കീഴാറ്റൂരില്‍ മുഴങ്ങിയത് കേരളത്തിന്റെ ശബ്ദം
സി.പി.എം കഴിഞ്ഞ ദിവസം കീഴാറ്റൂരില്‍ നടത്തിയ കാവല്‍പ്പുര സമരത്തിന്റെ പശ്ചാതലത്തില്‍ ഇന്നലെ നടന്ന വയല്‍ക്കിളി സമരം രണ്ടാം ഘട്ടം സംഘര്‍ഷഭരിതമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇരു വിഭാഗവും സമചിത്തതയോടെ പ്രശ്‌നത്തെ സമീപിച്ചതിനാല്‍ കുഴപ്പങ്ങളില്ലാതെ വയല്‍ക്കിളി സമരത്തിന്റെ രണ്ടാം ഘട്ടത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. സമരസമിതി നേതാവ് നമ്പ്രാടത്ത് ജാനകിയമ്മ മാര്‍ച്ച് ഉല്‍ഘാടനം ചെയ്തതോടെ സമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായിരുന്നു. വന്‍ ജനപങ്കാളിത്തത്തോടെ നടത്തിയപ്രകടനം സി.പി.എം കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തോടൊപ്പം നില്‍ക്കുന്നതായി. നാടിനെ നശിപ്പിച്ചുകൊണ്ടുള്ള വികസനം അനുവദിക്കുകയില്ലെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന പശ്ചാതലത്തില്‍ കീഴാറ്റൂര്‍ പ്രശ്‌നം വഷളാകരുതെന്ന സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശം സ്ഥലത്ത് സംഘര്‍ഷമില്ലാതാക്കുന്നതിന് ഉപകരിച്ചിട്ടുണ്ടാകാം.
സി.പി.എമ്മിന്റെ കാവല്‍പ്പുര പ്രകടനാനന്തരം ചേര്‍ന്ന സമ്മേളനത്തില്‍ എം.വി ഗോവിന്ദന്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇരു വിഭാഗത്തിന്റെയും ആത്മസംയമനത്തോടെയുള്ള സമീപനം വലിയൊരു സംഘര്‍ഷ സാധ്യത ഇല്ലാതാക്കി, ഇരു വിഭാഗങ്ങളും ഇതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ഭൂമി വിട്ടുകൊടുത്തവരുടെ പേരുകളെഴുതിയ പ്ലക്കാര്‍ഡുകള്‍ വയലില്‍ നാട്ടിയാണ് കാവല്‍പ്പുര സമരം തുടങ്ങിയതെങ്കില്‍ ഭൂമി വിട്ടുകൊടുക്കുവാന്‍ തയ്യാറാകാത്തവരുടെ പേരുകളെഴുതിയ പ്ലക്കാര്‍ഡുകളും കത്തി ചാമ്പലായ സമരപ്പന്തല്‍ പുനര്‍നിര്‍മിച്ചുമാണ് വയല്‍ക്കിളികള്‍ രണ്ടാംഘട്ട സമരം ആരംഭിച്ചിരിക്കുന്നത്. സമരം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതോടെ പാടം നികത്തുന്നതിന് പകരം മേല്‍പ്പാലം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി കത്തയച്ചതും സമരം തങ്ങള്‍ക്ക് എതിരെ ആയിത്തീരുന്നുവെന്ന് സി.പി.എം നേതൃത്വം കണ്ടതിനാലാണ് . അല്ലായിരുന്നെങ്കില്‍ സമരത്തെ തള്ളിപ്പറഞ്ഞ വയല്‍ക്കിളികളെ വയല്‍ കഴുകന്മാരെന്ന് വിശേഷിപ്പിച്ച മന്ത്രി ജി.സുധാകരന്‍ തന്നെ ആകാശപ്പാതയ്ക്കു വേണ്ടി കത്തെഴുതുകയില്ലായിരുന്നു.
വികസനം എന്ന് പറയുന്നത് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ജനം വികസനത്തിനു വേണ്ടിയുള്ളതല്ലെന്ന് ആദ്യം ഭരണാധികാരികള്‍ മനസ്സിലാക്കണം. കുടിവെള്ളവും തണ്ണീര്‍ത്തടങ്ങളും ജലസംഭരണികളായ വയലേലകളും നാമാവശേഷമാക്കിയുള്ള വികസനം ആര്‍ക്ക് വേണം. കീഴാറ്റൂരിന്റെ ജലസംഭരണിയായ ഏക്കര്‍ കണക്കിന് വയല്‍ നികത്തിക്കൊണ്ടു തന്നെ റോഡ് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്റെ കള്ളക്കളികളാണ് പുറത്തുവരേണ്ടത്. റോഡിന് വേണ്ടി പാടം നികത്തുമ്പോള്‍ വെള്ളത്തെ നിലനിര്‍ത്തുന്ന ചളി അപ്പാടെ കോരിയെടുക്കപ്പെടും. പാടം നികത്താനായി സമീപ പ്രദേശങ്ങളിലെ കുന്നുകളെല്ലാം ഇടിച്ച് നിരത്തപ്പെടും. ഇരട്ട പ്രഹരമായിരിക്കും ഇതുവഴി കീഴാറ്റൂരിലെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരിക. പരിസ്ഥിതി സന്തുലിതാവസ്ഥ കുന്നുകളുടെ അപ്രത്യക്ഷമാകലോടെ സംഭവിക്കുമ്പോള്‍ വയല്‍ നികത്തുക വഴി ജനങ്ങളുടെ കുടിവെള്ളവും മുട്ടും. വളരെ എളുപ്പത്തില്‍ ലാഭകരമായി ഇത്തരമൊരു റോഡ് നിര്‍മിക്കാമെന്നതിനാലും കരാറുകാര്‍ക്കും ഭൂമാഫിയകള്‍ക്ക് ഭൂമി കച്ചവടം കൊഴുപ്പിക്കാമെന്നും കുന്നുകള്‍ ചുളുവിലക്ക് വാങ്ങി മണ്ണു കച്ചവടം ലാഭകരമാക്കാമെന്നൊക്കെയുള്ള കഴുകന്‍ ചിന്തകളാണ് വയലില്‍ തന്നെ റോഡ് വേണമെന്നും നിര്‍ബന്ധം പിടിക്കുന്നതിന്റെ പിന്നില്‍. പതിനായിരത്തിലധികം പേരുടെ കുടിവെള്ളമായിരിക്കും റോഡ് വയലിലൂടെ വരികയാണെങ്കില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഇല്ലാതാവുക.
2008ല്‍ തണ്ണിര്‍ത്തട നെല്‍വയല്‍ നിയമം കൊണ്ടുവന്നത് പരിസ്ഥിതി ആഘാതം പരിഗണിച്ചാണ്. പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടുള വികസനം പാടില്ല എന്നാണ് സി.പി.എം നയവും മെത്രാന്‍കായല്‍ നികത്തല്‍ സമരത്തിനെതിരെയും ആറന്മുള വിമാനത്താവളത്തിനെതിരെയും സമരരംഗത്തിറങ്ങുവാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചതും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. അന്ന് സി.പി.എമ്മിനൊപ്പം നിന്ന പരിസ്ഥിതിപ്രവര്‍ത്തകര്‍ തന്നെയാണ് ഇന്നു വയല്‍ക്കിളികള്‍ക്കൊപ്പവും ഉള്ളത്. അന്നിവര്‍ കപട പരിസ്ഥിതിവാദികളായിരുന്നില്ല. ഇന്നവര്‍ കീഴാറ്റൂരില്‍ വയല്‍കഴുകന്മാരായിരിക്കുന്നു.
രണ്ട് കിലോമീറ്റര്‍ ദൂരം നാഷനല്‍ ഹൈവെ ആകാശപ്പാത വഴി വികസിപ്പിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് സി.പി.എമ്മിന്റെ പോഷക സംഘടനയായ ശാസ്ത്ര സാഹിത്യപരിഷത്ത് പറയുന്നതും സി.പി.എം നേതൃത്വത്തിന് സ്വീകാര്യമല്ല എന്ന് വരുമ്പോള്‍ ആ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയാദര്‍ശങ്ങളില്‍നിന്ന് അവര്‍ എന്ത് മാത്രം അകലെയായിരിക്കുന്നുവെന്ന് ആരും അല്‍ഭുതപ്പെടും.
ആശയങ്ങും ആദര്‍ശങ്ങളും സ്ഥാപനവല്‍ക്കരിച്ചതിന്റെ ദുര്യോഗമാണ് സി.പി.എം ബംഗാളില്‍ അനുഭവിച്ചതെങ്കില്‍ അതേ ദുര്യോഗം തന്നെയാണ് കേരളത്തിലും ആ പാര്‍ട്ടിയെ കാത്ത് നില്‍ക്കുന്നത്. കീഴാറ്റൂരില്‍ സി.പി.എമ്മിന് ഒരവസരമാണ് കിട്ടിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ദുരിതം വിതക്കുന്ന വികസനം സര്‍ക്കാരിനില്ലെന്ന് പറഞ്ഞ് ഈ റോഡ് നിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞുവയല്‍ക്കിളികളുമായി ചര്‍ച്ച ചെയ്ത് ഏവര്‍ക്കും സമ്മതമാകുന്ന ഒരു ബദല്‍ കണ്ടെത്താന്‍ തയാറാവുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ഈ സമരം കേരളമാകെ ആളിപ്പടര്‍ന്ന് അത് സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭമായിരിക്കില്ലെന്ന് ആരറിഞ്ഞു. അതിനാണല്ലോ ബി.ജെ.പി കണ്ണിലെണ്ണയൊഴിച്ച് കേരളത്തിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."