'വിശ്വഗുരു'വിന് ഗിന്നസ് റെക്കോര്‍ഡ്
കൊച്ചി: ഏറ്റവും വേഗതയില്‍ ഒരുക്കിയ ചിത്രമെന്ന ഗിന്നസ് റെക്കോര്‍ഡിന് എ.വി.എ പ്രൊഡക്ഷന്‍സിലെ ഡോ. എ.വി അനൂപും സംവിധായകന്‍ വിജേഷ് മണിയും നിര്‍മിച്ച ഫീച്ചര്‍ ഫിലിം 'വിശ്വഗുരു' അര്‍ഹമായി. 51 മണിക്കൂറും രണ്ടു മിനിട്ടും കൊണ്ടാണ് തിരക്കഥ മുതല്‍ സ്‌ക്രീനില്‍ എത്തുന്നതു വരെയുള്ള കാര്യങ്ങള്‍ ചെയ്തത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
71 മണിക്കൂറും 10 മിനിട്ടും കൊണ്ട് നിര്‍മിച്ച ശ്രീലങ്കന്‍ ചിത്രമായ മംഗള ഗമനയ്ക്കായിരുന്നു ഇതുവരെ ഏറ്റവും വേഗത്തില്‍ ഒരുക്കിയ ചിത്രമെന്ന റെക്കോര്‍ഡ്. 2017 ഡിസംബര്‍ 27നാണ് പ്രമോദ് പയ്യന്നൂര്‍ വിശ്വഗുരു'വിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. 29ന് 11.30ന് ചിത്രം തിരുവനന്തപുരം നിള തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ചിത്രീകരണത്തിനു പുറമെ പേര് രജിസ്‌ട്രേഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍, പോസ്റ്റര്‍ രൂപകല്‍പ്പന, പബ്ലിസിറ്റി, സെന്‍സര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി.
ഇന്ത്യന്‍ സിനിമയെ ആഗോള തലത്തില്‍ ശ്രദ്ധേയമാക്കുക എന്നതായിരുന്നു ആശയത്തിനു പിന്നിലെന്ന് സംവിധായകന്‍ വിജേഷ് മണിയും നിര്‍മാതാവ് എ.വി അനൂപും വ്യക്തമാക്കി. തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി നിശ്ചയിച്ച സമയത്തു തന്നെ ചിത്രം നിര്‍മിക്കുകയായിരുന്നു. പുരുഷോത്തമന്‍ കൈനകര, ഗാന്ധിയന്‍, ചാച്ചാ ശിവരാമന്‍, കലാധരന്‍, കലാനിലയം രാമചന്ദ്രന്‍, ഹരികൃഷ്ണന്‍, കെ.പി.എ.സി ലീലാ കൃഷ്ണന്‍, റോജി പി. കുര്യന്‍, ഷെജിന്‍, ബേബി പവിത്ര, മാസ്റ്റര്‍ ശരണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ സഹകരിച്ചു. അരകന്‍ കലയും കിളിമാനൂര്‍ രാമവര്‍മ്മ പശ്ചാത്തല സംഗീതവും ലിബിന്‍ എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ് ആയിരുന്നു. ലോഗനാഥന്‍ ശ്രീനിവാസന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. ശിവഗിരി മഠത്തിലും സമീപ പ്രദേശങ്ങളിലുമാണ് പ്രാഥമിക ചിത്രീകരണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."