കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത് 221 താരങ്ങള്‍
ന്യൂഡല്‍ഹി: ഏപ്രില്‍ നാല് മുതല്‍ 15 വരെ ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത് 221 താരങ്ങള്‍. താരങ്ങളും പരിശീലകരും ഒഫിഷ്യല്‍സും അടക്കം മൊത്തം 325 അംഗങ്ങളാണ് ആസ്‌ത്രേലിയയിലേക്ക് പറക്കുന്നത്. 58 പരിശീലകര്‍, ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളുമടക്കം 17 പേര്‍, ഏഴ് മാനേജര്‍മാര്‍, 22 മറ്റ് ഒഫിഷ്യല്‍സ് എന്നിവരാണ് സംഘത്തിലുള്ളത്. ഇത്രയും പേരടങ്ങുന്ന സംഘത്തെ അയക്കാനുള്ള തീരുമാനത്തിന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
അത്‌ലറ്റിക്‌സില്‍ 18 പുരുഷ താരങ്ങളും 13 വനിതാ താരങ്ങളുമാണ് മത്സരിക്കാനിറങ്ങുന്നത്. ബാഡ്മിന്റണില്‍ അഞ്ച് വീതം പുരുഷ, വനിതാ താരങ്ങളും ബാസ്‌ക്കറ്റ് ബോളില്‍ 12 വീതം താരങ്ങളടങ്ങിയ പുരുഷ, വനിതാ ടീമും ഇന്ത്യക്കായി കളത്തിലിറങ്ങും. ബോക്‌സിങില്‍ എട്ട് പുരുഷ താരങ്ങളും നാല് വനിതാ താരങ്ങളും സൈക്ലിങില്‍ നാല് പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളും ജിംനാസ്റ്റിക്‌സില്‍ മൂന്ന് പുരുഷന്‍മാരും നാല് വനിതകളും മത്സരിക്കും. ഹോക്കിയില്‍ 18 അംഗങ്ങളടങ്ങിയ ടീമാണ് പുരുഷ, വനിതാ വിഭാഗത്തിലായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ലോണ്‍ ബോള്‍സ് പോരാട്ടത്തില്‍ ഇന്ത്യക്കായി അഞ്ച് വീതം പുരുഷ, വനിതാ താരങ്ങള്‍ പങ്കെടുക്കും.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയില്‍ മുന്‍പന്തിയിലുള്ള ഷൂട്ടിങ് പോരാട്ടത്തിനായി 15 പുരുഷ താരങ്ങളും 12 വനിതാ താരങ്ങളുമാണ് അണിനിരക്കുന്നത്. സ്‌ക്വാഷില്‍ നാല് പുരുഷ താരങ്ങളും രണ്ട് വനിതാ താരങ്ങളും നീന്തലില്‍ മൂന്ന് പുരുഷന്‍മാരും മത്സരിക്കും. ടേബിള്‍ ടെന്നീസില്‍ അഞ്ച് വീതം പുരുഷ, വനിതാ താരങ്ങളും ഭാരോദ്വഹനത്തില്‍ ഇരു വിഭാഗത്തിലുമായി എട്ട് വീതം താരങ്ങളും ഗുസ്തിയില്‍ ആറ് വീതം താരങ്ങളുമാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്.
ഭിന്നശേഷിക്കാരുടെ പ്രതിനിധികളായി ഭാരോദ്വഹനത്തില്‍ മൂന്ന് പുരുഷ താരങ്ങളും ഒരു വനിതാ താരവും ടേബിള്‍ ടെന്നീസിലും നീന്തലിലും രണ്ട് വനിതാ താരങ്ങളും മത്സരിക്കാനിറങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."