ദയാവധം ക്രൂരമാണ്, പാപമാണ്
നിഷ്‌ക്രിയ ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കിയ സുപ്രീംകോടതി ഉത്തരവും മാര്‍ഗനിര്‍ദേശങ്ങളും രാജ്യം ചര്‍ച്ച ചെയ്യുകയാണിന്ന്. രണ്ടു രീതിയിലുള്ള ദയാവധമാണ് വൈദ്യശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പാക്കിയ രോഗികളെ മരുന്ന് കുത്തിവച്ച് മരിക്കാന്‍ അനുവദിക്കുന്നു. മറ്റൊന്ന് രോഗിയുടെ ജീവന്‍ അവസാനിപ്പിക്കുന്നതിന് ജീവന്‍ നിലനിര്‍ത്താനാവശ്യമായ ചികിത്സകളൊന്നും നല്‍കാതെ മരണത്തിലേക്കു തള്ളിവിടുന്നു.
ഇതു രണ്ടും ക്രൂരതയാണെന്നതില്‍ സംശയമില്ല. ഹോളണ്ടിലാണ് ദയാവധത്തിന് ആദ്യമായി നിയമസാധുത നല്‍കിയത്. കഴിഞ്ഞ ദിവസം സുപ്രിംകോടതി കര്‍ശന ഉപാധികളോടെ ദയാവധമാവാമെന്നു നിരീക്ഷിച്ചപോലെ തുടക്കത്തില്‍ ഹോളണ്ടിലും കര്‍ക്കശ വ്യവസ്ഥകളോടെയായിരുന്നു ദയാവധത്തിന് അനുമതി നല്‍കിയിരുന്നത്. അധികം താമസിയാതെ തന്നെ അത് സാര്‍വത്രികമാവുകയായിരുന്നു.
ലക്ഷത്തില്‍ ഇരുപതിനായിരത്തിലേറെ പേര്‍ ഇന്ന് ഇത്തരം രാഷ്ട്രങ്ങളില്‍ ഡോക്ടര്‍മാര്‍ വഴി മരണത്തിനു വിധേയരാകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലന്റ്, ബെല്‍ജിയം, നെതര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ ദയാവധം നിബന്ധനകളോടെ നിയമ വിധേയമാക്കിയിട്ടുണ്ട്. അനന്തരഫലം അവിടങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.
വിശുദ്ധ ഇസ്‌ലാം ദയാവധത്തിന്റെ രണ്ടു രീതികളെയും അതിനിശിതമായി വിമര്‍ശിക്കുകയാണ്. ദയാവധത്തിന് അനുവാദം നല്‍കാന്‍ രോഗിക്ക് അവകാശമില്ലെന്നതാണ് ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ നിലപാട്. അല്ലാഹു ആദരണീയമാക്കിയ ഒരു ജീവനെയും അന്യായമായി വധിക്കരുതെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. സ്വരക്ഷ, മതം, ധനം, അഭിമാനം എന്നിവയുടെ സംരക്ഷണം, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടം തുടങ്ങിയ സന്ദര്‍ഭങ്ങളിലല്ലാതെ മനുഷ്യവധം പാടില്ല.
ജീവന്റെ ഉടമസ്ഥന്‍ അല്ലാഹുവാണ്. അത് നശിപ്പിക്കാന്‍ അവനു മാത്രമാണ് അധികാരം. മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണെന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്. 'നിശ്ചയം നാം മനുഷ്യനെ ബഹുമാനിച്ചിരിക്കുന്നുവെന്നും' അല്ലാഹു പറയുന്നു. മനുഷ്യന്റെ ജീവനു വില കല്‍പ്പിക്കപ്പെടേണ്ടതാണെന്ന് ഉദ്‌ഘോഷിക്കുകയാണ് ഖുര്‍ആന്‍. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യനോടു മറ്റു മനുഷ്യരുടെ സമീപനം തികഞ്ഞ ആദരവിന്റെതാവണം. രോഗികളും ദുര്‍ബലരുമായവരോടു പിന്നെ പറയേണ്ടതില്ലല്ലോ.
ജീവന്‍ സൃഷ്ടികളുടെ കഴിവിനുമപ്പുറമുള്ള അനിര്‍വചനീയമായ പ്രതിഭാസമാണ്. ജീവനോടെ മനുഷ്യനെ കൊല്ലുന്നതിനെ ഏതു പേരുകളില്‍ വിളിച്ചാലും മനുഷ്യനോടു ചെയ്യുന്ന ക്രൂരതയാണത്. കൊലയാളിക്ക് അനന്തര സ്വത്തിനു പോലും അവകാശമില്ലെന്നാണ് പണ്ഡിതാഭിപ്രായം. ദയാവധം നിയമമാകാന്‍ പോവുന്നതായിരിക്കും സമീപ ഭാവിയില്‍ രാജ്യം നേരിടാന്‍ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി.
ബലവാന് ബലഹീനനെ ഇല്ലായ്മ ചെയ്യാനുള്ള ഈ കുറുക്കുവഴി വലിയതോതിലുള്ള അധാര്‍മിക പ്രവണതകളിലേക്കു തള്ളിവിടുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ വഴിക്കു നീങ്ങിയ ലോക രാജ്യങ്ങളുടെ അനുഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്.
ദയാവധം അനുവദിക്കപ്പെട്ട രാഷ്ട്രങ്ങളില്‍ വലിയൊരു വിഭാഗം ജനങ്ങളും കടുത്ത മാനസിക സംഘര്‍ഷത്തില്‍ കഴിയുകയാണെന്നും പഠനങ്ങള്‍ പറയുന്നു. വൃദ്ധരും രോഗികളുമായ മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലേക്കു പറഞ്ഞുവിടുന്ന സമൂഹത്തിനു കുറേകൂടി എളുപ്പവഴി ഒരുക്കലായിരിക്കും ഇതു നിയമപരമാവുന്നതിലൂടെ സാധ്യമാകാന്‍ പോവുന്നത്. മനുഷ്യനു ജീവിക്കാനുളള അവകാശം നിഷേധിക്കപ്പെട്ട കാലത്ത് അതു വകവച്ചു നല്‍കിയ മതമാണ് ഇസ്‌ലാം. രോഗികള്‍, ദുര്‍ബലര്‍, വൃദ്ധര്‍, അനാഥകള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവരോടെല്ലാം ഇസ്‌ലാം സ്വീകരിക്കുന്ന സമീപനം ദയാവായ്പിന്റേതാണ്. എന്നാല്‍, ആധുനികനെന്നു മേനിനടിക്കുന്ന മനുഷ്യന്‍ പാവം മനുഷ്യനോടു നിര്‍ദയം പെരുമാറുകയാണ് ചെയ്യുന്നത്.
രോഗം തരുന്നത് അല്ലാഹുവാണ്. രോഗങ്ങള്‍ക്കു പരമാവധി ചികിത്സ തേടാനും മതം കല്‍പ്പിക്കുന്നുണ്ട്. അല്ലാഹുവിന്റെ അടിമകളേ, നിങ്ങള്‍ ചികിത്സ തേടുക. മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു നിശ്ചയിച്ചിട്ടില്ല (തിര്‍മിദി). 'സൗഖ്യമില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. വിവരമുള്ളവര്‍ അതറിയുന്നു. വിവരമില്ലാത്തവര്‍ അറിയുന്നില്ല'(അഹ്മദ്). രോഗത്തിനു ചികിത്സിക്കാന്‍ കല്‍പ്പിക്കുന്നതോടൊപ്പം സഹനവും പ്രധാനമായി ഇസ്‌ലാം കണക്കാക്കുന്നു.
ജീവിതപ്രയാസത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വത്വത്തെ വധിക്കുന്നവന്‍ മരണശേഷം കൂടുതല്‍ വലിയ പ്രയാസത്തിലേക്കാണ് എത്തിപ്പെടുക എന്ന വീക്ഷണമാണ് ഇസ്‌ലാമിന്റേത്. അനിവാര്യഘട്ടത്തില്‍ പോലും അല്ലാഹുവെ ജീവിതമാണ് എനിക്ക് ഖൈറെങ്കില്‍ മുസ്‌ലിമായി എന്നെ നീ ജീവിപ്പിക്ക്. മരണമാണ് എനിക്ക് ഖൈറെങ്കില്‍ എന്നെ നീ മുഅ്മിനായി മരിപ്പിക്ക്, എന്ന് പ്രാര്‍ഥിക്കണമെന്നാണ് പ്രവാചകാധ്യാപനം.
ഇടയ്ക്കിടെ അപസ്മാരം ഉണ്ടാകാറുള്ള ഒരു സ്ത്രീ നബി(സ)യുടെ അടുക്കല്‍ വന്ന് രോഗശമനത്തിന് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: 'നീ ക്ഷമിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ നിനക്ക് സ്വര്‍ഗമുണ്ട്, നീ ആഗ്രഹിക്കുന്നുവെങ്കില്‍ രോഗം സുഖപ്പെടുത്താനായി അല്ലാഹുവോട് ഞാന്‍ പ്രാര്‍ഥിക്കാം.' സ്ത്രീ പറഞ്ഞു: 'എന്നാല്‍, ഞാന്‍ ക്ഷമിക്കാം, എന്റെ നഗ്‌നത വെളിവാകാറുണ്ട്. നഗ്‌നത വെളിവാകാതിരിക്കാന്‍ പ്രാര്‍ഥിക്കണം. അതിനായി നബി(സ) പ്രാര്‍ഥിച്ചു. (ബുഖാരി, മുസ്‌ലിം) രോഗമുക്തിക്കായി കൃത്യമായ ചികിത്സ തേടാന്‍ കല്‍പ്പിക്കുകയും അതോടൊപ്പം സഹനത്തിന്റെ പാഠം ഉള്‍കൊണ്ടു സ്രഷ്ടാവിന്റെ പ്രീതി നേടാന്‍ പ്രേരിപ്പിക്കുകയുമാണ് ഇസ്‌ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."