ട്രാഫിക് പൊലിസിന്റെ ചോരക്കറക്ക് ആയുസ് ഒറ്റ മഴ
കോഴിക്കോട്: നഗരത്തില്‍ അപകട മരണങ്ങളുണ്ടായ സ്ഥലങ്ങളെ ഓര്‍മിപ്പിക്കാന്‍ ട്രാഫിക് പൊലിസ് വരച്ച ചോരക്കറ (റെഡ് മാര്‍ക്) ഒറ്റ മഴയില്‍ മാഞ്ഞു. ഒരു മാസം മുന്‍പാണ് നഗരത്തിലെ നൂറു സ്ഥലങ്ങളിലായി ഇത്തരത്തില്‍ ചോരക്കറ വരച്ചത്.
അപകടമരണം നടന്ന സ്ഥലം വാഹനം ഓടിക്കുന്നവരെ ഓര്‍മപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അപകടം യാത്രക്കാരെ ഓര്‍മിപ്പിക്കാനായിരുന്നു ഈ നടപടിയെന്നാണ് പൊലിസ് വിശദീകരിക്കുന്നത്.
എന്നാല്‍ ഈയിടെ പെയ്ത മഴയില്‍ തന്നെ മിക്കയിടത്തിലും ചോരക്കറ മാഞ്ഞു.
കാളാണ്ടിത്താഴം, കൊളായ്ത്താഴം തുടങ്ങിയ സ്ഥലങ്ങളിലെ ചോരക്കറയാണ് മാഞ്ഞത്. മഞ്ഞ നിറത്തിലുള്ള ചതുരക്കളത്തില്‍ ചുവന്ന പെയിന്റുകൊണ്ട് ചോരക്കറയുടെ രൂപത്തില്‍ വരച്ചതാണ് പൊളിഞ്ഞുപോകുന്നത്.
ബിറ്റുമിന്‍ സാങ്കേതിക വിദ്യയില്‍ നവീകരിച്ച റോഡുകളില്‍ സാധാരണ പെയിന്റ് ഉപയോഗിച്ചുള്ള മാര്‍ക്കിങ് നിലനില്‍ക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തെര്‍മോപ്ലാസ്റ്റിക് പെയിന്റ് ഉപയോഗിച്ചാണ് റോഡില്‍ സീബ്രാലൈനും മറ്റും വരയ്ക്കുന്നത്. ഇത് ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും. ഒരു ചതുരശ്ര മീറ്റര്‍ ഇത്തരത്തില്‍ മാര്‍ക് ചെയ്യാന്‍ 450 രൂപ വരെ ചെലവു വരുന്നുണ്ട്. സിറ്റി ട്രാഫിക്കിന്റെ കണക്കനുസരിച്ച് 2017 ല്‍ നഗരത്തില്‍ റോഡപകടങ്ങളില്‍ 184 പേരാണ് മരിച്ചത്. ഇതില്‍ 108 പേര്‍ ബൈക്ക് യാത്രികരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."