നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പ്രക്ഷോഭം: കുഞ്ഞാലിക്കുട്ടി
തിരൂരങ്ങാടി: ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുപ്പില്‍ ഇരകളോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്നും ഇതു തുടരുന്നപക്ഷം യു.ഡി.എഫ് നിലപാട് പുനഃപരിശോധിക്കേണ്ടി വരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. എ.ആര്‍ നഗര്‍ പഞ്ചായത്തിലെ അരീത്തോട് മുതല്‍ വലിയപറമ്പ് വരെയുള്ള ഭാഗങ്ങളില്‍ വീട് നഷ്ട്ടപ്പെടുന്ന ഇരകളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശാലമായ സര്‍ക്കാര്‍ ഭൂമിയുണ്ടായിട്ടും എ.ആര്‍ നഗര്‍ അരീത്തോട് മുതല്‍ വലിയപറമ്പ് വരെയുള്ള ഭാഗങ്ങളില്‍ ജനവാസകേന്ദ്രത്തിലൂടെ അലൈന്‍മെന്റ് തയാറാക്കിയത് അംഗീകരിക്കാനാകില്ല. അന്‍പതിലധികം വീടുകളാണ് ഇവിടെ നഷ്ടപ്പെടുന്നത്. ഒന്നുകില്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറ്റിദ്ധരിപ്പിക്കുകയോ അല്ലെങ്കില്‍ അറിഞ്ഞിട്ടും അവര്‍ മിണ്ടാതിരിക്കുകയോ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ മുന്‍പും പല വികസനങ്ങള്‍ക്കും സ്ഥലമേറ്റെടുത്തിട്ടുണ്ട്. എന്നാല്‍, പൊലിസിനെ ഉപയോഗിച്ച് അടിച്ചൊതുക്കിട്ടില്ല. ഇരകളുമായി ചര്‍ച്ച നടത്തിയശേഷം ആവശ്യമായ രീതിയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തുകയാണ് ചെയ്യാറുള്ളത്. വിഷയം രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയാറാകണം. നിലവിലെ സ്ഥിതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. നിയമവിരുദ്ധമായി മുന്നോട്ടുപോകുകയാണെങ്കില്‍ യു.ഡി.എഫ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നിയമപരമായ വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."