സംസം കിണര്‍ നവീകരണം പൂര്‍ത്തിയായി
ജിദ്ദ: മസ്ജിദുല്‍ ഹറമില്‍ കഅ്ബാ ശരീഫിനു സമീപത്തായി സ്ഥിതിചെയ്യുന്ന സംസം കിണര്‍ ജലവിതരണ-നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷം ഒക്ടോബര്‍ 21ന് ആരംഭിച്ച നവീകരണ പ്രവൃത്തി റമദാന്‍ തുടങ്ങുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സംസം കിണര്‍ നവീകരണത്തിന്റെ പശ്ചാത്തലത്തില്‍ കഅ്ബാ പ്രദക്ഷിണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു പ്രദക്ഷിണ വലയത്തിലേക്ക് പ്രവേശനം. പൊതുവെയുള്ള പ്രദക്ഷിണം മേല്‍ത്തട്ടിലൂടെ മാത്രമായിരുന്നു. ജോലികള്‍ പൂര്‍ത്തിയായതിനാല്‍ പ്രദക്ഷിണ വലയം (മത്വാഫ്) നിയന്ത്രണം നീക്കി വിശ്വാസികള്‍ക്ക് പൂര്‍ണമായും തുറന്നുകൊടുത്തു. രണ്ടു ഘട്ടങ്ങളായാണ് നവീകരണം പൂര്‍ത്തിയാക്കിയത്. പ്രദക്ഷിണ വലയത്തിന്റെ കിഴക്കു ഭാഗത്ത് സംസം കിണറിലേക്ക് അഞ്ചു സര്‍വിസ് ക്രോസിങ്ങുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇവയ്ക്ക് എട്ടു മീറ്റര്‍ നീളവും 120 മീറ്റര്‍ വീതിയുമാണുള്ളത്.
മുന്‍പു നടന്നിരുന്ന നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസം കിണറിനോടു ചേര്‍ന്ന ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ ചീളുകളും മറ്റു നിര്‍മാണ അവശിഷ്ടങ്ങളും നീക്കി. അതിസൂക്ഷ്മമായ വിധത്തിലുള്ള സ്റ്റെറിലൈസേഷനാണ് കിണറിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. ഒരേസമയം 16 ലക്ഷം വിശ്വാസികളെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ മക്കാ ഹറം ശരീഫ് വികസിപ്പിക്കുന്ന പദ്ധതിയിലെ മൂന്നാംഘട്ടം കൂടിയാണ് സംസം നവീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."