ലോകത്തെ ഏറ്റവും വലിയ കടല്‍പാലം ചൈനയില്‍ ഒരുങ്ങുന്നു
ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ കടല്‍പാലം ചൈനയില്‍ ഒരുങ്ങുന്നു. ഹോങ്കോങ്, മക്കാവു, ചൈന തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം എന്‍ജിനീയറിങ് വിസ്മയത്തിന്റെ പുതിയ സാക്ഷ്യമായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍, അതിലേറെ വിസ്മയകരമായ വസ്തുത പാലം നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉരുക്കാണ്. പാരിസിലെ ഗോപുര വിസ്മയമാണ് ഈഫല്‍ ടവര്‍. എന്നാല്‍ ഇതിനു സമാനമായ 60 ഗോപുരങ്ങള്‍ നിര്‍മിക്കാനുള്ള ഉരുക്കാണ് ചൈനയിലെ ലോകാത്ഭുതമാകാന്‍ പോകുന്ന പാലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
55 കി.മീറ്റര്‍ ദൂരമാണ് പാലത്തിനുള്ളത്. ജലതുരങ്കം ഉള്‍പ്പെടെയുള്ള പാലത്തിന്റെ നിര്‍മാണം 2000ത്തിലാണ് ആരംഭിച്ചത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ചൈനീസ് സര്‍ക്കാര്‍ പാലത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പാലം എന്നു ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന കാര്യം ഇനിയും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ 2017 അവസാനത്തില്‍ ഗതാഗതസജ്ജമാകുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
4,20,000 ടണ്‍ ഉരുക്കാണ് പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഈഫല്‍ ടവര്‍ നിര്‍മാണത്തിന് ഉപയോഗിച്ച ഉരുക്കിന്റെ 60 ഇരട്ടിയാണിത്. പാലം ഗതാഗതത്തിനു സജ്ജമായാല്‍ 120 വര്‍ഷം വരെ ഈടു നില്‍ക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഏകദേശം 15.1 ബില്യണ്‍ ഡോളറാണ് പാലം നിര്‍മാണത്തിന്റെ മൊത്തം ചെലവ് കണക്കാക്കുന്നത്.
അതേസമയം, തങ്ങളുടെ സ്വ യംഭരണാവകാശത്തിനു മേല്‍ കടന്നുകയറാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് പാലമെന്ന് ഹോങ്കോങ്ങിലെ വിമര്‍ശകര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."