സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടല്‍: സര്‍ക്കാര്‍ നിലപാട് നാളെ ഹൈക്കോടതിയില്‍
മലപ്പുറം: അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കം വിവാദമായതോടെ സര്‍ക്കാര്‍ നാളെ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കും. അടച്ചുപൂട്ടാന്‍ നോട്ടിസ് ലഭിച്ച നിരവധി വിദ്യാലയങ്ങള്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. അംഗീകാരമില്ലാത്ത 1585 സ്‌കൂളുകള്‍ക്കാണ് സര്‍ക്കാര്‍ നോട്ടിസ് നല്‍കിയിരുന്നത്.
എന്നാല്‍ ഇതില്‍ നിരവധി സ്‌കൂളുകള്‍ സി.ബി.എസ്്.സി അഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. അംഗീകാരമില്ലാത്ത പല സ്‌കൂളുകളും മികച്ച രീതിയില്‍ ആധുനിക സംവിധാനത്തോടെയും പ്രവര്‍ത്തിക്കുന്നു.
ഇതെല്ലാം ചൂണ്ടിക്കാട്ടി സ്വകാര്യ മാനേജ്‌മെന്റുകള്‍ സര്‍ക്കാറിനെ സമീപിക്കുകയും, നിയമസഭയില്‍ വിഷയം ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഈ മേഖലയില്‍ അരലക്ഷത്തോളം അധ്യാപകരും അനധ്യാപകരും ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. ഇവരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കും.
വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വന്ന 2009ന് മുമ്പ് തുടങ്ങിയ വിദ്യാലയങ്ങളെ നിബന്ധനകള്‍ക്ക് വിധേയമായി നിലനിര്‍ത്തി അംഗീകാരത്തിനായി സാവകാശം നല്‍കുകയെന്നതായിരിക്കും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുക. ഇത്തരം സ്‌കൂളുകള്‍ക്ക് ചുരുങ്ങിയത് രണ്ട്് വര്‍ഷമെങ്കിലും സാവകാശം നല്‍കാനും സര്‍ക്കാര്‍ തയാറാകും.
അതേസമയം ജീവനക്കാരില്‍ ഭൂരിഭാഗവും കടുത്ത ആശങ്കയിലാണ്. സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിക്കുമെന്ന ആശങ്കയാണ് അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അലട്ടുന്നത്. ഈ മേഖലയില്‍ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരെ അടുത്ത അധ്യായന വര്‍ഷംമുതല്‍ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റുക പ്രായോഗികമല്ല. അതിനുള്ള അടിസ്ഥാന സൗകര്യവും ഭൂരിഭാഗം പൊതുവിദ്യാലയങ്ങള്‍ക്കുമില്ല.
സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും ഇംഗ്ലീഷ് മീഡിയം ക്ലാസുകളില്‍ പഠിക്കുന്നവരാണ്. ഇവരെ മലയാളം മീഡിയം സ്‌കൂളിലേക്ക് മാറ്റേണ്ട സാഹചര്യം വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കും. ഇതാണ് രക്ഷിതാക്കളെ വലയ്ക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് പ്രതികൂലമായാല്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് സ്വകാര്യ മാനേജ്‌മെന്റുകളും വിവിധ സംഘടനകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."