HOME
DETAILS

സത്യത്തിന്റെ ദാര്‍ശനിക മാനങ്ങള്‍

  
backup
March 31 2018 | 01:03 AM

sathyathinte-darshanika-manangal

 

സത്യം ലോകാടിസ്ഥാനത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ആരേയും കൂസാതെ സത്യം വിളിച്ചു പറയുന്നവരും കളഞ്ഞു കിട്ടിയ വസ്തുക്കള്‍ തിരികെ നല്‍കി സത്യസന്ധത കാണിക്കുന്നവരുമെല്ലാം വാര്‍ത്താ മാധ്യമങ്ങളിലെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കുള്ള ചേരുവകളായി മാറുന്ന കാലം. അത്തരമൊരു ചുറ്റുപാടില്‍ സത്യമെന്ന മൂല്യം കല്‍പ്പിക്കാന്‍ കഴിയാത്ത ഘടകം ചില ഗൗരവതരമായ ആലോചനകള്‍ അവശേഷിക്കുന്നുണ്ട്.
നുണക്കഥകളും പ്രചാരണങ്ങളും നുണയന്മാരുമെല്ലാം സമൂഹത്തിലെ അത്യപൂര്‍വ്വ പ്രതിഭാസങ്ങളായിരുന്ന കാലം ഒരുപാട് അകലെയൊന്നുമല്ല. നുണപറച്ചിലിന് ആഗോള വ്യാപകമായി സര്‍ട്ടിഫിക്കറ്റ് നല്‍കപ്പെട്ട ഒരു പ്രത്യേക ദിനം തന്നെയുണ്ടെന്നതാണ് വര്‍ത്തമാന കാലം നേരിടുന്ന ഏറ്റവും ഗുരുതരമായ ഒരു പ്രതിസന്ധി. അന്നേ ദിവസം ആര്‍ക്കും ആരെയും എന്തും പറഞ്ഞ് പറ്റിക്കാം. ഏപ്രില്‍ ഫൂളിന്റെ ഭാഗമായി ഉറ്റവരെയും ഉടയവരെയും നിര്‍ബന്ധപൂര്‍വ്വം 'മരിപ്പിക്കുന്നവരും' ആശുപത്രികളില്‍ 'പ്രവേശിപ്പിക്കുന്നവരു'മൊന്നും സമൂഹത്തിലിന്ന് കുറവല്ല. സത്യത്തിനു വേണ്ടി നിലകൊള്ളുകയും അതിന്റെ കൂടെ നില്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്ത വിശുദ്ധ ഇസ്‌ലാമിന്റെ അണികള്‍ പോലും ഈ വിപത്തില്‍ അങ്ങേയറ്റം അപകടകരമായ രീതിയില്‍ അകപ്പെട്ടു പോയിരിക്കുന്നുവെന്നതാണ് ഖേദകരമായ വസ്തുത.
നുണ പറയുന്ന കാര്യത്തില്‍ മാന്യതയുടെ സകല സീമകളും അതിലംഘിക്കാന്‍ യാതൊരു മടിയുമില്ലാത്ത വിഭാഗമായി സൃഷ്ടികളിലെ ഉന്നതരായ മനുഷ്യര്‍ മാറിക്കഴിഞ്ഞു. തല പോകുന്ന കാര്യമാണെങ്കിലും സത്യം പറയണമെന്നായിരുന്നു പഴയ കാല പ്രമാണം. ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ) ശക്തവും യുക്തിപൂര്‍ണവുമായ വാക്കുകള്‍ കൊണ്ട് കളവിനെതിരേ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. 'കൈപ്പുള്ളതാണെങ്കിലും സത്യം തന്നെ പറയുക'. വേറൊരു ഹദീസില്‍ തിരുനബി(സ) പറയുന്നതിങ്ങനെയാണ്: 'നിങ്ങള്‍ സത്യത്തിന്റെ മേലാവണം, തീര്‍ച്ചയായും സത്യം നന്മയിലേക്കും നന്മ സ്വര്‍ഗ്ഗത്തിലേക്കും നയിക്കും. എന്നാല്‍ കളവ് തിന്മയിലേക്കും തിന്മ നരകത്തിലേക്കും വഴിനടത്തും'.
നമ്മുടെ സംസാരങ്ങളും ചലനങ്ങളുമെല്ലാം ലവലേശം വിട്ടുപോകാതെ രേഖപ്പെടുത്തി വയ്ക്കാന്‍ പ്രപഞ്ച തമ്പുരാന്‍ ഓരോരുത്തരുടെയും കൂടെ രണ്ടു മാലാഖമാരെ നിയോഗിച്ചിട്ടുണ്ടെന്ന കാര്യം നവതലമുറയില്‍ മഹാഭൂരിപക്ഷവും കാര്യമാക്കാറില്ല. ഏറ്റവും കൂടുതല്‍ ആളുകളെ നരകത്തിലെത്തിക്കുന്ന അവയവമാണത്രേ നാവ്. എല്ലില്ലാത്ത രണ്ട് അവയവങ്ങളുടെ കാര്യത്തില്‍ നിങ്ങളെനിക്ക് വാക്ക് തന്നാല്‍ സ്വര്‍ഗം കൊണ്ട് ഞാന്‍ സാക്ഷിനില്‍ക്കാമെന്നാണ് തിരുനബിയുടെ പ്രഖ്യാപനം. ഒന്നാമത്തേത് നാവും രണ്ടാമത്തേത് ഗുഹ്യസ്ഥാനവുമത്രേ.
നുണ പറഞ്ഞു പരത്തുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയാണ് അല്ലാഹു തയ്യാറാക്കിയിരിക്കുന്നത്. രണ്ട് മലക്കുകള്‍ ഇരുകവിളുകളിലും ഇരുമ്പു കൊളുത്തുപയോഗിച്ച് വലിച്ചു കീറുന്ന ഒരു വിഭാഗത്തെ റസൂലുല്ലാഹി (സ) കണ്ടു. അവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ നുണ പറയുന്നവരും ചക്രവാളം വരെ അതിനെ പരത്തുന്നവരുമാണെന്ന് അറിയാന്‍ കഴിഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ അത്യധികം പുരോഗതി പ്രാപിച്ചിരിക്കുന്ന നവകാലത്ത് പറയുന്നതും എഴുതുന്നതുമെല്ലാം രേഖകളാക്കപ്പെടുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്തെക്കുറിച്ചാണോ അന്ത്യപ്രവാചകന്റെ വാക്കുകളെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളില്‍ നാം രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ ഖിയാമം വരെ നിലനില്‍ക്കുന്നവയാണ്, മായ്ച്ചുകളയാന്‍ ഒരു സൃഷ്ടിക്കും സാധ്യമല്ല. നാം ഒഴിവാക്കിയാലും മറ്റു പലരിലൂടെയും അത്തരം നുണകള്‍ കറങ്ങിക്കൊണ്ടേയിരിക്കും.
കൊടും ക്രൂരനായിരുന്ന ഹിറ്റ്‌ലറുടെ നിഴലായി നിലകൊള്ളുകയും അയാളുടെ മനുഷ്യത്വ രഹിതമായ പാതകങ്ങള്‍ക്ക് ന്യായീകരണ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്ത നുണകളുടെ അപ്പോസ്തലനായിരുന്നു ഗീബല്‍സ്. കുപ്രസിദ്ധനായ അയാളെപ്പോലും നാണിപ്പിക്കുന്ന വീരന്മാരാണിന്ന് രാജ്യം ഭരിക്കുന്നത് പോലും. രാഷ്ട്രത്തിന്റെയും ജനതയുടെയും കാവല്‍ക്കാരാവേണ്ടവര്‍ കൊള്ളക്കാരായി മാറുന്ന, ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു സാഹചര്യമാണിന്ന് സംജാതമായിരിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ശതകോടിക്കണക്കിന് കൊള്ളയടിച്ച 'മാന്യന്മാര്‍'ക്ക് രാജ്യം വിടാന്‍ ഒത്താശ ചെയ്ത് കൊടുക്കുന്നവര്‍ തന്നെ ലോണെടുത്ത് മുടിഞ്ഞ അത്താഴപ്പട്ടിണിക്കാരനെ ആത്മഹത്യയിലേക്കും നിരാഹാരങ്ങളിലേക്കും തള്ളിയിടുന്നു. മാവേലിത്തമ്പുരാന്റെ ഭരണകാലത്തെക്കുറിച്ച് കവി ശ്രേഷ്ഠന്‍ കുറിച്ച 'കള്ളവുമില്ല ചതിയുമില്ല... എള്ളോളമില്ല പൊളിവചനം...' എന്ന സങ്കല്‍പങ്ങളൊക്കെയും ആകാശങ്ങളോളം അകലെയാണെന്ന് വ്യക്തം.
ആരേയും വകവെക്കാതെ താന്‍ മനസ്സിലാക്കിയ സത്യങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ കല്‍തുറങ്കുകളില്‍ കഴിയേണ്ടി വന്നവരായിരുന്നു യൗവന വീര്യത്തിന്റെ തീതുപ്പിയ സോക്രട്ടീസും ഗലീലിയോയുമെല്ലാം. ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായി ചാട്ടവാറടിയേറ്റ് ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിയുമ്പോഴും അധികാരികള്‍ നിര്‍ബന്ധിച്ച് വിഷപാനം നടത്തി മരണമടയുമ്പോഴും സോക്രട്ടീസ് പുഞ്ചിരിക്കുകയായിരുന്നു പോലും. സത്യത്തിനും ധര്‍മ്മത്തിനും അവര്‍ നല്‍കിയ പ്രാധാന്യമാണിതൊക്കെയും നമ്മെ ഓര്‍മിപ്പിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഒരു വിശ്വാസിക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ധര്‍മ്മവും സത്യത്തിന്റെ കൂടെ നില്‍ക്കുകയെന്നതാണ്.
(എസ്.കെ.എസ്.ബി.വി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago