ചെങ്ങോടുമല ഖനനം: അസി: ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിച്ചു
പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനത്തിന് അനുമതി നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അസി: ജിയോളജിസ്റ്റ് രശ്മി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. വ്യാഴാഴ്ച്ച രാവിലെ ഗ്രാമ പഞ്ചായത്തോഫീസിലെത്തിയ അവര്‍ ഗ്രാമപഞ്ചായത്ത് അംഗം ടി. കെ രഗിന്‍ ലാലിനൊപ്പം ചെങ്ങോടു മല സന്ദര്‍ശിച്ചു. ചെങ്ങോടുമല, തണ്ടപ്പുറം നിവാസികള്‍ക്കുള്ള ജലനിധി പദ്ധതിയുടെ എരഞ്ഞോളി താഴെയുള്ള കിണറും സംഘം സന്ദര്‍ശിച്ചു. ചെങ്ങോടുമല, താഴ്‌വാരത്തെ ജലത്തിന്റെ ഉറവിടമാണെന്നും വനനിബിഡമായ മലനശിച്ചാല്‍ പ്രദേശം മരുഭൂമിയാവുമെന്നും നാട്ടുകാര്‍ ജിയോളജിസ്റ്റിനെ ബോധിപ്പിച്ചു. ഒന്നര മീറ്റര്‍ മേല്‍ മണ്ണ് നീക്കം ചെയ്ത് ഖനനം നടത്തിയാല്‍ വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാവുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിയുടെ നിര്‍ദേശപ്രകാരം ജിയോളജിസ്റ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥനും സമിതിയിലെ ഒരു പരിസ്ഥിതി പ്രവര്‍ത്തകനും സ്ഥലം സന്ദര്‍ശിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്റെ വിയോജിപ്പോടെയുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഖനാനുമതി നല്‍കിയത്. എന്നാല്‍ സബ് കലക്ടറുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടുപോലും വിദഗ്ധ പഠനം നടത്താതെ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഇതു സംബന്ധിച്ച് എ. ഡി. എമ്മിനോടും ജിയോളജിസ്റ്റിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. കലക്ടര്‍ക്ക് വീണ്ടും റിപ്പോര്‍ട്ട് കൊടുക്കാനാണ് അസി; ജിയോളജിസ്റ്റ് എത്തിയത്. മുന്‍ ഗ്രാമ പഞ്ചായത്തംഗം എ. ദിവാകരന്‍ നായര്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ കൊളക്കണ്ടി ബിജു, പി. സി. ദിലീഷ് എന്നിവര്‍ ഖനത്തെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."