കോട്ടക്കല്‍ രാജാസ് സ്കൂളിന് ഐ.എസ്.ഒ അംഗീകാരം
മലപ്പുറം: ഐ.എസ്.ഒ അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയം എന്ന നേട്ടം കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതികസാഹചര്യങ്ങളും മികച്ച ഓഫിസ് മാനേജ്മെന്റുമാണ് ഐ.എസ്.ഒ അംഗീകാരത്തിന് അര്‍ഹമാക്കിയതെന്നു സ്കൂള്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്കൂളിനുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം നാളെ ഉച്ചയ്ക്ക് 12.30നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാകും.
ഈസി കുക്ക് കമ്പനിയുടെ സാമൂഹിക സംരഭങ്ങളുടെ ഭാഗമായി സര്‍വേയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക വിദ്യാലയമാണ് രാജാസ് സ്കൂള്‍.
50 ഹൈടെക് ക്ലാസ് മുറികള്‍, ഹരിത വിദ്യാലയം, ഓഡിറ്റോറിയം, ഒ.വി വിജയന് സ്മൃതിവനം, ഔഷധോദ്യാനം, റോബോട്ടിക് ലാബ്, ഉയര്‍ന്ന വിജയ ശതമാനം, സ്കൂള്‍ ലൈബ്രറിക്കു പുറമേയുള്ള ക്ലാസ് ലൈബ്രറികള്‍ തുടങ്ങിയ ബൗദ്ധിക അക്കാദമിക രംഗത്തു മികച്ച നേട്ടമാണ് സ്കൂള്‍ നേടിയിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ കെ. മുജീബ്റഹ്മാന്‍, കെ. വിഷ്ണുരാജ്, രാമചന്ദ്രന് മഠത്തില്‍, പി. മന്‍സൂര്‍ അലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."