നാടെങ്ങും കുടിവെള്ള ക്ഷാമം; ഇവിടെ വറ്റാത്ത നീരുറവ
കാട്ടാക്കട: നാടെങ്ങും കുടിവെള്ളത്തിനായി പരക്കം പായുമ്പോള്‍ അനുകരണീയമായ ഒരു മാത്യക രൂപപ്പെടുന്നു വിളപ്പില്‍ പഞ്ചായത്തില്‍.
അതും ഒരു പെണ്‍കൂട്ടായ്മയില്‍ പിറവി കൊണ്ടു വേനലിലും വറ്റാത്ത നീരുറവ. വിളപ്പില്‍ശാല നൂലിയോട്ട് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'സേവ' എന്ന സംഘടനയാണ് ഇത്തരമൊരു കുളത്തിന് ജീവനേകിയത്. 1995 ല്‍ തങ്ങളുടെ കെട്ടിട സമുച്ചയം പ്രകൃതിക്ക് ഇണങ്ങും വിധം നൂലിയോട് കുന്നിന്‍ നിര്‍മിക്കാന്‍ പ്രശസ്ത വാസ്തുശില്‍പ്പി ലാറി ബക്കറെ സമീപിക്കുകയായിരുന്നു.
ലക്ഷ്യം മന്ദിരം പ്രകൃതി സൗഹൃദമാകണം. ബക്കര്‍ക്കും ആ തീരുമാനം ഇഷ്ടമായി. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഭൂപ്രദേശമായിരുന്നു അത്. ഒരു പാറ പോലും പൊട്ടിക്കാതെ, മരങ്ങള്‍ മുറിക്കാതെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. മണ്‍കട്ടയില്‍ 'റ' മോഡലില്‍ നാലോളം കെട്ടിടങ്ങള്‍ നൂലിയോട്ടെ ഒന്നര ഏക്കറില്‍ ലാറി ബക്കര്‍ സേവയ്ക്ക് നിര്‍മിച്ചു നല്‍കി.
കെട്ടിട നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ വസ്തുവിന്റെ പ്രവേശന ഭാഗത്ത് അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള വലിയൊരു പാറക്കുളം ഉണ്ടായിരുന്നു. നിര്‍മ്മാണ ആവശ്യത്തിന് പണ്ട് സമീപവാസികളിലാരോ പാറ പൊട്ടിച്ചെടുത്തപ്പോള്‍ രൂപപ്പെട്ട കുളം.
വൈദേശിക രൂപഭംഗിയില്‍ നിര്‍മ്മിക്കുന്ന സേവ മന്ദിരത്തിന്റെ പ്രൗഡിക്ക് കുളം തടസമാകുമെന്ന് പലരും പറഞ്ഞെങ്കിലും അത് നികത്താന്‍ സേവ ഭാരവാഹികളും ബക്കറും തയ്യാറായില്ല. പകരം കെട്ടിടങ്ങളുടെ മുകള്‍പ്പരപ്പില്‍ വീഴുന്ന മഴത്തുള്ളികള്‍ നീര്‍ച്ചാലുകള്‍ വഴി പാറക്കുളത്തില്‍ എത്തിക്കാനുള്ള സംവിധാനമുണ്ടാക്കി. പാറക്കുളത്തിലെ വെള്ളം പമ്പ് ചെയ്ത് ഫില്‍ട്ടറിങ് യൂനിറ്റിലെത്തിച്ച് ശുചീകരിച്ച് കുടിനീരാക്കുവാനും സംവിധാനമൊരുക്കി.
ഇന്ന് നാട്ടുകാര്‍ക്ക് അത്ഭുതമാണ് ഈ നീരുറവ. ഇരുപത് വര്‍ഷം മുന്‍പ് സേവ ഈ മന്ദിരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനു ശേഷം പലവട്ടം വേനലില്‍ കിണറുകളും കുളങ്ങളും വറ്റിവരണ്ടിട്ടുണ്ട്. അപ്പോഴെല്ലാം തെളിനീരു നിറച്ച് സേവയുടെ പാറക്കുളം നാട്ടുകാരുടെ ദാഹമകറ്റി.
ഇപ്പോഴും പ്രദേശവാസികള്‍ ജല ക്ഷാമത്തെ അതിജീവിക്കാന്‍ ആശ്രയിക്കുന്നത് ഈ കുളമാണ്. നാട്ടുകാര്‍ക്കായി കപ്പിയും കയറുമിട്ട് വെള്ളം കോരാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."