പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും
തിരുവനന്തപുരം: വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. കേസെടുക്കാനായി ഈ വാഹനങ്ങളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്. ഇവ നിരത്തിലോടുന്നുണ്ടോ എന്നറിയാന്‍ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കും. സംസ്ഥാനത്ത് നിയമാനുസൃത നികുതി ഒടുക്കി, രജിസ്‌ട്രേഷന്‍ ഇവിടേക്ക് മാറ്റി തുടര്‍നടപടികളില്‍ നിന്ന് ഒഴിവാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിശ്ചിത സമയം അനുവദിച്ചിരുന്നു. എന്നാല്‍ വാഹന ഉടമകള്‍ അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ തീരുമാനിച്ചത്.
പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള ഏതാണ്ട് 1,200 ആഡംബര വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. നേരത്തെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ബഡ്ജറ്റില്‍ ധനമന്ത്രി തോമസ് ഐസക് ഒറ്റത്തവണ നികുതി അടക്കാന്‍ പൊതു മാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ഭൂരിഭാഗവും നോട്ടിസിനോട് പ്രതികരിച്ചില്ല. മുന്നൂറ് വാഹനങ്ങള്‍ മാത്രമാണ് നിര്‍ദേശം പാലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."