ഷോപ്പിങ് മാള്‍ തീപ്പിടിത്തം: പുടിന്റെ രാജി ആവശ്യപ്പെട്ട് വന്‍പ്രതിഷേധം
മോസ്‌കോ: 64 പേരുടെ ജീവനെടുത്ത സൈബീരിയന്‍ ഷോപ്പിങ് മാള്‍ തീപിടിത്തത്തില്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെതിരേ റഷ്യയില്‍ പ്രതിഷേധം ശക്തമാകുന്നു. സൈബീരിയന്‍ തലസ്ഥാനമായ കെമെറൊവോയില്‍ ഇന്നലെ നടന്ന പ്രതിഷേധ പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പുടിന്റെ രാജിയ്ക്കായി പ്രകടനത്തില്‍ മുറവിളികളുയര്‍ന്നു.
സംഭവത്തെ തുടര്‍ന്ന് അപകടം നടന്ന സ്ഥലത്ത് പുടിന്‍ സന്ദര്‍ശനം നടത്തിയിരുന്നു. സുര ക്ഷാ സജ്ജീകരണങ്ങളും മുന്‍കരുതലുകളും സ്വീകരിക്കുന്ന കാര്യത്തില്‍ കെട്ടിട ഉടമകള്‍ക്കുണ്ടായ കുറ്റകരമായ വീഴ്ചയാണു സംഭവത്തിനിടയാക്കിയതെന്ന് പുടിന്‍ ഇതിനു ശേഷം പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, 40ലേറെ കുട്ടികളുടെ ജീവന്‍ തട്ടിയെടുത്ത സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം നുരയുകയാണ്. റഷ്യയില്‍ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് കെട്ടിടത്തിലെ അപകട സൈറണ്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റുകള്‍ പൂട്ടിയിട്ട നിലയിലുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."