സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കല്‍; പ്രവാസി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ജിദ്ദ: സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും 12-ാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കിയത് പ്രവാസി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ദുരിതത്തിലാഴ്ത്തി. സഊദിയില്‍ താമസിക്കുന്ന കുടുംബങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. നിലവിലെ ആശ്രിത ലെവി കാരണവും ജോലി നഷ്ടപ്പെട്ടത് കാരണവും പരീക്ഷ കഴിഞ്ഞ ഉടന്‍ നാട്ടിലേക്കു പോകാന്‍ മിക്കവരും നേരത്തെ ടിക്കറ്റ് എടുത്തിരുന്നു. ഫൈനല്‍ എക്‌സിറ്റ് അടിച്ചശേഷം നാട്ടിലേക്കു മടങ്ങാന്‍ കാത്തുനില്‍ക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. പലരും എക്‌സിറ്റ് അടിച്ചശേഷം രണ്ടു മാസത്തെ കാലയളവില്‍ കഴിയുന്നവരാണ്. ഈ കാലാവധി അവസാനിക്കാന്‍ പലര്‍ക്കും ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് നാട്ടിലേക്കു പോകാന്‍ ഒരുങ്ങിയ മലയാളികളടക്കമുള്ള കുടുംബങ്ങള്‍ യാത്ര നീട്ടിവയ്ക്കാന്‍ കഴിയാത്തതിനാല്‍ മാറ്റിവച്ച പരീക്ഷ എഴുതാന്‍ സാധിക്കാതെ പ്രതിസന്ധിയിലാണ്. കണക്ക് പരീക്ഷ ബുധനാഴ്ചയും ഇക്കണോമിക്‌സ് പരീക്ഷ കഴിഞ്ഞ തിങ്കഴാഴ്ചയുമാണ് നടന്നത്. ഈ രണ്ടു പരീക്ഷയുടെയും പുതിയ തിയതി ഒരാഴ്ചയ്ക്കകം അറിയിക്കുമെന്നാണ് സി.ബി.എസ്.ഇ അധികൃതര്‍ നല്‍കുന്ന വിവരം. പല പ്രവാസി കുടുംബങ്ങള്‍ക്കും നിലവിലെ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ വന്‍ നഷ്ടം സഹിക്കേണ്ടി വരും. യാത്രാ ചെലവ് താങ്ങാനാകാത്തതിനാല്‍ പലരും കുറഞ്ഞ നിരക്കില്‍ നേരത്തേ ടിക്കറ്റ് എടുത്തിരുന്നു.
കുടുംബസമേതം നാട്ടിലേക്കു പോകുന്നതിനാല്‍ വലിയ ബാധ്യതയാണ് ഇവര്‍ക്കുണ്ടായത്. മാര്‍ച്ച് 31ന് വീട് ഒഴിഞ്ഞില്ലെങ്കില്‍ അടുത്ത മാസത്തെ വാടകയും നല്‍കേണ്ടിവരും. ചില കെട്ടിടങ്ങള്‍ക്ക് മൂന്നു മാസത്തെ വാടകയും ഒരുമിച്ചു നല്‍കണം.
നിലവില്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ മാത്രം 788 കുട്ടികളാണ് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കൂടാതെ ജിദ്ദയിലെ മറ്റു സ്വകാര്യ സ്‌കൂളുകളിലും നൂറുകണക്കിനു കുട്ടികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.
അതേസമയം നാട്ടിലേക്കു പോയവരും പോകാനിരിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് അവിടെ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകള്‍ സി.ബി.എസ്.ഇ ചെയര്‍മാന്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവര്‍ക്കു നിവേദനം നല്‍കി.
അടിയന്തര ഘട്ടങ്ങളില്‍ വിദേശ നാടുകളില്‍നിന്ന് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെ സെന്ററില്‍ പരീക്ഷയെഴുതാന്‍ സി.ബി.എസ്.ഇ പ്രത്യേക അനുമതി നല്‍കാറുണ്ടെന്ന് ദമാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."