വ്യാജ പീഡനം വ്യാപകമാവുന്നു
പീഡനത്തിന് സ്ഥിരം ഒരിടം ഭാരതം സ്വീകരിച്ചു പോരുന്നു. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ കാലാകാലങ്ങളായി പീഡിതരാണ്. എവിടെയോ ഒരു തിരുത്ത് രൂപപ്പെടുത്തി മാറ്റി നിര്‍ത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു.
ന്യൂനപക്ഷങ്ങള്‍ കടന്നുവരാനിടയുള്ള സാധ്യതകളുടെ വാതിലിനടുത്ത് തടയാന്‍ കാവലിരിക്കുന്ന പീഡകര്‍ ശക്തരാണ്. പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് മത ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും അര്‍ഹമായതിന്റെ നാലിലൊന്ന് നല്‍കാറില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനം മുതല്‍ പാര്‍ലമെന്റ് വരെ 'അകറ്റല്‍' തുടരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് (282) നേടിയത് ബി.ജെ.പിയാണ്. പിന്നീടുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ആറു സീറ്റ് തോറ്റ് 276-ലെത്തി. മത്സരിക്കാനും ജയിപ്പിക്കാനും ഒരു ന്യൂനപക്ഷത്തിനും ബി.ജെ.പി അവസരം നല്‍കിയില്ല. ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇതിന് തൊട്ടടുത്ത സ്ഥാനം പിടിച്ചവരാണ്.
ഒറിജിനല്‍ പീഡനം നിരന്തരം, നിര്‍ഭയം തുടരുന്നതിനിടയില്‍ വ്യാജ പീഡന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഒന്നര പതിറ്റാണ്ട് എം.എല്‍.എ ആക്കി വലിപ്പം വപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അവഗണിച്ചു, പീഡിപ്പിച്ചു എന്ന പരാതിയുമായി ശോഭനാ ജോര്‍ജ് ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് പക്ഷത്ത് വന്നു പിണറായി വിജയനെ കൈകൂപ്പി വന്ദിച്ചു.
സ്വന്തം അക്കൗണ്ടില്‍ ഉണ്ടെന്ന് കരുതുന്ന 3000 വോട്ട് കണ്ടാവണം പിണറായി രാഷ്ട്രീയ അടവ് നയം പ്രയോഗിക്കാന്‍ ഒരുമ്പെട്ടത്. ഇനിയാരും തന്നെ അവഗണിക്കില്ലെന്നാണ് ശോഭനയുടെ പ്രതീക്ഷ. കണക്ക് കൂട്ടിവച്ച വോട്ട് ചെങ്ങന്നൂരില്‍ കിട്ടാതെ വന്നാല്‍ വീരേന്ദ്രകുമാറിന്നേറ്റ ചവിട്ടിപ്പുറത്താക്കലോ കടക്ക് പുറത്തോ രണ്ടാലൊന്നോ രണ്ടും കൂടിയോ സംഭവിച്ചു കൂടായ്കയില്ല.
ജോസ് മാണി പാലാ മെമ്പര്‍ കെ.എം മാണിയുടെ പ്രതീക്ഷയാണ്. മന്ത്രിയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത അച്ഛന്റെ കഠിനാധ്വാനത്തിനിടയിലാണ് മകന്റെ ഭാര്യയുടെ 'അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' വിവാദമാകുന്നത്. 'നിഷ' എഴുതിയ പുസ്തകം വിറ്റഴിക്കാനുള്ള കുറുക്കുവിദ്യക്കാണ് അല്‍പം പീഡനം കൂട്ടിച്ചേര്‍ത്തതെന്ന് ചിലരൊക്കെ പറയുന്നുണ്ടെങ്കിലും സംഗതി കോടതി കയറി. 600 കൊല്ലം കേട്ടാല്‍ തീരാത്ത കേസുകള്‍ കെട്ടിക്കിടക്കുന്ന കോടതികളെ മിനക്കെടുത്താനുള്ള പ്രവൃത്തിയില്‍ ചിലര്‍ ഏര്‍പ്പെട്ടാലെന്തു ചെയ്യും.
പി.സി ജോര്‍ജിന്റെ മകനാണ് തീവണ്ടിയാത്രക്കിടയില്‍ 'കാലില്‍ തോണ്ടി' പീഡനം നടത്തിയതെന്ന് പുസ്തകം വായിച്ചാല്‍ തോന്നിപ്പോകും. പേരു പറഞ്ഞില്ലന്നേ ഉള്ളു. ഹാദിയയെ വീട്ടിലിരുത്തി ഘര്‍വാപസിക്ക് നിര്‍ബന്ധിച്ച വാര്‍ത്ത വന്നപ്പോള്‍ പോലും അര്‍ഥഗര്‍ഭമായ മൗനവും ശാന്തതയും കൈകൊണ്ട വനിതാ കമ്മീഷന്‍ നിഷയുടെ പീഡനപക്ഷത്ത് ഓടി എത്തിയത് പീഡന വിരോധത്തിന്റെ ശക്തി കൊണ്ടല്ലെന്നുറപ്പ്.
താനാരേയും പീഡിപ്പിക്കാന്‍ പോയിട്ടില്ലെന്നും പുസ്തകം പുറത്തായതില്‍ പിന്നെ ഫോണ്‍ വിളികളാല്‍ നില്‍ക്കക്കള്ളിയില്ലാതെ താനാണീ പീഡന വീരനെന്ന സംശയം ഉയര്‍ന്നിട്ടുണ്ടെന്നും പേര് വെളിപ്പെടുത്തി നിജസ്ഥിതി വ്യക്തമാക്കണമെന്നും ഷോണ്‍ ജോര്‍ജ് ഇതിനകം പറഞ്ഞിട്ടുണ്ട്. പീഡനം ഒരലങ്കാര പദമായി ചിലര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു കാണുന്നു. നിയമത്തിന്റെ അപര്യാപ്തത കാരണം നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നത് അപൂര്‍വമല്ല. പോസ്‌കോ നിയമത്തിന്റെ കഠിനാവസ്ഥ കുറ്റാരോപിതരുടെ മേല്‍ ചുമത്തി ജാമ്യം പോലും കിട്ടാതെ ജയിലില്‍ കഴിയേണ്ടിവരുന്നു. വിരോധം തീര്‍ക്കാന്‍ കെട്ടിച്ചമച്ചും മറ്റും കുറ്റമാരോപിക്കപ്പെട്ട നിരവധി പേര്‍ ശിക്ഷകള്‍ അനുഭവിച്ചതിനു ശേഷം മോചിക്കപ്പെടുന്നതും അസാധാരണമല്ല.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 740 പേര്‍ ഉള്‍പ്പെടെ 1700 പുള്ളികള്‍ക്ക് ഇളവനുവദിക്കാനുള്ള ലിസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും രക്ഷപ്പെടുത്താനുള്ള കുറുക്കുവഴിയായി നിയമത്തിന്റെ ഈ 'ഓട്ട' ഇടതു-വലത് ഭരണത്തില്‍ ഉപയോഗിക്കാറുണ്ട്.
കോടതികളെ നിഷ്പ്രഭമാക്കുന്നതാണ് ഈ വ്യവസ്ഥ. എഫ്.ഐ.ആര്‍ ഇട്ട് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു കോടതികളില്‍ വാദി-പ്രതി ഭാഗം വക്കീലന്മാര്‍ ഇഴകീറി വാദിച്ചു കേസ് കേള്‍ക്കുന്ന ന്യായാധിപന്‍ തെളിവുകളുടെ പിന്‍ബലത്തില്‍ കേസ് തീര്‍പാക്കി ശിക്ഷ വിധിക്കുന്നു, അപ്പീലനുമതിയും നല്‍കുന്നു. കുറ്റകൃത്യം തെളിയുക, കുറ്റവാളിയാണെന്ന് ബോധ്യപ്പെടുക ഈ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുന്നത്. ഇങ്ങനെ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് ഇളവ് അനുവദിക്കാന്‍ നിലവിലുള്ള വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ ഭരണാധികാരികള്‍ പിറകിലല്ല. ഏത് വിധമാണോ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കേണ്ടത് അതനുസരിച്ച് യജമാന ദാസ്യത്തിന് ഉദ്യോഗസ്ഥരും റെഡി. വധശിക്ഷ വിധിക്കപ്പെട്ടയാള്‍ക്ക് രാഷ്ട്രപതിക്ക് മാപ്പ് നല്‍കാനുള്ള അധികാരവും പഴയകാല രാജഭരണത്തിന്റെ ശേഷിപ്പുകളാണ്. നാറാണത്തു ഭ്രാന്തനെ ഓര്‍മിപ്പിക്കുന്നതാണ് ഈ വ്യവസ്ഥകള്‍. കല്ലുരുട്ടി മലമുകളിലെത്തിച്ച് താഴോട്ടുരുട്ടുന്ന പാഴ്ശ്രമമായി അന്വേഷണവും വിചാരണയും ശിക്ഷയും മാറുന്നു.
കുറ്റകൃത്യം തെളിഞ്ഞ കുറ്റവാളിയെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുകയാണ് രാജനീതി. കുറേ കാലത്തെ ജയില്‍ ജീവിതം മാനസാന്തരമുണ്ടാക്കുന്നതു കൊണ്ടു മാത്രം ചെയ്ത കുറ്റത്തിന് മാപ്പിനര്‍ഹത നേടുന്നില്ല. നിയമത്തിന്റെ പോരായ്മകള്‍ കുറ്റവാളികള്‍ക്കനുകൂലമാവരുത്.
2019-ലെ പൊതുതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച സാമൂഹ്യ മാധ്യമങ്ങള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പും സ്വാധീനിച്ചേക്കുമെന്ന് ഐ.ടി മന്ത്രി രവിശങ്കര്‍ ഭയക്കുന്നതില്‍ അതിശയമില്ല. ബി.ജെ.പിയുടെ പണി കോണ്‍ഗ്രസ് സ്വീകരിച്ചേക്കുമോ എന്ന ഭയമാണ് രവിശങ്കര്‍ പ്രസാദിനെ ചൊടിപ്പിച്ചത്.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ മുന്‍കൈയെടുത്തു മൂന്നാം മുന്നണി ചര്‍ച്ചയും അത്താഴവിരുന്നും നടന്നു കഴിഞ്ഞു. ഇന്ത്യയില്‍ എല്ലാ ഇടത്തും കാണപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ശരികളെക്കാളധികം തെറ്റുകള്‍ ചെയ്ത പാര്‍ട്ടിയാണ്. രാമക്ഷേത്ര ശിലാന്യാസം, ബാബരി പള്ളി പൊളിക്കല്‍, മൃദു ഹിന്ദുത്വത്തിലൂടെ തീവ്ര ഹിന്ദുത്വം വളര്‍ത്തി ഫാസിസത്തിന് അധികാരം കൈമാറിയതിലൊക്കെ പ്രഥമ പ്രതി കോണ്‍ഗ്രസാണ്.
സുധാകരനും മുരളിയും തിരുവഞ്ചൂരും ചെന്നിത്തലയും താമരത്തണല്‍ തേടിപ്പോകാന്‍ ഒരവസരമേ വേണ്ടതുള്ളു. കൂട്ടത്തോടെ കുടിയൊഴിഞ്ഞു പോയ കോണ്‍ഗ്രസ് നേതാക്കളെ അറിയുന്ന രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഇതിലൊന്നും ശങ്കയുണ്ടാവില്ല. അധികാരം കിട്ടിയില്ലെങ്കില്‍ ഉള്ള ഇടം അതാണ് കോണ്‍ഗ്രസിലെ പല നേതാക്കളുടേയും ലൈന്‍. പ്രാദേശിക പാര്‍ട്ടികളുടെ ശക്തിയും സാധ്യതയും മനസിലാക്കി കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് മയപ്പെടുത്തണം.
ബി.ജെ.പിക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞവര്‍ ഒരു ദിവസം പൊടുന്നനെ ഫാസിസത്തെ തടയാന്‍ ഒരുമ്പെടുന്നത് സത്യസന്ധമല്ലെന്ന് ഇന്ത്യക്കാര്‍ക്ക് ഉത്തമ ബോധ്യമുണ്ട്. പാര്‍ട്ടി പ്ലീനത്തില്‍ രാഹുല്‍ ഗാന്ധി ഒരു മണിക്കൂര്‍ 20 മി
നിറ്റ് പ്രസംഗിച്ചു. മതില്‍ തകര്‍ക്കും പാര്‍ട്ടി നന്നാവണം എന്നൊക്കെ പറഞ്ഞെങ്കിലും മത ന്യൂനപക്ഷങ്ങളുടെ പക്ഷത്താണ് പാര്‍ട്ടി എന്നു മാത്രം പറഞ്ഞില്ല. ഹിന്ദുത്വ വോട്ട് ബാങ്കില്‍ നിന്ന് ഒളിച്ചോടാന്‍ രാഹുലിന് മനസില്ലെന്ന തിരിച്ചറിവാണത്.ക്ഷേമ പെന്‍ഷനുകള്‍ക്ക് അപേക്ഷ നല്‍കിയവര്‍ ആറു മാസമായി കാത്തിരിപ്പാണ്. അപേക്ഷകള്‍ വാങ്ങി വച്ചതല്ലാതെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങളായിട്ടില്ല. പഞ്ചായത്തുകളില്‍ നിന്ന് ഔദ്യോഗിക സൈറ്റുകളിലേക്കിവ അപ്‌ലോഡ് ചെയ്തിട്ടില്ല.
അതിനിടെ നിലവില്‍ ഇത്തരം പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 12 ശതമാനം അനര്‍ഹരാണെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും പുറത്തു വന്നു.
ഭരണ ധൂര്‍ത്തും പാഴ്‌ചെലവും ജീവനക്കാര്‍ക്കും മറ്റും നല്‍കിവരുന്ന അമിത ആനുകൂല്യവും കാരണം കേരളം 2,09,286 ലക്ഷം കോടി രൂപ കടത്തിലുമാണ്. ഓരോ മലായളിക്കും 69.950 രൂപ കടക്കാരനാണിപ്പോള്‍. ഭരിക്കാനറിയാത്ത, തന്നിഷ്ടക്കാരും സ്വാര്‍ഥികളുമായ ഭരണാധികാരികള്‍ക്ക് ഇതിലധികം നാശം വിതക്കാനാവില്ല. സഹായത്തിനു വേഴാമ്പല്‍ പോലെ അനേകായിരം കാത്തുനില്‍ക്കുമ്പോഴാണ് മന്ത്രി ലക്ഷ്വറി കാറില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിശ്രമ അലവന്‍സ് 10ല്‍ നിന്ന് 15 രൂപയായി ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."