ഇതാ ചില വിജയഗാഥകള്‍
തികച്ചും സാധാരണമായ ചുറ്റുപാടുകളില്‍നിന്ന് ചിട്ടയായ പരിശീലനത്തിലൂടെ സിവില്‍ സര്‍വിസ് കൈപ്പിടിയിലൊതുക്കിയ ഉത്സാഹശാലികള്‍ ധാരാളമുണ്ട്. പത്താം ക്ലാസില്‍ പഠനം നിര്‍ത്തി, കെട്ടിടനിര്‍മ്മാണ തൊഴിലാളിയായിരിക്കുമ്പോള്‍ സ്വയം പഠിക്കുകയും കിട്ടുന്ന പുസ്തകങ്ങളൊക്കെ വായിച്ച് അറിവ് വര്‍ധിപ്പിച്ച് സിവില്‍ സര്‍വിസ് നേടിയ കോഴിക്കോട് സ്വദേശി പി.വിജയന്‍ ഐ.പി.എസ് സ്ഥിരോത്സാഹികള്‍ക്ക് മുമ്പില്‍ അവസരങ്ങള്‍ അദ്ഭുതമല്ല എന്നതിന് ഉദാഹരണമാണ്. പ്രമുഖ ദേശീയ വാര്‍ത്താ ചാനലായ സി.എന്‍.എന്‍. - ഐ.ബി. എന്നിന്റെ മികച്ച ഇന്ത്യക്കാരനുള്ള ജനപ്രിയ പുരസ്‌കാരം ഈ വര്‍ഷം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ജോലിയിലെ അര്‍പ്പണബോധവും സ്റ്റുഡന്റ് കേഡറ്റ് പോലീസ് എന്ന പുത്തനാശയവുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
കിടപ്പാടം വിറ്റ് ഐ.എ.എസിലേക്ക്
ആത്മവിശ്വാസവും ദൃഢനിശ്ചയവും സ്ഥിരോത്സാഹവും മത്സരാധിഷ്ഠിതമായ ഒരു മാനസികാവസ്ഥയും ഉണ്ടെങ്കില്‍ സിവില്‍ സര്‍വിസ് ഒരു ബലികേറാമലയല്ല എന്നാണ് സിവില്‍ സര്‍വിസ് കരസ്ഥമാക്കിയവരുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. 2006-ല്‍ 48-ാംറാങ്കോടെ ഐ.എ.എസ് സ്വന്തമാക്കിയ ഗ്രാമീണനായ ഗോവിന്ദ് ജൈശ്വല്‍ വാരാണസിയിലെ റിക്ഷാക്കാരന്റെ മകനാണ്. തികച്ചും ദാരിദ്രമനുഭവിക്കുന്ന പിതാവും മൂന്ന് സഹോദരിമാരും ഉള്‍പ്പെടുന്ന കുടുംബത്തില്‍ നിന്ന് ആകെയുള്ള കിടപ്പാടം വിറ്റാണ് നാരായണ്‍ ജൈശ്വല്‍ മകനെ ഡല്‍ഹിയിലെ സിവില്‍ സര്‍വിസ് പരിശീലനകേന്ദ്രത്തിലേക്ക് അയച്ചത്. വാരാണസിയിലെ ചേരിയില്‍ നിന്നും ഉയര്‍ന്നുവന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഈ യുവാവ് രാജ്യത്തിന്റെ ഉന്നതപദവിയിലെത്താന്‍ ദിവസേന 16 മുതല്‍ 18 മണിക്കൂര്‍ വരെ അധ്വാനിച്ചിരുന്നു. മികച്ച സര്‍ക്കാര്‍ജോലി എന്ന നിലയില്‍ ഐ.എ.എസ് ചെറുപ്രായത്തില്‍ തന്നെ സ്വപ്നം കാണുകയും ജീവിതസാഹചര്യങ്ങളോട് പോരാടി ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതുവരെ പരിശ്രമം തുടരുകയും ചെയ്തു.
അധ്യാപനത്തില്‍നിന്ന് ഐ.എ.എസിലേക്ക്
2008 ല്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ 14-ാം റാങ്ക് നേടിയ കണ്ണൂര്‍ ജില്ലക്കാരനായ എസ്. ഹരികിഷോര്‍ അതിന് മുമ്പ് രണ്ട് തവണ പ്രിലിമിനറി പരീക്ഷ എഴുതിയപ്പോഴും തോല്‍വിയായിരുന്നു ഫലം. മൂന്നാം തവണയാണ് ഐ.എ.എസ്. നേടാനായത്. കണ്ണൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്കോടെ ബി.ടെക് ബിരുദവും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് എം.ടെകും നേടിയ ശേഷം ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളജില്‍ അധ്യാപകനായിരിക്കെയാണ് സിവില്‍ സര്‍വിസ് മോഹം ഉദിച്ചത്. ജോലി ഉപേക്ഷിച്ച് സംസ്ഥാന സിവില്‍ സര്‍വിസ് അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്ന ഹരികിഷോര്‍ ജോഗ്രഫിയും മലയാള സാഹിത്യവുമാണ് ഐച്ഛിക വിഷയങ്ങളായി തെരഞ്ഞെടുത്തത്.
സങ്കടക്കടലില്‍നിന്ന് ഐ.എ.എസിലേക്ക്
2009 ല്‍ 10-ാം റാങ്ക് കരസ്ഥമാക്കിയ തിരുവനന്തപുരം സ്വദേശിയായ മിത്ര ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം 2-ാം റാങ്കോടെ വിജയിച്ച ശേഷം ബി.എഡും കരസ്ഥമാക്കി. 2007 ല്‍ പ്രിലിമിനറി പരീക്ഷയില്‍ തോറ്റിരുന്നു. തിരുവനന്തപുരത്തെ സിവില്‍ സര്‍വിസ് അക്കാദമിയില്‍ പരിശീലനത്തിന് പോയിരുന്ന അവര്‍ പ്രിലിമിനറി കഴിഞ്ഞ് മെയിന്‍ പരീക്ഷക്ക് തയ്യാറെടുക്കുമ്പോള്‍ താങ്ങും തണലുമായ അമ്മയുടെ വിയോഗത്തോടെ പരീക്ഷ എഴുതേണ്ട എന്ന് വിചാരിച്ചു. അച്ഛനും ചേച്ചിയും നിര്‍ബ്ബന്ധിച്ച് മെയിന്‍ എഴുതിച്ചു. എന്നാല്‍ വിജയം അറിയുന്നതിന് കാത്ത് നില്‍ക്കാതെ അച്ഛനും അമ്മയുടെ വഴിയെ യാത്രയായി. ഇംഗ്ലീഷ് സാഹിത്യവും പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനുമായിരുന്നു മിത്ര മെയിന്‍ പരീക്ഷക്ക് തിരഞ്ഞെടുത്ത ഐച്ഛിക വിഷയങ്ങള്‍.
അനാഥാലയത്തില്‍നിന്ന് ഐ.എ.എസിലേക്ക്
അനാഥാലയത്തില്‍ നിന്നും ഐ.എ.എസിലേക്ക് എത്തിച്ചേര്‍ന്ന മലപ്പുറത്തെ മുഹമ്മദലി ശിഹാബും സാഹചര്യങ്ങളല്ല. അധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയമെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തി.
ഒമ്പതാം വയസ്സില്‍ പിതാവ് മരണപ്പെട്ടു. പിന്നീട് സങ്കടങ്ങള്‍ ചാലിച്ചെടുത്ത വഴിയിലൂടെ യാത്രചെയ്തു. അവസാനം നാടിന് ശോഭ പരത്തി നാട്ടുമ്പുറത്ത് നിന്നും ഒരു സിവില്‍ സര്‍വിസുകാരന്‍ പിറക്കുകയായിരുന്നു. ജീവിതത്തില്‍ മലയാളം വിഷയമായി പഠിക്കാത്ത മുഹമ്മദ് അലി ശിഹാബ് മലയാളവും ചരിത്രവുമാണ് പ്രധാന വിഷയങ്ങളായി തെരഞ്ഞെടുത്തത്.
ചരിത്രത്തിലിടം നേടി ഐ.എ.എസ്സിലേക്ക്
മലബാറിന്റെ ചരിത്രത്തിലാദ്യമായി ഐ.എ.എസ് കരസ്ഥമാക്കിയ മുസ്‌ലിം പെണ്‍കുട്ടി ഡോ.അദീല അബ്ദുല്ല കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിനിയാണ്. മെഡിക്കല്‍ ബിരുദം നേടിയ ശേഷം കുടുംബജീവിതത്തിലെ തിരക്കിനിടയിലാണ് അവര്‍ ഈ സ്വപ്ന നേട്ടം കൈവരിച്ചത്.
നിയമബിരുദവുമായി ഐ.എ.എസിലേക്ക്
2011-ല്‍ സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ചെന്നൈയിലെ ദിവ്യദര്‍ശിനി കഠിനാധ്വാനവും തോല്‍വിയില്‍ പതറാത്ത ചങ്കൂറ്റവുമാണ് തന്റെ വിജയത്തിന് നിദാനമെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആദ്യ പരീക്ഷയില്‍ തോല്‍വിയായിരുന്നു ഫലം. എന്നാല്‍ പിന്‍മാറാന്‍ ദിവ്യ തയ്യാറായില്ല. വിജയിക്കാനാകുമെന്ന ഉറച്ചവിശ്വസത്തോടെ പരീക്ഷ എഴുതാന്‍ മുന്നിട്ടിറങ്ങി. 2008-09 വര്‍ഷം സിവില്‍ സര്‍വിസിനായി കഠിനാധ്വാനം ചെയ്തിരുന്നു. പക്ഷെ ബിരുദ പരീക്ഷയും പ്രിലിമിനറിയും ഒരുമിച്ചാണ് വന്നത്. അതിനാല്‍ നല്ല രീതിയില്‍ പ്രിലിമിനറി എഴുതാന്‍ കഴിഞ്ഞില്ല. അധ്വാനം പിന്നെയും തുടര്‍ന്നു പഠനത്തിന് വേണ്ടി നിശ്ചിത സമയം നീക്കിവെക്കുന്ന ദിവ്യ അതീവശ്രദ്ധയോടും ഏകാഗ്രതയോടുംകൂടി അറിവുകള്‍ തലച്ചോറിലേക്ക് ആവാഹിച്ചെടുക്കുകയും ആഴ്ചയില്‍ അഞ്ച് ദിവസം പഠനത്തിന് ചിലവഴിച്ച് രണ്ട് ദിവസം മനസ്സിന് വിശ്രമവും ആനന്ദവും നല്‍കും. നിയമബിരുദദാരിയായ ദിവ്യദര്‍ശിനി പബ്ലിക് അഡ്മിനിസ്‌ട്രേഷനും നിയമവുമാണ് പ്രധാന വിഷയമായി തെരഞ്ഞെടുത്തത്.
ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറില്‍ നിന്ന് ഐ.എ.എസിലേക്ക്
2013-ല്‍ ഐ.എ.എസിന് ഒന്നാം റാങ്ക് ലഭിച്ചത് രാജസ്ഥാനിലെ ജെയ്പൂര്‍കാരനായ ഗൗരവ് അഗര്‍വാളിനാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഐ.ഐ.ടി യില്‍ നിന്ന് ബി.ടെക് ബിരുദം നേടിയ ശേഷം ലക്‌നോവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് പി.ജി. ബിരുദവും കരസ്ഥമാക്കി ഹോങ്കോങ്ങില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയി ജോലിചെയ്യുകയായിരുന്നു.
ഭാരതത്തിന്റെ സിവില്‍ സര്‍വിസ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ബഹുരാഷ്ട്ര കമ്പനികളിലെ എക്‌സിക്യുട്ടീവുകള്‍ക്ക് ലഭിക്കുന്നതിന്റെ എത്രയോ ഇരട്ടി വാര്‍ഷിക ശമ്പളവും ആനുകൂല്യങ്ങളും ഉപേക്ഷിച്ച അദ്ദേഹം പ്രതിദിനംപത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ പഠനത്തിനായി ചെലവഴിച്ചു. കടുത്ത മത്സരത്തെ അതിജീവിച്ച് ആദ്യ അവസരത്തില്‍ തന്നെ ലിസ്റ്റില്‍ ഇടം നേടിയ ഗൗരവിന് ലഭിച്ചത് ഐ.പി.എസ് ആയിരുന്നു. ഐ.പി.എസ് പരിശീലനത്തിനിടയിലും പ്രതിധിനം 6 മുതല്‍ 8 മണിക്കൂര്‍ വരെ പഠനത്തിനായി ചെലവഴിച്ച ഗൗരവ് അഗര്‍വാളാണ് ഐ.എ.എസിന് ഒന്നാം റാങ്ക് കരസ്ഥമാക്കുന്ന പ്രഥമ രാജസ്ഥാന്‍കാരന്‍. രണ്ടാം റാങ്കുകാരന്‍ ബിരുദത്തിന് തെരഞ്ഞെടുത്ത വിഷയം ബി.എസ്.സി ബയോകെമസ്ട്രി യാണ്.
മൂന്നാം റാങ്ക് ലഭിച്ചഭാരദീഷിത്എം.ബി.ബിഎസുകാരിയാണ്. കുടുംബജീവിതത്തിന്റെയും വൈദ്യവൃത്തിയുടെയുംതിരക്കുകള്‍ക്കിടയില്‍ നാലുമുതല്‍ ആറ് വരെ മണിക്കൂര്‍ പഠനത്തിനായി ചിലവഴിച്ച അവര്‍ക്ക് ആദ്യ അവസരത്തില്‍ തന്നെ ഐ.എ.എസ് ലഭിക്കുകയുണ്ടായി. പത്രങ്ങളും ഗവണ്‍മെന്റ് വെബ്‌സൈറ്റുകളുമാണ് അവര്‍ കൂടുതലായി ആശ്രയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."