വേനല്‍ച്ചൂട്: മൂത്രക്കടച്ചില്‍ സൂക്ഷിക്കുക
വേനല്‍ കടുക്കുന്നതോടെ വര്‍ധിച്ച് വരുന്ന ഒരു മൂത്രാശയ രോഗമാണ് മൂത്രക്കടച്ചില്‍ അഥവാ യൂറിനറി ട്രാക്റ്റ് ഇന്‍ഫക്ഷന്‍. മൂത്രച്ചൂട്, മൂത്രപ്പഴുപ്പ് എന്നീ പേരുകളിലും ഈ അസുഖം അറിയപ്പെടാറുണ്ട്.
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മൂത്രനാളിയ്ക്ക് നീളം കുറവായതിനാല്‍ സാധാരണയായി സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരാറുള്ളത്.
കാരണങ്ങള്‍
ദഹനവ്യൂഹത്തില്‍ കാണപ്പെടുന്ന ഇ കൊളി ബാക്ടീരിയകള്‍ മലദ്വാരത്തില്‍ നിന്ന് മൂത്രനാളിയിലേക്ക് പ്രവേശിക്കുന്നതാണ് ഈ അസുഖം വരാന്‍ പ്രധാനകാരണം. ശുചിത്വമില്ലായ്മ, പ്രമേഹം, മൂത്രമൊഴിക്കാതെ പിടിച്ചുനിര്‍ത്തുന്നത്, മൂത്രമൊഴിച്ചതിനു ശേഷവും മൂത്രസഞ്ചി കാലിയാകാതിരിക്കുക, മൂത്രത്തിന്റെ ഒഴുക്ക് തടസപ്പെടുക, കിഡ്‌നിസ്റ്റോണ്‍ തുടങ്ങിയവയെല്ലാം ഈ അസുഖത്തിന് കാരണങ്ങളാകാറുണ്ട്.
ലക്ഷണങ്ങള്‍
ഇടയ്ക്കിടെയുണ്ടാകുന്ന മൂത്രശങ്ക, അടിവയറ്റിലെ വേദന, മൂത്രമൊഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന പുകച്ചിലും നീറ്റലും, നടുവേദന, മൂത്രത്തിനുണ്ടാകുന്ന ദുര്‍ഗന്ധവും നിറവ്യത്യാസവും, മൂത്രം നിയന്ത്രിക്കാനാവാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കാണാറുള്ളത്. കൂടാതെ, പനി, ഛര്‍ദി എന്നിവയും ലക്ഷണങ്ങളായി കണ്ടുവരുന്നു.
രോഗ നിര്‍ണയം
ചുരുങ്ങിയ ചെലവില്‍ സാധാരണ ലാബുകളില്‍ നടത്താവുന്ന മൂത്ര പരിശോധനയിലൂടെ ഈ രോഗം കണ്ടെത്താനാവും.
മുന്‍കരുതലുകള്‍
രോഗം വരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് ഉചിതമായിരിക്കും.
1. ധാരാളം ശുദ്ധജലം കുടിക്കുക.
2. വ്യക്തിഗത ശുചിത്വം പാലിക്കുക.
3. മൂത്രം പിടിച്ചുവയ്ക്കാതിരിക്കുക.
4. പ്രകൃതി പാനീയങ്ങളായ ഇളനീര്‍, മോരുംവെള്ളം, നന്നാറി, പഴങ്ങള്‍ എന്നിവ ഉപയോഗിക്കുക.
ഹോമിയോ ചികിത്സ
മൂത്രക്കടച്ചിലിന് ഹോമിയോപ്പതി വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. കാരണം എന്താണെന്നു കണ്ടെത്തി ഫലപ്രദമായി ചികിത്സ നടത്തുന്നതിലൂടെ പാര്‍ശ്വഫലങ്ങളില്ലാതെ രോഗശമനം ഉറപ്പുവരുത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."