നെഹ്‌റു യുവ കേന്ദ്ര ട്രെയിന്‍ കാംപയിനും കൂട്ടയോട്ടവും സംഘടിപ്പിക്കും
കൊല്ലം: അന്തര്‍ദേശീയ ജലദിനമായ ഇന്ന് നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ട്രെയിന്‍ കാംപയിനും കൂട്ടയോട്ടവും സംഘടിപ്പിക്കുമെന്ന് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
സംസ്ഥാന ജല വിഭവ വകുപ്പ്, ജലനിധി, റെയില്‍വേ മന്ത്രാലയം, കേന്ദ്ര സര്‍വകലാശാല, കേരള സര്‍വകലാശാല, നാഷണല്‍ സര്‍വിസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്.
'ജലവും പ്രകൃതിയും' എന്ന ഈ വര്‍ഷത്തെ ലോക ജലദിന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് ഇന്ന് രാവിലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ യുവജനങ്ങള്‍ ട്രെയിന്‍ യാത്ര നടത്തി യാത്രക്കാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യും.
വ്യക്തിഗത ബോധവല്‍കരണ പരിപാടിയും ക്വിസ് മത്സരവും നടത്തും. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വോളന്റീര്‍മാര്‍ രാവിലെ പുറപ്പെടുന്ന ഏറനാട് എക്പ്രസില്‍ ഷൊര്‍ണൂര്‍ വരെയും കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ വോളന്റീര്‍മാര്‍ തിരുവനന്തപുരത്ത് നിന്നും ഷൊര്‍ണൂര്‍ വരെയും പ്രചാരണ പരിപാടി നടത്തും.
പുഴനാട് ഭാവന സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ ലോക ജലദിനാഘോഷങ്ങളുടെ ഭാഗമായി കാട്ടാക്കടയില്‍ കൂട്ടയോട്ടവും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."