കുടിവെള്ള വിതരണം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിന് അനുമതി
മുക്കം: സംസ്ഥാനത്ത് വേനല്‍ കടുത്തതിനെ തുടര്‍ന്ന് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിന് അനുമതി. ഈ മാസം ഒന്നാം തിയതി മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുമായി നടത്തിയ യോഗ തീരുമാനപ്രകാരമാണ് സംസ്ഥാന തദ്ദേശ സ്വയം ഭരണവകുപ്പ് ഉത്തരവിറക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് പ്ലാന്‍ ഫണ്ടില്‍നിന്ന് ഈ മാസാവസാനം വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.50 ലക്ഷവും നഗരസഭകള്‍ക്ക് 11 ലക്ഷവും കോര്‍പ്പറേഷനുകള്‍ക്ക് 16.50 ലക്ഷവും പരമാവധി ചെലവഴിക്കാം. ഏപ്രില്‍ ഒന്നുമുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷവും നഗരസഭകള്‍ക്ക് 16.50 ലക്ഷവും കോര്‍പ്പറേഷനുകള്‍ക്ക് 22.50 ലക്ഷം രൂപയും പരമാവധി കുടിവെള്ള വിതരണത്തിനായി ചിലവഴിക്കാനും അനുമതിയുണ്ട്.
സുതാര്യതക്കായി കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ടാങ്കറുകളില്‍ ജി.പി.എസ് ഘടിപ്പിക്കണമെന്നും ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് കുടിവെള്ള വിതരണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ റവന്യൂ വകുപ്പ് സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കുകള്‍ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളിലും കുടിവെള്ള വിതരണം നടത്താം. കുടിവെള്ള ക്ഷാമം കാരണം തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ശുദ്ധജലവിതരണം നടത്തേണ്ടി വരുന്ന പ്രദേശങ്ങളില്‍ സ്ഥിരം ജല ലഭ്യതയ്ക്കായി വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ജി.പി.എസ് ട്രാക്കിങ്ങിനുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാ മേധാവിമാര്‍ നിര്‍വഹിക്കണം. പരാതികളില്ലാതെ കുടിവെള്ള വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി തദ്ദേശ വകുപ്പിന്റെ ജില്ലാതല മേധാവിമാര്‍ ഓരോ രണ്ടാഴ്ചയിലും ജില്ലാകലക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."