പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് തുടര്‍ച്ചയായ 15ാം ദിവസവും സ്തംഭിച്ചു
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിച്ചു. തുടര്‍ച്ചയായ 15ാം ദിവസമാണ് പാര്‍ലമെന്റ് സ്തംഭിക്കുന്നത്. വിവിധി ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കിയതോടെയാണ് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞത്.
ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാരും കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തില്‍ ഇറങ്ങി ഇന്നും ലോക്‌സഭയില്‍ ബഹളം വച്ചു. കൂടാതെ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ പീഡനം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന സുപ്രിം കോടതി വിധിക്കെതിരേ സര്‍ക്കാര്‍ പുനപരിശോധന ഹരജി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും രംഗത്തെത്തി. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ ലോക്‌സഭ 12 മണി വരെ നിര്‍ത്തിവച്ചു. പിന്നീട് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ പിരിയുന്നതായി അറിയിച്ചു.
ടി.ഡി.പി-വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതോടെയാണ് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."