ഇടതുപക്ഷം ജനപക്ഷമാകണം
ചരിത്രത്തിലുടനീളം മാനവികതയുടെ അതിജീവന പോരാട്ടവഴികളില്‍, ലോങ് മാര്‍ച്ചുകള്‍ ഇതിഹാസങ്ങളായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. മഹാത്മജിയുടെ ദണ്ഡിയാത്ര മുതല്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണി സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ അതിന്റെ ചരിത്രത്തിലെ പുകള്‍പ്പെറ്റ ഏടുകളില്‍ ചിലതാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ നടന്ന കിസാന്‍ സഭയുടെ ലോങ് മാര്‍ച്ചും യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശിലേക്ക് അഖിലേന്ത്യാ കിസാന്‍ സഭ നടത്തുന്ന 'ചലോ ലഖ്‌നൗ' എന്ന് പേരിട്ടിരിക്കുന്ന മാര്‍ച്ചും അടക്കം സമര ചരിത്രങ്ങളുടെ പോരാട്ടത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്നു.
ഒരു വിപ്ലവവും ഒരു സുപ്രഭാതത്തില്‍ തനിയേ ഉണ്ടായതല്ല. എല്ലാ സാമൂഹ്യ വിപ്ലവങ്ങള്‍ക്കും നിരന്തരമായ പോരാട്ടങ്ങളുടെയും ഉജ്വലമായ ത്യാഗങ്ങളുടെയും തീരാകഥകള്‍ പറയാനുണ്ടാകും. മഹാരാഷ്ട്രയില്‍ നടന്ന മഹത്തായ കര്‍ഷകപ്രക്ഷോഭവും ആ നിലയില്‍ സമര ഭൂതകാലങ്ങളുടെ നൈരന്തര്യം തന്നെയാണ് സൂചിപ്പിക്കുന്നത്.
മധ്യപ്രദേശിലെ ഖണ്‍വാലിയ എന്ന സ്ഥലത്ത് 2012ല്‍ ഒരു സമരം നടക്കുകയുണ്ടായി. ജല്‍സത്യഗ്രഹം എന്ന പേരിലുള്ള ആ സമരത്തില്‍ 32 ദിവസം 51 കര്‍ഷകര്‍ ജലത്തിലിറങ്ങിനിന്ന് പ്രതിഷേധിച്ചു. ഓം കറേഷ്വര്‍ ഡാം തുറക്കുന്നതിനെതിരേയായിരുന്നു സമരം. വെള്ളത്തിലിറങ്ങിയവരുടെ കാലുകളുടെ ചിത്രം, ആ തീക്ഷ്ണത വിളിച്ചോതാന്‍ അന്ന് ദേശീയപത്രങ്ങളുടെ ഒന്നാം പേജില്‍ ഇടംപിടിച്ചു. പിന്നീട് മഹാരാഷ്ട്രയിലെ കര്‍ഷക പോരാട്ടങ്ങളും മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ദിവസങ്ങളോളം അസാധാരണമായ പിന്തുണ കൊണ്ട് സജീവസാന്നിധ്യമായി മാറി. സമരക്കാരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് കീഴടങ്ങേണ്ടി വന്നു.
ഇടതുപക്ഷത്തിന്റെ വീഴ്ചകള്‍
ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയത്തിലെ അപൂര്‍വതയെന്നോണം, ഒരു സംസ്ഥാനം ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മൂന്നു പതിറ്റാണ്ടിലേറെക്കാലം ഭരിക്കുക എന്ന ചരിത്രസംഭവമാണ് ഒരു പതിറ്റാണ്ട് മുന്‍പ് ബംഗാളില്‍ അവസാനിച്ചത്. ദരിദ്രനാരായണന്‍മാര്‍ ജീവിക്കുന്ന മണ്ണ് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ സി.പി.എം കാണിച്ച അത്യുല്‍സാഹത്തിനേറ്റ പ്രഹരമായിരുന്നു ബംഗാള്‍ ജനതയുടെ മനസ്സില്‍ നിന്ന് സി.പി.എം ഒലിച്ചുപോവാന്‍ കാരണം.
കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും മണ്ണില്‍ അധ്വാനിക്കുന്നവരുടെയും പ്രസ്ഥാനമാണ് ഇന്ത്യന്‍ ഇടതുപക്ഷം എന്നാണ് അവരുടെ അവകാശവാദം. കേരളത്തിലും ബംഗാളിലും ഉള്‍പ്പെടെ, ഭൂപരിഷ്‌കരണം നടപ്പാക്കി അധ്വാനവര്‍ഗത്തിന്റെ വന്‍പിന്തുണ ആര്‍ജിക്കാനും അതിലൂടെ അധികാരത്തിലിരിക്കാനും തുടര്‍ച്ചയായി ഇടതുപക്ഷത്തിനു സാധിച്ചിട്ടുണ്ട്. എന്നാല്‍, ആഗോളീകരിക്കപ്പെട്ട ലോകക്രമത്തില്‍ ബൂര്‍ഷ്വാസിയെയും കോര്‍പറേറ്റ് കുത്തകകളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷവും സ്ഥലജല വിഭ്രമത്തിലായിപ്പോയി എന്നതാണ് ബംഗാള്‍ നല്‍കുന്ന ചുവരെഴുത്ത്.
ഇന്ത്യന്‍ ഇടതുപക്ഷം അതിന്റെ ദൗര്‍ബല്യങ്ങളുടെ ഉത്തുംഗപഥത്തില്‍ നില്‍ക്കുകയാണ് എന്നത് വസ്തുതയാണ്. ത്രിപുരയിലെ തോല്‍വിയും കേരളഘടകം'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള' ആയി മാറാന്‍ ശ്രമിക്കുന്നതുമെല്ലാം അവരുടെ വീഴ്ചകളെ മാത്രമാണ് സൂചിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ സംഘടനാപരമായും പാര്‍ലമെന്ററി രംഗത്തും സമാനമായ ദുസ്ഥിതിയാണുള്ളത്. ഇത്രയും വലിയൊരു രാജ്യത്ത് കേരളം എന്ന ഒരു ചെറിയ തുരുത്തില്‍ മാത്രമാണ് ഇടതുപക്ഷം അധികാരത്തിലുള്ളത്. ആഗോളീകൃതമായ ഇക്കാലത്ത് ഇന്ത്യ പോലൊരു രാജ്യത്ത് ജനകീയ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിനു പോലും അധികാര രാഷ്ട്രീയം പ്രസക്തമാണ്.
മുതലാളിത്തമാണ് ഇന്ന് ലോകത്തെ കൈയടക്കുന്നത്. കേരളവും അതില്‍നിന്ന് വിഭിന്നമാകുന്നില്ല. ആഗോളവത്കരണ കാലത്ത് അത് ഒട്ടൊക്കെ അസാധ്യവുമാണ്. ഒരു ക്ലീഷേ വാചകമാണെങ്കിലും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകല്‍ച്ച, അത്രമേല്‍ അസാധാരണമായി കൂടുതല്‍ കൂടുതല്‍ വ്യാപ്തി നേടുന്നു. എവിടെയൊക്കെ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടോ അത് കൈയടക്കാനുള്ള നിരന്തരപരിശ്രമങ്ങള്‍ മുതലാളിത്തം നടത്തിക്കൊണ്ടിരിക്കും.
ജനാധിപത്യത്തില്‍ നിന്നുള്ള ഒരു സോഷ്യലിസ്റ്റ് വളര്‍ച്ചയല്ല യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നടപ്പിലാവുക. കാരണം, ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമായി മാറിയിട്ടില്ല. ഇന്നും ഇന്ത്യ കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലാണ്. അതിനു ഭരിക്കുന്ന മുന്നണികളോ എന്‍.ഡി.എ അല്ലെങ്കില്‍ യു.പി.എ വ്യത്യാസമോ ഒന്നുമില്ല. അവര്‍ക്കുവേണ്ടി ഭരിക്കുന്ന ഗവണ്മെന്റുകളാണു നിലവില്‍. ഇന്ത്യ ജനാധിപത്യത്തിലേക്ക് മാറുന്നതു തന്നെ വലിയൊരു വിപ്ലവമായിരിക്കും. ആ നിലയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ അവഗണിച്ച് മുന്നോട്ടുപോകുന്ന സാഹചര്യങ്ങള്‍ തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതാണ്. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഇടതുപക്ഷത്തിന് ഇനിയും പിടികിട്ടാത്തത് എന്തുകൊണ്ടാണ് എന്നത് കാതലായ ചോദ്യമാണ്..! രാജ്യത്തിന്റെ ഭാവിയെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നേരിട്ട് ബാധിക്കുമെന്ന് തീര്‍ച്ചയുള്ളതിനാലാണ് കമ്യൂണിസ്റ്റുകാര്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്നത്. വലതുപക്ഷ രാഷ്ട്രീയം ഗൗരവമായ വിമര്‍ശനം പോലും അര്‍ഹിക്കാത്തവിധം അവഗണിക്കപ്പെടുന്നത് അവരുടെ ആശയപരമായ ശൂന്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
രാജ്യമൊട്ടാകെ നടക്കുന്ന കര്‍ഷക പോരാട്ടത്തിലെ നേതൃസ്ഥാനത്തുള്ള പാര്‍ട്ടിയാണ് കിസാന്‍ സഭയെന്നത് ഇടതുപക്ഷത്തിന് പുതുജീവന്‍ നല്‍കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിന്റെ സംഘടനയ്ക്ക് ബംഗാളിലും ത്രിപുരയിലും സംഭവിച്ച വീഴ്ചകളുടെ ആഘാതം കുറയ്ക്കാനെങ്കിലും സാധിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ശിവസേന മുതല്‍ രാഹുല്‍ഗാന്ധി വരെ ഈ കര്‍ഷക മുന്നേറ്റത്തെ പിന്തുണച്ചു എന്നതും ജനപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ പ്രസക്തിയാണ് വിളിച്ചോതുന്നത്.
യഥാര്‍ഥത്തില്‍ ഭരിച്ചിരുന്ന ഇടങ്ങളില്‍, ഇപ്പോള്‍ കേരളത്തിലും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന അവരുടെ 'ചില വികസന പരിപാടികള്‍' സാമ്രാജ്യത്വ ആഗോളവത്കരണകാലത്തെ ബ്രോക്കര്‍ പണി മാത്രമാണ്. ആഗോള ധന മൂലധനത്തിന്‍മേലുള്ള ആശ്രിതത്വം വര്‍ധിക്കുന്നത് ഇന്ത്യ പോലുള്ള വികസ്വരപ്രദേശങ്ങള്‍ക്ക് സ്വതന്ത്രവികസനപാത തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകള്‍ വെട്ടിച്ചുരുക്കുന്നു എന്നത് ഇടതുപക്ഷം കാണാതെ പോയതിന്റെ ദുരന്തമാണ് സിംഗൂരില്‍ കണ്ടത്. എന്നാല്‍, ആഗോളവത്കരണം എല്ലാ ബദല്‍ സാധ്യതകളെയും ഇല്ലാതാക്കുന്നു എന്ന് ഇതിനര്‍ഥമില്ല. നിലനില്‍ക്കുന്ന ലോക യാഥാര്‍ഥ്യങ്ങളില്‍ ഇടപെട്ടും സക്രിയമായി പ്രതികരിച്ചും മാത്രമേ ആഗോളവത്കരണത്തിനെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാകൂ, എന്നതും കാണാതിരുന്നുകൂടാ. പ്രതിസന്ധിനിറഞ്ഞ സാമ്രാജ്യത്വ ചട്ടക്കൂടിനുള്ളില്‍ നിന്ന് രാജ്യത്തിന്റെ എല്ലാ വികസനപ്രശ്‌നങ്ങളും പരിഹരിക്കാം എന്ന വ്യാമോഹമില്ലാതെ തന്നെ അതിന്റെ പരിമിതിക്കുള്ളില്‍നിന്ന് പരമാവധി പുരോഗതി നേടാനാവശ്യമായ ഒരു വികസന അജണ്ടയാണ് ഇന്ത്യന്‍ ഇടതുപക്ഷം മുന്നോട്ട് വയ്‌ക്കേണ്ടത്. ആ പോരാട്ടത്തില്‍ ബംഗാളിലും കേരളത്തിലും അടക്കം പലപ്പോഴും ഇടതുപക്ഷം കര്‍ഷകരെയും കൂലിത്തൊഴിലാളികളെയും മറന്നുപോയിരുന്നു. അതിന്റെ തിരിച്ചടികള്‍ അവര്‍ നേരിടുകയും ചെയ്തു. ആ നിലയില്‍ ഇടതുപക്ഷത്തിന്റെ പശ്ചാത്താപ പ്രകടനം കൂടിയായിരുന്നു മഹാരാഷ്ട്രയിലെ കര്‍ഷക മുന്നേറ്റം.
ആഗോളീകരിച്ച ലോകത്ത് കര്‍ഷക താല്‍പ്പര്യങ്ങളും വ്യാവസായിക താല്‍പ്പര്യങ്ങളും ബാലന്‍സ് ചെയ്തുപോകാന്‍ അധികാരത്തിലുള്ള സ്ഥലങ്ങളില്‍ സി.പി.എം പോളിസി തയ്യാറാക്കി ഗൃഹപാഠം ചെയ്യുക തന്നെ വേണം.
മഹാരാഷ്ട്ര ഒരു സമര വിജയഗാഥ മാത്രമല്ല പറയുന്നത്. കര്‍ഷകരുടെ കൂടെ, അടിസ്ഥാന വര്‍ഗത്തിന്റെ കൂടെ, പാവപ്പെട്ടവരുടെ കൂടെ നിലയുറപ്പിച്ചില്ലെങ്കില്‍ ഇടതുപക്ഷം ഇന്ത്യയില്‍ നാമാവശേഷമാകും എന്നതും കൂടി ഈ സമരത്തിന്റെ ചുവരെഴുത്താണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫ്യൂഡലിസത്തിന്റെ ഭൂഖണ്ഡങ്ങള്‍ അവസാനിപ്പിക്കുകയും 37 ലക്ഷം തുണ്ടു കൃഷിക്കാരായ കുടിയായ്മക്കാര്‍ക്ക് ഭൂമിയുടെ സ്ഥിരാവകാശം അനുവദിച്ചുകൊണ്ട് അവരുടെ അന്തസ്സുയര്‍ത്തിപ്പിടിക്കുകയും ചെയ്ത നേതൃത്വം രാഷ്ട്രീയമായ ഇടതുപക്ഷത്തിന്റെ സംഭാവനയായിരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അക്കാദമിക ചരിത്രപഠനങ്ങള്‍ കേരളത്തില്‍ സജീവമായി നടന്നിട്ടില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല പ്രത്യയശാസ്ത്രപരമായ ഇടതുപക്ഷത്തിന്റെ ആദര്‍ശം പാവങ്ങളുടെയും നിര്‍ധനരുടെയും സാമൂഹിക പുരോഗതിയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ദാര്‍ശനികര്‍ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ സമ്പന്ന വിഭാഗത്തിന് ഇടതുപക്ഷത്തോട് പ്രതിപത്തി കുറവായിരിക്കേണ്ടതുണ്ട്. വര്‍ത്തമാനകാലത്ത് മറിച്ചാണ് സംഭവിക്കുന്നതെങ്കിലും.
ദാരിദ്ര്യം ഇടതുപക്ഷ പ്രസ്ഥാനത്തെ വളര്‍ത്തുന്നുവെന്ന് അമേരിക്കന്‍ ദാര്‍ശനികര്‍ സിദ്ധാന്തിക്കുമ്പോള്‍ അത് ബഹുജന പ്രസ്ഥാനത്തിന്റെ പ്രതിബദ്ധതയായാണ് ഇന്ത്യാചരിത്രം പഠിപ്പിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പുരോഗതി നഷ്ടപ്പെട്ട് കൊളോണിയല്‍ പാരമ്പര്യത്തില്‍ ഇന്നും ജീവിക്കുന്നു. അവിടെ മാറ്റങ്ങളുടെ കൊടുങ്കാറ്റുയര്‍ത്താന്‍ ആശയപരമായ ഇടതുപക്ഷ പ്രസ്ഥാനം വളര്‍ന്നു വരേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."