സംസ്ഥാനത്തെ ആദ്യത്തെ സി.എന്‍.ജി ഇന്ധന സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു
കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ സി.എന്‍.ജി ഇന്ധന സ്റ്റേഷന്റെ ഉദ്ഘാടനം കളമശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫില്ലിങ് സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
നാടിനും പരിസ്ഥിതിക്കും കോട്ടംവരാതെ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഭാവിതലമുറയ്ക്ക് ഉറപ്പുവരുത്തുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ വികസന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുരോഗതി ലക്ഷ്യമാക്കി കൊണ്ടുവരുന്ന പദ്ധതികളെ എതിര്‍ക്കുന്നവര്‍ നാട്ടില്‍ ഒരുതരത്തിലും മാറ്റമുണ്ടാകരുതെന്ന് ചിന്തിക്കുന്ന വികസനവിരോധികളാണ്.
ഈ നാട് നമുക്കൊപ്പം അവസാനിക്കേണ്ടതല്ലെന്നും ഭാവിതലമുറയ്ക്ക് കൂടുതല്‍ വികസനം ഉറപ്പുവരുത്തി കൈമാറേണ്ടതാണെന്നുമുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.എന്‍.ജി. ഉപയോഗിച്ച് സര്‍വിസ് നടത്തുന്ന ആദ്യ കെ.എസ്.ആര്‍.ടി.സി ബസിന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബസ് കളമശ്ശേരിയില്‍ നിന്ന് വൈറ്റിലയിലേക്ക് സര്‍വിസ് നടത്തി. ഇന്ന് മുതല്‍ രാവിലെ 6.30ന് ആരംഭിച്ച് വൈകിട്ട് അഞ്ചര വരെ ബസ് സര്‍വിസ് നടത്തും. ഇന്ത്യന്‍ ഓയിലിന്റെ ഹരിത സംരംഭമായ വിപിനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ചടങ്ങുകളില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം ചെടികള്‍ സമ്മാനിക്കുന്ന പരിപാടിയാണ് വിപിനം. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി തോമസ് എം.പി, ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉദയകുമാര്‍, എസ്.കെ. ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."