വരാനിരിക്കുന്നത് കടുത്ത ജലക്ഷാമം
മുക്കം: വീണ്ടുമൊരു ജല ദിനം കൂടി കടന്നു വരുമ്പോള്‍ 44 നദികള്‍ ഒഴുകുന്ന കേരളത്തെ കാത്തിരിക്കുന്നത് കടുത്ത ജലക്ഷാമം. ജല സംരക്ഷണത്തില്‍ കാണിക്കുന്ന കടുത്ത അലംഭാവവും സുസ്ഥിരമായ ജല സംരക്ഷണ പദ്ധതികള്‍ ഇല്ലാത്തതുമാണ് കേരളത്തിന് തിരിച്ചടിയാവുന്നത്. സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി മൂന്ന് മീറ്ററോളം ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നുണ്ടെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കടുത്ത വരള്‍ച്ചയും മഴ കുറഞ്ഞതും അമിതമായ ജല ചൂഷണവുമാണ് ഭൂഗര്‍ഭ ജലം കുറയുവാനുള്ള കാരണം.
കഴിഞ്ഞ വേനലില്‍ ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിന്റെ പകുതിമാത്രം മഴ ലഭിക്കുന്ന തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ വരള്‍ച്ചയെ ഫലപ്രദമായി നേരിടുമ്പോഴാണ് മലയാളികള്‍ ടാങ്കറുകള്‍ക്ക് മുന്‍പില്‍ വരി നില്‍ക്കുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗം ആളുകളും ഭൂഗര്‍ഭ ജലത്തെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ 65 % ഗ്രാമീണ കുടുംബങ്ങളും 59% നാഗര കുടുംബങ്ങളും വെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നതെന്ന് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഏകദേശം 45 ലക്ഷത്തോളം കിണറുകള്‍ ഉണ്ടെന്നാണ് കണക്ക്. അവയില്‍ പകുതിയും വേനല്‍കാലത്ത് വറ്റുന്നവയാണ്. കിണറുകള്‍ കഴിഞ്ഞാല്‍ സംസ്ഥാനം കുടിവെള്ളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പുഴകളെയാണ്.
എന്നാല്‍ ദിവസം കഴിയും തോറും കേരളത്തിലെ നദികള്‍ കൂടുതല്‍ മലിനമാകുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 1958 ല്‍ കേരള പൊതുമരാമത്ത് നടത്തിയ പഠനമനുസരിച്ച് രാജ്യത്തിന്റെ ആകെ ജലവിഹിതത്തിന്റെ അഞ്ചുശതമാനം കേരളത്തിലായിരുന്നു. പുഴകളില്‍ ലഭിക്കുന്ന സമൃദ്ധമായ ജലമായിരുന്നു ഇതിനു കാരണം. എന്നാല്‍ ഇപ്പോഴത് ഗണ്യമായി കുറഞ്ഞു. വ്യാപകമായ രീതിയിലുള്ള മലിനീകരണവും പുഴയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആവാസവ്യവസ്ഥയുടെ തകര്‍ച്ചയുമാണ് പുഴ നശീകരണത്തിന്റെ മുഖ്യകാരണങ്ങള്‍. പുഴകളിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് കിണറുകളിലെ വെള്ളം നിലനില്‍ക്കുന്നത്. ഭൂഗര്‍ഭജലത്തെ സംഭരിക്കുന്ന വയലുകളും തണ്ണീര്‍തടങ്ങളും വ്യാപകമായി നിരത്തിയതും ജലക്ഷാമത്തിന് കാരണമായി. നിലവിലുള്ള നദികള്‍ വ്യാവസായിക മാലിന്യങ്ങള്‍, ഖര- ഗാര്‍ഹിക മാലിന്യങ്ങള്‍, ജൈവ മാലിന്യങ്ങള്‍ എന്നിവകൊണ്ട് നിറയുകയാണ്. പരിമിതികളില്ലാത്ത നഗരവല്‍ക്കരണവും ജനസംഖ്യ വര്‍ദ്ധനവിനെ തുടര്‍ന്ന് ആളോഹരി ജലോപയോഗം കൂടിയതും കടുത്ത ജല സംരക്ഷണ നിയമങ്ങള്‍ ഇല്ലാത്തതും സംസ്ഥാനത്തെ ജലസമ്പത്തിനെ പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലസ്രോതസുകള്‍ മലിനമാക്കുന്ന വര്‍ക്ക് തടവും പിഴയും വ്യവസ്ഥചെയ്യുന്ന കേരള ജലസേചന, ജല സംരക്ഷണ നിയമം നിയമസഭ ഈയടുത്ത് പാസാക്കിയെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഇതുവരെ കര്‍ശനമാക്കിയിട്ടില്ല.
കേരളത്തില്‍ ലഭിക്കുന്ന മഴയെ ഭൂഗര്‍ഭജലമാക്കി മാറ്റാനുള്ള വഴികള്‍ മണല്‍ വാരല്‍, കാടിന്റെ ശോഷണം, വയല്‍ നികത്തല്‍, തണ്ണീര്‍തടങ്ങള്‍ നികത്തല്‍, ക്വാറികള്‍, തെറ്റായ ഭൂവിനിയോഗം, നഗരവല്‍ക്കരണം എന്നിവയിലൂടെ തടസപ്പെടുത്തിയിരുന്നു.
മഴക്കുഴികള്‍, കിണര്‍ റീചാര്‍ജിങ് അടക്കമുള്ള ജലസംരക്ഷണ മാര്‍ഗങ്ങള്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ടെങ്കിലും അത് ദീര്‍ഘാടിസ്ഥാനത്തില്‍ ഫലപ്രദമല്ലെന്ന് പ്രകൃതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത തടക്കം പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കുന്നതും പ്രകൃതി ചൂഷണത്തിന് ആക്കം കൂട്ടുന്നു.
നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുന്ന നദികളുടെ പുനരുജ്ജീവനവും സുസ്ഥിരമായ ജല മാനേജ്‌മെന്റ് രീതികളും ഇനിയും അവലംബിക്കാന്‍ തയ്യാറാവാത്തത് കേരളത്തെ കടുത്ത വരള്‍ച്ചയിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലസമ്പത്ത് കുറയുമ്പോള്‍ ടാങ്കറുകളില്‍ നിറയ്ക്കാന്‍ എവിടെ നിന്ന് ജലം കിട്ടും എന്ന ചോദ്യമാണ് ഈ ജലദിനം ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."