നിര്‍മാണ നിരോധനം: ഏപ്രില്‍ 10ന് ഫ്രാന്‍സിസ് ജോര്‍ജ് 48 മണിക്കൂര്‍ ഉപവസിക്കും
തൊടുപുഴ: ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ എം.പിയുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ് ഏപ്രില്‍ 10 മുതല്‍ 12 വരെ കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറ ഫോറസ്റ്റ് ഓഫിസ് കവലയില്‍ 48 മണിക്കൂര്‍ നിരാഹാരസമരം നടത്തും. മലയോര കര്‍ഷക ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടും മൂന്നാര്‍ ട്രൈബ്യൂണിലിന്റെ കീഴിലുള്ള 8 വില്ലേജുകളിലെ ജനങ്ങളുടെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് നിരാഹാരം നടത്തുക. മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുന്ന കെ.ഡി.എച്ച് വില്ലേജ്, ചിന്നക്കനാല്‍, പള്ളിവാസല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, ബൈസണ്‍വാലി, ആനവിലാസം, എന്നീ വില്ലേജുകള്‍ 2010 ലെ മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ നിയമത്തിന്റെ (2 ഏ) വകുപ്പില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മൂന്നാറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും മരം മുറിക്കാനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
എന്നാല്‍ മേല്‍ ഉത്തരവ് നടപ്പാക്കുന്നിനായി ഇടുക്കി ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവിലൂടെ ഈ എട്ടു വില്ലേജുകളിലും ജന ജീവിതം അസാധ്യമാക്കുന്ന തരത്തില്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് വീടുവയ്ക്കാന്‍, വച്ചുപിടിപ്പിച്ച മരം മുറിക്കാന്‍, കറന്റ്, വെള്ളം കണക്ഷന്‍ ലഭിക്കാന്‍ തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കസ്തൂരിരംഗന്‍ റിപോര്‍ട്ട് ശുപാര്‍ശകള്‍, കേന്ദ്ര ഉത്തരവുകള്‍, വനം വകുപ്പിന്റെ സാമാന്യനീതിനിഷേധം എന്നിവ മൂലം വിലത്തകര്‍ച്ചയും കടബാധ്യതയും നേരിടുന്ന കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുന്നു. ഏപ്രില്‍ 13ന് റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം റബ്ബര്‍ ബോര്‍ഡ് ഓഫിസിലേക്ക് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ എം.പി. പോളി, ജോര്‍ജ് അഗസ്റ്റ്യന്‍, ബേബി പതിപ്പള്ളി, ജോസ് പൊട്ടംപ്ലാക്കല്‍, കൊച്ചറ മോഹന്‍നായര്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, ജോസ് പുല്ലന്‍, സിബി മൂലേപ്പറമ്പില്‍, മാത്യൂസ് തെങ്ങുംകുടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."