യാത്രയയപ്പ് ചടങ്ങിനിടെ ആദരാഞ്ജലി ബോര്‍ഡ്
നീലേശ്വരം (കാസര്‍കോട്): തനിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്ത സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കുമെന്ന് കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജ. മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ നടപടി സ്വീകരിക്കുകയെന്നും അവര്‍ വ്യക്തമാക്കി. ഒരുസംഘം വിദ്യാര്‍ഥികള്‍ ആദരാഞ്ജലി ബോര്‍ഡ് തൂക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടനം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികരണമാരാഞ്ഞപ്പോഴാണ് പൊലിസില്‍ പരാതി നല്‍കുമെന്ന് പി.വി പുഷ്പജ അറിയിച്ചത്. ആദരാഞ്ജലി ബോര്‍ഡ് തൂക്കിയതും പടക്കം പൊട്ടിച്ചവരും എസ്.എഫ്.ഐക്കാരല്ലെന്ന് മറ്റാരും പറയില്ലെന്നും പുഷ്പജ പ്രതികരിച്ചു. കോളജിന്റെ ഉന്നമനവും അച്ചടക്കവുമായിരുന്നു താന്‍ ലക്ഷ്യമിട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വരുന്ന മെയ് 31നാണ് പുഷ്പജ വിരമിക്കുന്നത്. ചില അധ്യാപകര്‍ കൂടി ഒപ്പം വിരമിക്കുന്നതിനാല്‍ കഴിഞ്ഞ ബുധനാഴ്ച കോളജില്‍ പുഷ്പജ അടക്കമുള്ളവര്‍ക്ക് അധികൃതര്‍ യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു.
ഇതിനിടയിലാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി ബോര്‍ഡ് തൂക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തത്. 'വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍, ദുരന്തം ഒഴിയുന്നു, ക്യാംപസ് സ്വതന്ത്രമാവട്ടെ, നെഹ്‌റുവിന് ശാപമോക്ഷം' എന്നായിരുന്നു ബോര്‍ഡിലെ വാചകങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."