ചട്ടഞ്ചാലില്‍ വാഹനങ്ങള്‍ കൂട്ടിയിട്ടതിനെതിരേ പ്രതിഷേധം
ഉദുമ: ചട്ടഞ്ചാല്‍ ടൗണിലെ റവന്യൂ ഭൂമിയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി പൊലിസ് കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ കൂട്ടിയിട്ടതിനെതിരെ ചട്ടഞ്ചാലില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
വിദ്യാനഗര്‍, ബേക്കല്‍ പൊലിസ് സ്റ്റേഷനുകളിലെ നൂറുകണക്കിന് വാഹനങ്ങളാണ് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്ന രൂപത്തില്‍ ചട്ടഞ്ചാലില്‍ സൂക്ഷിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ കാട് മൂടിക്കിടക്കുന്ന ഈ പ്രദേശം സാമൂഹ്യദ്രോഹികളുടെ വിളനിലമായി മാറിയിരുന്നു.
അതോടൊപ്പം പലപ്പോഴായി വാഹനങ്ങള്‍ക്ക് പടര്‍ന്ന് പിടിച്ച തീ നാട്ടുകാരുടെ ജീവന് തന്നെ ഭീഷണിയായി തീരുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. അധികൃതര്‍ നാട്ടുകാരുടെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
പ്രതിഷേധ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എടജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ പാദൂര്‍ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ടി.വി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ തെക്കില്‍, പഞ്ചായത്ത് മെമ്പര്‍ രാജു കലാഭവന്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ബി അഹ്മദലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."