വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരേ ചെറുത്തുനില്‍ക്കണം: മന്ത്രി എം.എം മണി
തൊടുപുഴ: ദീര്‍ഘകാലത്തെ പോരാട്ടങ്ങളുടെ ഫലമായി രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടന വെല്ലുവിളി നേരിടുകയാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഗന്ഥശാലാ സംഘം തൊടുപുഴയില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ദേശീയതയെന്നത് ഹിന്ദു ദേശീയതയാണെന്നാണ് വര്‍ഗീയവാദികള്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദു പുരാണങ്ങളില്‍ എഴുതിവച്ചിട്ടുള്ളതെല്ലാം യാഥാര്‍ഥ്യമാണെന്നാണ് അവര്‍ പറയുന്നത്. പ്രധാനമന്ത്രിതന്നെ ശാസ്ത്രജ്ഞന്മാരുടെ യോഗത്തിലടക്കം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ്പുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ ടൗണ്‍ഹാളില്‍ ചേര്‍ന്ന സെമിനാറില്‍ അഡ്വ. കെ. അനില്‍കുമാര്‍ 'ബഹുസ്വരത നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.എം ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എന്‍.എം കുര്യന്‍, ജോസ് കോനാട്ട്, മത്തച്ചന്‍ പുരയ്ക്കല്‍, ടി.ആര്‍ സോമന്‍, ടി.എസ് ബേബി, വിനു സ്‌കറിയ, ഷീല മാത്യു, ജേക്കബ് ജോണ്‍, പി.എന്‍ ചെല്ലപ്പന്‍ നായര്‍, ബെന്നി മാത്യു, രാജേഷ് ജോസഫ്, പി.എന്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ഗ്രന്ഥശാലാ സംഘം കുമളിയില്‍ സംഘടിപ്പിക്കുന്ന 'എഴുത്തുകൂട്ടം' ശില്‍പശാലയുടെ ലോഗോയുടെ പ്രകാശന കര്‍മം മന്ത്രി നിര്‍വഹിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. തിലകന്‍ അധ്യക്ഷനായി. സെക്രട്ടറി ഇ.ജി സത്യന്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ പി.കെ സുകുമാരന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."