന റാങ്ക് നല്‍കി അതിരൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി തയാറാക്കിയ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതത്രേ.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മറികടന്ന് നടത്തിയ നിയമനങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അമ്പിളി ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ നിയമന തട്ടിപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലും വിജിലന്‍സ് കോടതിയിലും പരാതി നല്‍കുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്ന് 40 മുതല്‍ 50 ലക്ഷം വരെ വാങ്ങിയിട്ടുണ്ടെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."