സര്‍ക്കാര്‍ ഫുട്‌ബോളിനൊപ്പം; മത്സരം തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും
കൊച്ചി: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിനത്തെ ചൊല്ലിയുള്ള വിവാദം ശക്തമായതോടെ സര്‍ക്കാര്‍ ഫുട്‌ബോളിനൊപ്പം. ക്രിക്കറ്റ് തിരുവനന്തപുരത്തും ഫുട്‌ബോള്‍ കൊച്ചിയിലും നടക്കട്ടെയെന്ന നിലപാടാണ് സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ലോക നിലവാരമുള്ള ടര്‍ഫ് തകര്‍ത്തു ക്രിക്കറ്റിനായി മൈതാനം സജ്ജമാക്കാനുള്ള നീക്കത്തിനെതിരേ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാരും ഫുട്‌ബോളിനൊപ്പമുള്ള നിലപാടിലേക്ക് നീങ്ങുന്നത്. ഫുട്‌ബോള്‍ പ്രേമികളും താരങ്ങളും മുന്‍ താരങ്ങളും കായിക വിദഗ്ധരും ഉള്‍പ്പടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ബി.സി.സി.ഐ കേരളത്തിന് അനുവദിച്ച ഇന്ത്യ - വെസ്റ്റ്ഇന്‍ഡീസ് ഏകദിനം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.
തൊട്ടുപിന്നാലെ വേദി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി ലോബികള്‍ തമ്മില്‍ കേരള ക്രിക്കറ്റ് അസോസിയേഷനിലെ അപ്രമാധിത്വത്തിന് വേണ്ടിയുള്ള വടംവലിയാണ് തിരുവനന്തപുരത്ത് നിന്ന് മത്സരം കൊച്ചിയിലേക്ക് കൊണ്ടു വരാന്‍ നീക്കം നടന്നത്. പ്രതിഷേധം ശക്തമായതോടെ ഏകദിനം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തന്നെ മാറ്റാനുള്ള സാധ്യതയേറി. പ്രതിഷേധത്തിന്റെ രൂക്ഷത തിരിച്ചറിഞ്ഞ കായിക മന്ത്രി എ.സി മൊയ്തീനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉള്‍െപ്പടെ ഫുട്‌ബോളിന് അനുകൂലമായി രംഗത്തെത്തി.
ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുല്‍തകിടിയും അനുബന്ധ സൗകര്യങ്ങളും ഫിഫ നിലവാരത്തില്‍ നവീകരിച്ചത് 25 കോടി രൂപ മുടക്കിയായിരുന്നു. പുല്‍മൈതാനം ക്രിക്കറ്റിനായി പിച്ചുകള്‍ ഒരുക്കാനും ഔട്ട്ഫീല്‍ഡിനുമായി വെട്ടിപൊളിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ്. ഇതോടെയായിരുന്നു പ്രതിഷേധം ശക്തമായത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നിലവില്‍ എല്ലാവിധ ആധുനിക സംവിധാനങ്ങളും രാജ്യാന്തരനിലവാരത്തില്‍ കോടികള്‍ ചിലവിട്ടു നിര്‍മിച്ച പിച്ചുകളും ഉണ്ടെന്നിരിക്കേയാണ് കൊച്ചിയിലെ ഫുട്‌ബോള്‍ ടര്‍ഫ് തകര്‍ത്ത് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നീക്കം നടത്തുന്നത്. പിച്ചുകളുടെ നിര്‍മാണത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ബി.സി.സി.ഐയില്‍ നിന്നും ലഭിക്കുന്ന കോടികളില്‍ കണ്ണുംനട്ടുള്ള നീക്കമാണിത്.
കെ.സി.എയുടെ പിടിവാശിക്കെതിരേ പ്രതിഷേധം ശക്തമായതോടെ കൊച്ചിയിലെ ഫുട്‌ബോള്‍ ടര്‍ഫിന് കേടു വരുത്തുന്ന ഒരു നടപടികളും അനുവദിക്കില്ലെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍ നിലപാട് എടുത്തു. കെ.എഫ്.എയും കെ.സി.എയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ഭാരവാഹികളുമായി ടെലഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, ഏതു വിധേനയും ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിനം കൊച്ചിയില്‍ നടത്താനുള്ള പരിശ്രമത്തിലാണ് കെ.സി.എ. ഇതിനിടെ ഫുട്‌ബോളിന് തടസമുണ്ടാക്കുന്ന ഒരു തീരുമാനം ഉണ്ടാകരുതെന്ന സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ് വ്യക്തമാക്കി. ക്രിക്കറ്റിന് സ്‌റ്റേഡിയം വിട്ടുകൊടുത്താല്‍ മൈതാനത്തെ ബാധിക്കുമെന്ന വിമര്‍ശനം പ്രസക്തമാണ്, കൊച്ചിയില്‍ ക്രിക്കറ്റിനായി ഒരു സ്‌റ്റേഡിയം ആവശ്യമാണ്, കെ.സി.എ ഈ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പി രാജീവ് വ്യക്തമാക്കി. കൊച്ചി സ്റ്റേഡിയം ക്രിക്കറ്റിനായി വിട്ടുകൊടുക്കുന്നതിനെതിരേ ഫുട്‌ബോള്‍ താരങ്ങളായ ഇയാന്‍ ഹ്യൂം, സി.കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ ഉള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തി. ശശി തരൂര്‍ എം.പിയും കെ.സി.എ തീരുമാനത്തെ വിമര്‍ശിച്ചു.
കൊച്ചിയിലെ ഫുട്‌ബോള്‍ ടര്‍ഫ് നശിപ്പിക്കുന്നതിനെതിരേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തും രംഗത്തെത്തി. ക്രിക്കറ്റ് തിരുവനന്തപുരത്ത് നടത്തണം. കേരളത്തില്‍ ഫുട്‌ബോള്‍ വളരുന്ന സമയമാണെന്നും. ഭാവിയില്‍ കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉണ്ടാകട്ടേയെന്നും ശ്രീശാന്ത് പറഞ്ഞു. പ്രതിഷേധം ശക്തമാകുന്നതിനിടെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനങ്ങള്‍ അറിയിക്കാന്‍ ഇന്ന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ഫുട്‌ബോള്‍ മതി:
സചിന്‍ ടെണ്ടുല്‍ക്കര്‍
കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍. കലൂര്‍ സ്‌റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ടര്‍ഫ് നശിപ്പിക്കരുതെന്ന് വ്യക്തമാക്കിയ സചിന്‍ തിരുവനന്തപുരത്ത് ക്രിക്കറ്റ് നടത്തി കെ.സി.എ ഫുട്‌ബോളുമായി സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും ആരാധകരെ നിരാശരാക്കരുതെന്നും സചിന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി.
ടര്‍ഫ് നശിപ്പിച്ചുള്ള തീരുമാനം ഉണ്ടാവില്ല: ജി.സി.ഡി.എ
ക്രിക്കറ്റിന് അനുകൂലമായി എടുത്ത നിലപാടില്‍ നിന്നും കലൂര്‍ സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയും പിന്നോട്ടു പോയി. രാജ്യാന്തര നിലവാരത്തില്‍ ഒരുക്കിയ ഫുട്ബാള്‍ മൈതാനത്തിന് കേടുവരുത്തുന്ന തരത്തില്‍ യാതൊരു തീരുമാനവുമുണ്ടാകില്ലെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. ടര്‍ഫിന് കേടുപാടുണ്ടാകില്ലെന്നാണ് കെ.സി.എ അറിയിച്ചിരിക്കുന്നത്. ആശങ്കകളും സംശയങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യം ഒന്നുകൂടി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കുവെന്ന് സി.എന്‍ മോഹനന്‍ പറഞ്ഞു. ഐ.എസ്.എല്ലിലെ അടുത്ത സീസണിലെ മത്സരക്രമവും ഗ്രൗണ്ടും സംബന്ധിച്ച് അഭിപ്രായമറിയാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം മനേജ്‌മെന്റുമായി ഇന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
സ്വന്തം വീട് കുത്തിപ്പൊളിക്കുന്ന വേദന: ഐ.എം വിജയന്‍
ക്രിക്കറ്റ് പിച്ച് ഒരുക്കാന്‍ കലൂര്‍ സ്‌റ്റേഡിയത്തിലെ പുല്‍മൈതാനം തകര്‍ക്കാനുള്ള നീക്കം സ്വന്തം വീട് കുത്തിപ്പൊളിക്കുന്ന വേദനയാണ് ഉണ്ടാക്കുന്നതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. ഫിഫയുടെ അംഗീകാരമുള്ള സ്റ്റേഡിയം ക്രിക്കറ്റിനായി ഉപയോഗിക്കുന്നത് വളരെയധികം വേദനിപ്പിക്കുന്നതാണ്. സ്‌റ്റേഡിയത്തില്‍ പിച്ചുണ്ടാക്കുന്നത് ഫുട്‌ബോളിനെ സാരമായി ബാധിക്കും. ക്രിക്കറ്റ് പിച്ചുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും ഐ.എം വിജയന്‍ വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ കാരണം
മനസിലാവുന്നില്ല:
കെ.സി.എ സെക്രട്ടറി
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ കാരണം എന്തെന്ന് അറിയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ജയേഷ് ജോര്‍ജ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിവാദമായ തീരുമാനമൊന്നുമല്ല എടുത്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ലഭിച്ച മത്സരം തിരുവനന്തപുരത്താണ് നടത്തിയത്. ഇത്തവണ കൊച്ചിയില്‍ നടത്താമെന്ന് തീരുമാനിച്ചു.
10 കോടി മുടക്കി 30 വര്‍ഷത്തേക്ക് കലൂര്‍ സ്റ്റേഡിയം പാട്ടത്തിനെടുത്ത അസോസിയേഷന് ഏകദിന മത്സരം നടത്താനുള്ള അവകാശമുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിന് മുന്നോടിയായും കൊച്ചിയില്‍ ഏകദിന മത്സരം നടന്നിരുന്നു. അന്ന് ഐ.എസ്.എല്‍ സംഘാടകര്‍ ഉള്‍പ്പെടെ ആരും എതിര്‍ത്തിരുന്നില്ല.
കൊച്ചിയിലേത് ക്രിക്കറ്റ് സ്റ്റേഡിയമാണ്. അതാണ് ഐ.എസ്.എല്ലിനും അണ്ടര്‍ 17 ലോകകപ്പിനുമായി നവീകരിച്ചതെന്നും ഓര്‍ക്കണം. ക്രിക്കറ്റ് മത്സരം കഴിഞ്ഞാല്‍ ഗ്രൗണ്ട് ഫുട്ബാളിനായി സജ്ജമാക്കിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളുവെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.
ക്രിക്കറ്റ് നടത്താന്‍ കൂടിയാണ് ഗ്രൗണ്ട് ഒരുക്കിയത്: ഹാവിയര്‍ സെപ്പി
കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് വരുന്നതിനെ ഭയക്കേണ്ടെന്ന് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഓര്‍ഗനൈസര്‍ ഹാവിയര്‍ സെപ്പി. ട്വിറ്ററിലൂടെയാണ് സെപ്പി തന്റെ നിലപാട് അറിയിച്ചത്. ഫിഫ സ്‌റ്റേഡിയം ഏറ്റെടുക്കുമ്പോള്‍ തന്നെ ഇത് ഫുട്‌ബോളിന് മാത്രം ഉപയോഗിക്കുന്ന സ്റ്റേഡിയം ആകില്ല എന്ന് അറിയാമിയിരുന്നെന്നും അതുകൊണ്ട് എല്ലാ കായിക ഇനങ്ങള്‍ക്കും ഉപയോഗിക്കുന്ന രീതിയിലാണ് ഗ്രൗണ്ട് ഒരുക്കിയതെന്നും സെപ്പി പറഞ്ഞു. ക്രിക്കറ്റിന് വേണ്ടി പിച്ച് സ്ഥാപിക്കുന്നതും മത്സരം കഴിഞ്ഞ് ഗ്രൗണ്ട് ഫുട്‌ബോളിന് അനുകൂലമാക്കുന്നതും ബുദ്ധിമുട്ടാകില്ലെന്നും സെപ്പി പറഞ്ഞു.
സേവ് കൊച്ചി ടര്‍ഫ് കാംപയിന്‍
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഫുട്ബാള്‍ ഗ്രൗണ്ട് വിട്ടുനല്‍കാന്‍ ഇന്ത്യയിലെ ഫുട്ബാള്‍ ആരാധകര്‍ ഒരുക്കമല്ല. #SaveKochiTurf എന്ന ഹാഷ് ടാഗില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഫുട്‌ബോള്‍ ആരാധകര്‍ പ്രതിഷേധം ശക്തമാക്കി. വേണ്ടി വന്നാല്‍ തെരുവിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് കലൂര്‍ സ്റ്റേഡിയത്തിലെത്തിയ മഞ്ഞപ്പട സംഘാംഗങ്ങള്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."