അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ കാണാം തീപ്പാറും പോരാട്ടങ്ങള്‍
ബെര്‍ലിന്‍: റഷ്യന്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി വമ്പന്‍മാര്‍ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി ഇറങ്ങുന്നു.
ക്ലബ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇടവേള നല്‍കി താരങ്ങളെല്ലാം ദേശീയ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനത്തിലാണ്. ജര്‍മനി, സ്‌പെയിന്‍, അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, കൊളംബിയ തുടങ്ങിയ അതികയാരെല്ലാം ഇന്നും നാളെയുമായി കളത്തിലിറങ്ങുന്നു.
ലോക മാമാങ്കത്തിന് മുന്നോടിയായി തങ്ങളുടെ ടീമിന്റെ ശക്തി- ദൗര്‍ബല്യങ്ങള്‍ പരീക്ഷിക്കാനുള്ള വേദിയായാണ് താരങ്ങളും പരിശീലകരും മത്സരങ്ങളെ കാണുന്നത്.
നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി- സ്‌പെയിനുമായും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടാനാകാതെ പോയ ഇറ്റലിയുമായും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യ- ബ്രസീലുമായും ഏറ്റുമുട്ടുന്നതാണ് ആദ്യ ഘട്ടത്തിലെ ശ്രദ്ധേയ മത്സരങ്ങള്‍. ഇംഗ്ലണ്ട്- ഹോളണ്ട്, ഫ്രാന്‍സ്- കൊളംബിയ, പോര്‍ച്ചുഗല്‍- ഈജിപ്ത് മത്സരങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങള്‍ തന്നെ.
സൗഹൃദ മത്സരങ്ങളുടെ രണ്ടാം ഘട്ടത്തില്‍ ജര്‍മനി- ബ്രസീല്‍, സ്‌പെയിന്‍- അര്‍ജന്റീന, ഇംഗ്ലണ്ട്- ഇറ്റലി, റഷ്യ- ഫ്രാന്‍സ്, പോര്‍ച്ചുഗല്‍- ഹോളണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്ന തീപ്പാറും പോരാട്ടങ്ങളാണ് ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്.
പരുക്കേറ്റ് വിശ്രമിക്കുന്ന നെയ്മറിന്റെ അഭാവത്തിലാണ് ബ്രസീല്‍ മത്സരിക്കാനിറങ്ങുന്നത്. സ്‌പെയിനില്‍ നിന്ന് അര്‍ജന്റീന ടീമിന്റെ പരിശീലന ക്യാംപിലെത്തി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. സീസണ്‍ തുടക്കത്തില്‍ മികവില്ലാതെ ഉഴറി രണ്ടാം ഘട്ടത്തില്‍ ഗോളുകളടിച്ചുകൂട്ടി കുതിക്കുന്ന റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് ഏതാണ്ടുറപ്പിച്ച് മുന്നേറുന്ന മുഹമ്മദ് സലാഹും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നതാണ് പോര്‍ച്ചുഗല്‍- ഈജിപ്ത് പോരാട്ടത്തിന്റെ ഹൈലൈറ്റ്. സ്‌പെയിനിനെ സ്വന്തം തട്ടകത്തിലാണ് ലോക ചാംപ്യന്‍മാരായ ജര്‍മനി നേരിടാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."