ഏകീകൃത സോഫ്റ്റ്‌വെയര്‍ ഇടുക്കി, വയനാട് ജില്ലകളിലെ സഹ. ബാങ്കുകള്‍ക്ക് പണം നഷ്ടപ്പെട്ടേക്കും
തൊടുപുഴ: അക്കൗണ്ടിങിന് ഏകീകൃത സോഫ്റ്റ്‌വെയര്‍ പൈലറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി, വയനാട് ജില്ലകളിലെ സഹകരണ ബാങ്കുകള്‍ക്ക് പണം നഷ്ടപ്പെടുമെന്ന് ആശങ്ക. നിയമസഭയിലടക്കം ഏറെ വിവാദമുണ്ടാകുന്നുണ്ടെങ്കിലും ഏകീകൃത സോഫ്റ്റ്‌വെയര്‍ പദ്ധതി നടപ്പാക്കാന്‍ ഇഫ്താസിനെ തന്നെ (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ആന്‍ഡ് അലൈഡ് സര്‍വിസസ്) ചുമതലപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ല.
എന്നാല്‍ ഇഫ്താസ് സ്വന്തം നിലയില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ നിലപാടാണ് ഇടുക്കി, വയനാട് ജില്ലകളിലെ സഹകരണ ബാങ്കുകള്‍ക്ക് വിനയാകുന്നത്. ഇടുക്കിയില്‍ നെലീറ്റോയുടെ ഫിന്‍ക്രാഫ്റ്റ് സോഫ്റ്റ്‌വെയറും വയനാട്ടില്‍ പെര്‍ഫെക്ട് സോഫ്റ്റ്‌വെയറുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇടുക്കിയിലെ 74 സര്‍വിസ് ബാങ്കുകളില്‍ 63 ഇടത്താണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഐ.സി.ഡി.പി പദ്ധതി പ്രകാരം ആവശ്യമുള്ള ബാങ്കുകള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ അനുവദിച്ചാണ് പദ്ധതി നടപ്പാക്കിയത്. 63 ബാങ്കുകളുടെ 126 ശാഖകളില്‍ നിന്ന് പ്രതിമാസം 10,000 രൂപാ വീതം എ.എം.സി (ആനുവല്‍ മെയ്ന്റനന്‍സ് ചാര്‍ജ്) ആയി ഈടാക്കുകയാണ്.
12 ശാഖകളുള്ള നെടുങ്കണ്ടം സര്‍വിസ് സഹകരണ ബാങ്കിന് നിലവില്‍ കോര്‍ ബാങ്കിങ് സംവിധാനമുണ്ടായിരുന്നു. എന്നിട്ടും പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ മാത്രമാണ് എം.എം.സിയായി ചെലവാക്കിയിരുന്നത്. എന്നാല്‍ പുതിയ സോഫ്റ്റ്‌വെയര്‍ പ്രകാരം പ്രതിവര്‍ഷം ചെലവാകുന്നത് 12 ലക്ഷം രൂപയാണ്. ഇത് ബാങ്കിനെ നഷ്ടത്തിലേക്ക് എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
സഹകരണ വകുപ്പില്‍ കോര്‍ ബാങ്കിങ് പൈലറ്റ് പദ്ധതിക്ക് ഏര്‍പ്പെടുത്തിയ പൊതു സോഫ്റ്റ്‌വെയര്‍ പ്രായോഗികമല്ലെന്ന് വിദഗ്ധ റിപ്പോര്‍ട്ട് നിലവിലുണ്ട്. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ഐ.ടി വിദഗ്ധന്‍ ആദിശേഷ അയ്യരാണ് സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളാ ബാങ്ക് നിലവില്‍ വന്നതിന് ശേഷം ഇഫ്താസ് സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന എം.വി ജയരാജന്‍ ചെയര്‍മാനായ പ്രൈമറി ബാങ്കിങ് മോഡണൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശം മറികടന്നാണ് ഫിന്‍ക്രാഫ്റ്റ് നടപ്പാക്കിയതെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ കംപ്യൂട്ടര്‍വല്‍ക്കരണത്തിനും കോര്‍ ബാങ്കിങ് സംവിധാനം ഒരുക്കുന്നതിനുമുള്ള കരാറുകളിലൂടെ നഷ്ടപ്പെടുത്തിയത് മൂന്നുകോടിയിലേറെ രൂപയാണ്.
ഇതിലും അഴിമതിയാണ് മണക്കുന്നതെന്ന് ഔദ്യോഗിക അന്വേഷണംതന്നെ വ്യക്തമാക്കുന്നു. സോഫ്റ്റ്‌വെയര്‍ തയാറാക്കാനും കോര്‍ ബാങ്കിങ് സംവിധാനം ഒരുക്കാനുമായി രണ്ടു കരാറുകളാണ് ബാങ്ക് നല്‍കിയത്. രണ്ടിലും അഴിമതിയാണ് നടന്നതെന്ന് നിലവിലെ മാനേജിങ് ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."