അന്താരാഷ്ട്ര പക്ഷി, മൃഗ, മത്സ്യ പ്രദര്‍ശനം മറൈന്‍ ഡ്രൈവില്‍ നാളെ മുതല്‍
കൊച്ചി: കണ്ണിനും കാതിനും ഏറെ ഇമ്പം പകരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പക്ഷി മൃഗ അലങ്കാരമത്സ്യ പ്രദര്‍ശനം മറൈന്‍ ഡ്രൈവില്‍ അരങ്ങേറുന്നു. നാളെ മുതല്‍ ഏപ്രില്‍ 15 വരെയാണു വൈവിധ്യമാര്‍ന്ന വിപുലമായ പ്രദര്‍ശനം.
ഇതോടൊപ്പം പുഷ്പ ഫല സസ്യ ഔഷധസസ്യ മേളയും നടക്കും. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവ അടക്കം 150ല്‍പ്പരം അലങ്കാരമത്സ്യങ്ങള്‍. ഗോള്‍ഡ് ഫിഷ് മുതല്‍ ആളെക്കൊല്ലി പിരാനയും ലോകത്തെ ഏറ്റവും വലിയ ശുദ്ധജലമത്സ്യമായ അരാപൈമയും 200 കിലോ ശരീരഭാരം വരുന്ന ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ലഗൂണുകളില്‍ ജീവിക്കുന്ന ചീങ്കണ്ണിയുടെ സാദൃശ്യമുള്ള എലിഗേറ്റര്‍ ഗാര് എന്ന ഭീകരമത്സ്യവും വരെ ഇവിടെ പ്രദര്‍ശനത്തിനുണ്ട്.
ഇവയുടെ കുഞ്ഞുങ്ങളെ ഏറ്റവും വിലക്കുറവില്‍ പൊതുജനങ്ങള്‍ക്കു വാങ്ങാന്‍ പ്രത്യേക സ്റ്റാള്‍ ക്രമീകരിച്ചിരിക്കുന്നു. അലങ്കാര വളര്‍ത്തുപക്ഷികളുടെ വിശാലമായ കാഴ്ചകളൂം ഇവിടെ കാണാം. കൂടാതെ അലങ്കാരക്കോഴികള്‍, അലങ്കാര പ്രാവുകള്‍, വിദേശ ഇനം നായകള്‍, റഷ്യന്‍ പൂച്ചകള്‍, വാത്ത താറാവുകള്‍, എമു കോഴികള്‍, മുയലുകള്‍, കുതിരകള്‍, കുള്ളന്‍ പശുക്കള്‍ തുടങ്ങി ഒട്ടേറെ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ടവയുടെ വലിയ നിര വേറെയുമുണ്ട്.
പുഷ്പ ഫല സസ്യമേളയിലും വിദേശ ഇനങ്ങള്‍ ധാരണമായി അണനിരക്കുന്നു.
വിദേശ ഓര്‍ക്കിഡ് ചെടികള്‍, ബോണ്‍സായി പ്ലാന്റുകള്‍, തായ്ലാന്‍ഡിലെ കുള്ളന്‍ തെങ്ങിന് തൈകള്‍, വര്‍ഷം മുഴുവന്‍ കായ്ക്കുന്ന കീവോ സവായ് മാവുകള്‍, മധുരമുള്ള അമ്പഴം, ബേര്‍ ആപ്പിള്‍ തുടങ്ങിയവയും കേരളത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന പലതരം ഔഷധച്ചെടികളും ജൈവ പച്ചക്കറി വിത്തുകളും ഈ പവലിയന്റെ ആകര്‍ഷണമാണ്. വിവിധയിനം മാവിന് തൈകള്‍, മാമ്പഴങ്ങള്‍, പ്ലാവുകള്‍ എന്നിവയും പ്രദര്‍ശനവില്‍പനയിലുണ്ട്. ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു മണി വരെയാണു പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."