വൃദ്ധയുടെ എട്ടേക്കര്‍ ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുത്തതായി പരാതി
പാലക്കാട്: ആള്‍മാറാട്ടം നടത്തിയും വ്യാജ ആധാരമുണ്ടാക്കിയും വയോധികയുടെ 8.88 ഏക്കര്‍ ഭൂമി തട്ടിയെടുത്തു. കൊല്ലങ്കോട് മുതലമട പഞ്ചായത്ത് മല്ലംകുളമ്പ് മാമ്പള്ളം വീട്ടില്‍ മീനാക്ഷിയമ്മയെയാണ് കുടുബത്തിലെ ചില ബന്ധുക്കളും ഒരു നോട്ടറി വക്കീലും ചേര്‍ന്ന് വഞ്ചിച്ചത്.
1999ല്‍ നടന്ന സംഭവത്തില്‍ വില്ലേജ് അധികൃതര്‍, സബ് രജിസ്ട്രാര്‍ എന്നിവര്‍ക്കുംപങ്കുണ്ടെന്നാണ് സംശയം. അഞ്ചുമാസം മുമ്പ് പൂനെയിലെ അന്താരാഷ്ട്ര അംഗീകാരമുള്ള ഫിങ്കര്‍ പ്രിന്റ് ലബോറട്ടറിയിലെ പരിശോധന ഫലം പുറത്തുവന്നതോടെയാണ് ആള്‍മാറാട്ടം നടത്തിയാണ് വ്യാജ ആധാരമുണ്ടാക്കിയതെന്ന് തെളിഞ്ഞിരുന്നത്.
മീനാക്ഷിയമ്മക്കും നാലു പെണ്‍മക്കള്‍ക്കും 1973ല്‍ കൊല്ലങ്കോട് ലാന്റ്ട്രിബ്യുണലില്‍ നിന്ന് പതിച്ചുകിട്ടിയ 14.53 ഏക്കറില്‍ 8.88 ഏക്കര്‍ ഭൂമിയാണ് നഷ്ടമായത്. 1993ല്‍ തന്നെ വായ്പയെടുക്കാനാണെന്ന് തെറ്റിധരിപ്പിച്ച് മീനാക്ഷിയമ്മയുടെ സഹോദരന്‍ ശിവരാമകൃഷ്ണന്‍ ഇവരില്‍ നിന്ന് ഒപ്പ് വാങ്ങിയിരുന്നുവെങ്കിലും ഭൂമി രജിസ്‌ട്രേഷനാണ് നടന്നതെന്നറിഞ്ഞപ്പോള്‍ നാലാം ദിവസം റദ്ദാക്കി.
അടുത്ത വര്‍ഷം തന്നെ മറ്റൊരു ബന്ധുവായ സുരേഷ് അഞ്ചുപേരുടെയും വ്യാജ ഒപ്പ് രേഖപ്പെടുത്തി സ്ഥലം രജിസ്റ്റര്‍ ചെയ്‌തെടുത്തതായി കൊല്ലങ്കോട് രജിസ്റ്റര്‍ ഓഫിസിലെ രേഖകള്‍ പറയുന്നത്. പാലക്കാട്ടുകാരനായ ഒരു നോട്ടറി വക്കീല്‍ വ്യാജ ആധാരം അറ്റസ്റ്റ് ചെയ്ത് നല്‍കി.
2000ത്തില്‍ ഭൂനികുതി അടക്കാന്‍ വില്ലേജ് ഓഫിസില്‍ ചെന്നപ്പോളാണ് ഭൂമി നഷ്ടപ്പെട്ട കാര്യം മീനാക്ഷിയമ്മ അറിഞ്ഞത്.
അറ്റസ്റ്റ് ചെയ്ത വ്യാജ ആധാരത്തിന്റെ ബലത്തില്‍ പിന്നീട് ഇതേ ഭൂമി രണ്ടുപേര്‍ക്ക് കൈമാറി. ഭൂമിയുടെ ഉടമസ്ഥരായവരൊക്കെ കുടുംബാംഗങ്ങളോ അവരുടെ ബന്ധുക്കളോ ആണ്. സ്ഥലത്തിന്റെ അളവ് ആധാരത്തില്‍ 8.88ല്‍ നിന്ന് 11.88 ഏക്കറായി വര്‍ധിപ്പച്ചതായും രേഖകളില്‍ കാണുന്നു.
ഇതേ ആധാരം പണയപ്പെടുത്തി ഫെഡറല്‍ ബാങ്കിന്റെ മുതലമട ശാഖയില്‍ നിന്ന് 20 ലക്ഷത്തിലധികം രൂപ വായ്‌പ്പെടുത്തുവെങ്കിലും വായ്പ്പമുഴുവന്‍ കുടിശ്ശികയായിരിക്കുകയാണ്.
കട ബാധ്യത തീര്‍ക്കാനായി പതിച്ചുകിട്ടിയതില്‍ കുറച്ച് ഭൂമി മീനാക്ഷിയമ്മ നേരത്തെ വിറ്റിരുന്നുവെങ്കിലും ഫലത്തില്‍ ഉള്ള ഭൂമിയും നഷ്ടപ്പെട്ട് പെണ്‍മക്കളുടെ വീട്ടിലാണിപ്പോള്‍ ഈ വയോധിക താമസിക്കുന്നത്. തട്ടിപ്പുനടത്തിയവരുടെ രാഷ്ട്രിയ ഉദ്യോഗസ്ഥ സ്വാധീനം വലുതായതിനാല്‍ ഭൂമി നഷ്ടപ്പെട്ടെന്നുറപ്പിച്ചിരിക്കുകയായിരുന്നു ഇവരിപ്പേള്‍ പേരക്കുട്ടിയായ ബവിന്‍ മുതിര്‍ന്നതോടെയാണ് രേഖകള്‍ സംഘടിപ്പിച്ച് മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. നോട്ടറി വക്കീലിനെതിരേ കൊല്ലങ്കോട് പൊലിസും കേസെടുത്തിട്ടുണ്ടെങ്കിലും.
സര്‍ക്കാറിന്‍ ലോസെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഇയാള്‍ക്കെതിരാണ്.
കഴിഞ്ഞ ദിവസം മാനാക്ഷിയമ്മയും മക്കളും തങ്ങളുടെ സ്ഥലത്ത് പ്രവേശിക്കാനോരുങ്ങിയപ്പോള്‍ മാങ്ങമോഷണക്കുറ്റം ആരോപിച്ച് എതിര്‍കക്ഷികളും പരാതി നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഭൂരഹിത കേരളം പദ്ധതിയുടെ പേരില്‍ കോടികള്‍ ചെലവഴിക്കുമ്പോഴും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഭൂമിയുടെ പേരിലുള്ള തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."