തൊഴിലുറപ്പില്‍ ജില്ലക്ക് തിളക്കം: 73.08 ലക്ഷം തൊഴില്‍ദിനം സൃഷ്ടിച്ച് തിരുവനന്തപുരം ഒന്നാമത്
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ വ്യക്തിഗത തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചും ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും തൊഴില്‍ നല്‍കിയും സംസ്ഥാനതലത്തില്‍ തിരുവനന്തപുരം ജില്ല ഒന്നാമത്.
മാര്‍ച്ച് 28 വരെ 73.08 ലക്ഷം തൊഴില്‍ ദിനങ്ങള്‍ ജില്ലയില്‍ തൊഴിലുറപ്പിലൂടെ സൃഷ്ടിച്ചെന്നും 1,58,615 കുടുംബങ്ങളിലെ 1,73,335 പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. പദ്ധതിയിലൂടെ 208.50 കോടി രൂപ ചെലവഴിച്ചതായും 7,227 കുടുംബങ്ങള്‍ക്ക് നൂറു ദിവസം തൊഴില്‍ നല്‍കാനായതായും തൊഴിലുറപ്പ് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.
ഭിന്നശേഷിക്കാരായ 167 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പട്ടികജാതി വിഭാഗത്തിലെ 20330 കുടുംബങ്ങള്‍ക്കും പട്ടികവര്‍ഗ വിഭാഗത്തിലെ 2,684 കുടുംബങ്ങള്‍ക്കും 1,53,424 സ്ത്രീകള്‍ക്കും തൊഴില്‍ ലഭിച്ചു. 3,70,662 തൊഴില്‍കാര്‍ഡുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. 1,30,237 കുടുംബങ്ങളിലെ 1,42,289 പേര്‍ക്ക് തൊഴില്‍ നല്‍കുകയും 71.51 ലക്ഷം തൊഴില്‍ ദിനം സൃഷ്ടിക്കുകയും ചെയ്ത ആലപ്പുഴ ജില്ലയാണ് സംസ്ഥാനതലത്തില്‍ രണ്ടാമത്.
മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രവൃത്തികളാണ് ജില്ലയില്‍ ഏറ്റെടുത്തിട്ടുള്ളത്. കാര്‍ഷിക മേഖലക്ക് പ്രയോജനപ്പെടുന്നതിനും മഴവെള്ള സംഭരണം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച 2032 ഫാം പോണ്ടുകളുടെ നിര്‍മാണം ലക്ഷ്യം കൈവരിച്ചു.
ഏറ്റവും കൂടുതല്‍ ഫാം പോണ്ടുകള്‍ നിര്‍മിച്ചത് വാമനപുരം ബ്ലോക്കിലെ പഞ്ചായത്തുകളിലാണ്. ഈ ഫാം പോണ്ടുകളിലൂടെ 3,72,000 കിലോ ലിറ്റര്‍ ജലം സംഭരിക്കാന്‍ കഴിയും. കടുത്ത ജലക്ഷാമം നേരിടുന്ന ജില്ലയില്‍ മഴവെള്ള സംഭരണം വളരെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.
ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ വച്ച് പിടിപ്പിക്കുന്നതിനും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനുമായി ഫലവൃക്ഷതൈകള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ തയാറായി വരുന്നു. 73 പഞ്ചായത്തുകളിലെ 595 നഴ്‌സറികളില്‍ നിന്നായി 20,54,690 ഫലവൃക്ഷതൈകളാണ് ഉല്‍പാദിപ്പിക്കപ്പെട്ടത്. ഇതും ജില്ലയെ മുന്‍പന്തിയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."