റബര്‍ വിലയിടിവിന് കാരണം കേന്ദ്രനയം: മന്ത്രി സുനില്‍ കുമാര്‍
പാലാ: കേന്ദ്രനയമാണ് റബര്‍ വിലയിടിവിന് കാരണമെന്ന് മന്ത്രി അഡ്വ.വി.എസ് സുനില്‍ കുമാര്‍. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കും ആത്മ പദ്ധതിയിലെ മികച്ച കര്‍ഷകര്‍ക്കുമുള്ള അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ റബര്‍ കര്‍ഷകരുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.
കേന്ദ്രനയമാണ് റബര്‍ വിലയിടിവിന് കാരണം. കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന പ്രൊഡക്ഷന്‍ ഇന്‍സെന്റിവ് 200 രൂപയാക്കണം. എന്നാല്‍ മാത്രമേ എല്ലാ കര്‍ഷകര്‍ക്കും അതിന്റെ ഗുണം ലഭിക്കൂ. സ്വാഭാവിക റബറിനെ കാര്‍ഷിക ഉല്‍പന്നമാക്കി മാറ്റിയെടുക്കണം. റബറിനെ കാര്‍ഷിക വിളയായി പരിഗണിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രത്തോട് ഉന്നയിക്കും. ഇപ്പോള്‍ വാണിജ്യവകുപ്പിന് കീഴിലുളള റബറിനെ കൃഷി വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. വിദേശത്തുനിന്നു ചിരട്ട പാല്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര നീക്കത്തില്‍ സംസ്ഥാനത്തിന്റെ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
റബര്‍ വിലത്തകര്‍ച്ച കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. അതിനാല്‍ കേന്ദ്രം ഇക്കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യും. റബര്‍ കര്‍ഷകരുടെ ആശങ്കകളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഏപ്രിലില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. കെ. എം മാണി എം.എല്‍.എ അധ്യക്ഷനായി. ജോസ് കെ.മാണി എം.പി, അഡ്വ.ജോയി എബ്രഹാം എം.പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."