വിദ്യാഭ്യാസ വായ്പ, പലിശയിളവിന് പരിഗണിക്കും മുന്‍പേ സമ്മര്‍ദ്ദവുമായി റവന്യു അധികൃതര്‍
പാലാ: വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ പലിശയിളവിന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ ഭീഷണിയുമായി റവന്യൂ വകുപ്പ് അധികൃതര്‍.
വായ്പയെടുത്ത വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ റവന്യു ഉദ്യോഗസ്ഥരെത്തി വായ്പ ഉടന്‍ തിരിച്ചടക്കണമെന്നാവശയ്‌പ്പെട്ട് നിര്‍ബന്ധിക്കുകയാണന്ന് പരാതിയുയരുന്നു. വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കുവാന്‍ കഴിയാത്തവര്‍ക്ക് പലിശയിളവ് നല്‍കുന്നതിനായി അപേക്ഷ രണ്ടുമാസം മുമ്പാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിച്ചത്.
അപേക്ഷയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളും അനുകൂല ഇളവുകളും കാത്തിരിക്കുന്നവരോടാണ് റവന്യൂ റിക്കവറി ജീവനക്കാര്‍ നിയമ നടപടികളെടുക്കുമെന്ന് വീടുകളിലെത്തി അറിയിക്കുന്നത്. പിന്നാലെ ബാങ്ക് ജീവനക്കാരും വീടുകളിലെത്തും. പഠനം നടത്തിയിട്ടും ജോലി ലഭിക്കാത്തവരും കാര്‍ഷിക വിലയിടിവ് മൂലം പ്രതിസന്ധിയിലായവരുമാണ് തിരിച്ചടവ് മുടങ്ങിയവരില്‍ ഏറെയും.
വായ്പയെടുത്ത തുക 31-നകം അടയ്ക്കണമെന്നും അല്ലാത്ത പക്ഷം ജപ്തി നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഭീഷണി. വാക്കാല്‍ നല്‍കുന്നതല്ലാതെ ഉദ്യോഗസ്ഥര്‍ രേഖകള്‍ പ്രകാരമുള്ള നിര്‍ദേശം നല്‍കുവാന്‍ തയ്യാറാകുന്നില്ലന്നും ഗുണഭോക്താക്കള്‍ പറയുന്നു.
പലിശയിളവിന് അര്‍ഹതയില്ലാത്തവരെയും തിരിച്ചടവിന് ശേഷിയുള്ളവരെയുമാണ് നിര്‍ബന്ധിക്കുന്നത്. ഇത്തരമാളുകളെ തിരിച്ചറിഞ്ഞ് ബാങ്കുകള്‍ തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് വീടുകളിലെത്തുന്നതെന്ന് റവന്യൂ റിക്കവറി തഹസീല്‍ദാര്‍ അലക്‌സ് മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."