വൈദ്യുതോല്‍പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കുന്നുകര പഞ്ചായത്ത് ബജറ്റ്
നെടുമ്പാശ്ശേരി: കുന്നുകര ഗ്രാമപഞ്ചായത്ത് 2017, 18 ബജറ്റില്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട വൈദ്യുതി ഉപയോഗത്തിന് സൗരോര്‍ജം ഉല്‍പാദിപ്പിച്ച് സ്വയംപര്യാപ്തത ലക്ഷ്യമിടുന്നു. വഴിവിളക്കുകള്‍ക്ക് ഉള്‍പ്പെടെ ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രതിമാസം ഗ്രാമ പഞ്ചായത്തില്‍ നിന്നും വൈദ്യുതി ബില്‍ ആയി നല്‍കുന്നത്.ഈ തുകക്ക് തുല്യമായ സൗരോര്‍ജം ഉല്‍പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഇതുള്‍പ്പെടെ 38.37 കോടി രൂപ വരവും 37.10 കോടി രൂപ ചിലവും 1.27 കോടി രൂപ നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സീന സന്തോഷ് അവതരിപ്പിച്ചു.ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനാണ് ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയിരിക്കുന്നത്. അതോടൊപ്പം വിദ്യാഭ്യാസ മേഖലക്കും കാര്‍ഷിക മേഖലക്കും പ്രത്യേക പരിഗണനയും നല്‍കിയിട്ടുണ്ട്.
ലൈഫ് പദ്ധതിയില്‍ സ്വന്തം സ്ഥലമുണ്ടായിട്ടും വാസയോഗ്യമായ വീടില്ലാത്ത 69 പേരാണ് ലിസ്റ്റിലുള്ളത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം ഇതിനായി രണ്ട് കോടി 76 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ എന്ന സന്ദേശം മുന്‍നിര്‍ത്തി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നവീകരണത്തിന് ഒരു കോടി 8 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നതിനും, ജൈവ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും, കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ ആവശ്യത്തിന് വെള്ളം എത്തിക്കുന്നതിന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കുമായി 42 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. വനിതകളുടെ പുരോഗതിക്കായി വനിത റസിഡന്‍ഷ്യല്‍ സെന്റെര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി 58 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു.
കുടിവെള്ളം ,റോഡ് വികസനം, സ്ട്രീറ്റ് ലൈറ്റ് എന്നിവക്കായി നാല് കോടി രൂപ ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. ബജറ്റില്‍ വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, പട്ടികജാതി വിഭാഗക്കള്‍ക്കും, വനിതകള്‍ക്കും നല്‍കിയ പരിഗണന ശ്രദ്ധേയമാണ്.ഭരണ സമിതി യോഗത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."