ക്ലാസെടുക്കണം; ഒപ്പം ഭരണചുമതലയും; നട്ടംതിരിഞ്ഞ് പ്രധാനാധ്യാപകര്‍
കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി പ്രധാനധ്യാപകരുടെ അധികഭാരം പരിഹാരമാകാതെ നീളുന്നു. സര്‍ക്കാറിന്റെ അധിക ബാധ്യത കണക്കിലെടുത്താണ് ഭരണ ചുമതല വഹിക്കുന്ന ഹയര്‍ സെക്കന്‍ഡറി പ്രധാന അധ്യാപകര്‍ ക്ലാസെടുക്കണമെന്ന തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉറച്ചത്.
സംസ്ഥാനത്തെ ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തിയപ്പോള്‍ ഹൈസ്‌കൂളിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫ് തന്നെയാണ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും ജോലി ചെയ്യേണ്ടിവന്നത്. എന്നാല്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ ബാച്ച് അനുവദിച്ചതോടെ പ്രധാനധ്യാപകര്‍ക്കും ചോക്കും ഹാജര്‍ ബുക്കും എടുത്ത് ക്ലാസിലേക്ക് പോകേണ്ടിവന്നു.
സമാനമായി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക തസ്തിക ഉയര്‍ത്തി പ്രധാന അധ്യാപക തസ്തികയിലേക്ക് നിയമനം നല്‍കിയെങ്കിലും പകരം അധ്യാപകരെ നിയമിക്കാന്‍ മാത്രം തയാറായില്ല. മിക്ക സ്‌കൂളുകളിലും ക്ലര്‍ക്കിന്റെയും പ്യൂണിന്റെയും പണി എടുക്കേണ്ടിവരുന്നത് പ്രധാന അധ്യാപകരാണ്. ഇതിന് പുറമെയാണ് ഭരണ ചുമതലയും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രധാനധ്യാപകരുടെ അധിക ചുമതല പരിഹരിക്കുന്നതിന് നടപടി വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ ആവശ്യത്തിന് തസ്തികകള്‍ പോലും സൃഷ്ടിക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് 1450 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക നിലവിലുണ്ട്. അധ്യാപകരുടെ അധിക നിയമനം താങ്ങാനാകില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അധിക തസ്തിക സൃഷ്ടിക്കാതെയും ഭാരം ലഘൂകരിക്കാതെയും ഹയര്‍സെക്കന്‍ഡറി മേഖലയില്‍ അധ്യാപകര്‍ കഷ്ടപ്പെടുമ്പോള്‍ സ്‌കൂള്‍ തലങ്ങളില്‍ കുട്ടികളുടെ കുറവ് തിരിച്ചടിയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."