തടസങ്ങള്‍ നീങ്ങി; രാജന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
റിയാദ്: രണ്ടു മാസം മുന്‍പ് തീപിടുത്തത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം വെമ്പായം വെട്ടിനാട് നേടിയൂരില്‍ ഇടിക്കുംതറ രാജന്റെ മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. നേരത്തെ നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം ദമാം വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ മുന്‍പത്തെ കേസിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയായിരുന്നു.
സഊദിയിലുണ്ടായ വാഹനാപകട കേസില്‍ നഷ്ടപരിഹാരമായി 29,000 റിയാല്‍ നല്‍കാത്തതിനെ തുടര്‍ന്ന് മത്ലൂബ് ആയി ഇപ്പോഴും കംപ്യുട്ടര്‍ സംവിധാനത്തില്‍ രേഖപ്പെട്ട് കിടക്കുന്നതായിരുന്നു മൃതശരീരം തിരിച്ചയക്കാന്‍ കാരണം. താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിലാണ് രാജന് മരിച്ചത്.
സഊദി നിയമ പ്രകാരം വ്യക്തികള്‍ തമ്മിലുള്ള കേസുകള്‍ക്ക് വ്യക്തി മാപ്പ് നല്കിയാല് മാത്രമേ കേസ് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. പൊലിസ് സാന്നിധ്യത്തില്‍ സ്പോണ്സറുമായി ചര്‍ച്ച നടത്തി പരിഹരിച്ച ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയത്.
രാജന്റെ കേസ് നടപടികള്‍ സ്പോണ്സര് ഏറ്റെടുക്കുകയും കേസ് പിന്‍വലിക്കാന്‍ അദ്ദേഹം തയാറാകുകയുമായിരുന്നു. സാമൂഹിക പ്രവര്ത്തകന് നാസ വക്കമാണ് രാജന്റെ കുടുംബത്തെ സഹായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."