കീഴാറ്റൂരിലൂടെയുള്ള ബൈപാസ് നിര്‍മാണം ഒഴിവാക്കണം: ബി.ജെ.പി പരിസ്ഥിതി സെല്‍
തളിപ്പറമ്പ്: കീഴാറ്റൂര്‍ പാടശേഖരത്തിലൂടെയുള്ള ബൈപാസ് നിര്‍മാണം പൂര്‍ണമായും ഒഴിവാക്കണമെന്ന് ബി.ജെ.പി പരിസ്ഥിതി സെല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കും. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ വയല്‍പ്രദേശം സന്ദര്‍ശിച്ചത്. നിലവിലുള്ള ദേശീയപാതയ്ക്ക് മുകളിലൂടെ ചിറവക്ക് മുതല്‍ പൂക്കോത്ത്‌നട വരെ എലവേറ്റഡ് ഹൈവേ നിര്‍മിക്കണം. റോഡ് വികസനത്തിനായി നെല്‍പ്പാടം മണ്ണിട്ട് ഉയര്‍ത്തുമ്പോള്‍ ജലസംഭരണികളായി പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ കുന്നുകള്‍ നികത്തപ്പെടും. ഇത് കടുത്ത വരള്‍ച്ചക്ക് കാരണമാവും. 200ലേറെ കര്‍ഷകര്‍ ഉപയോഗിക്കുന്ന ഈ ഭൂമിയുടെ അവകാശികളായ 22 കുടുംബങ്ങള്‍ ഇനിയും തങ്ങളുടെ ഭൂമി വിട്ടുനല്‍കിയുള്ള സമ്മതപത്രം നല്‍കിയിട്ടില്ലെന്നും സംഘാംഗങ്ങളായ ഡോ. സി.എം ജോയിയും ഡോ. ഇന്ദുചൂഡനും അറിയിച്ചു. എ.പി ഗംഗാധരന്‍, രവീന്ദ്രന്‍ കടമ്പേരി, കെ.കെ വിശ്വനാഥന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."