തുറവൂര്‍ ആശുപത്രിയില്‍ ജീവനക്കാരില്ല; രോഗികള്‍ വലയുന്നു
തുറവൂര്‍: തുറവൂര്‍ താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം രോഗികള്‍ വലയുന്നു. എക്‌സ് റേ സെക്ഷനില്‍ ഒരാള്‍മാത്രമേയുള്ളൂ.
ഇതു മൂലം ഭാരിച്ച ജോലികള്‍ കൂടി ഇവര്‍ ചെയ്യേണ്ട ദയനീയ സ്ഥിതിയാണ്. ഡോക്ടറന്മാരായി ധാരാളം പേരെ ഇവിടെ നിയമിച്ചിട്ടുണ്ടെങ്കിലും രോഗികളെ പരിശോധിക്കുന്നതിന് ചിലര്‍ മാത്രമേ ആശുപത്രിയിലെ പരിശോധനമുറിയില്‍ കാണാറുള്ളൂ.മണിക്കൂറോളം സമയം ക്യൂ നിന്ന് പലരും തല കറങ്ങി വീഴാറുണ്ട്. പെന്‍ഷന്‍ പറ്റിയ ചില ഡോക്ടറന്മാരും താല്‍ക്കാലികമായി ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും പരിശോധനകള്‍ ഫലപ്രദമാകുന്നില്ല.ഡോക്ടറന്മാര്‍ക്ക് മറ്റു പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് പോകുന്നതു കൊണ്ടാണ് പലരും ഇവിടെയില്ലാതെ വരുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും എണ്ണം കുറവാണ്.ദിനംപ്രതി ചികിത്സയ്ക്കും മരുന്നിനുമായി എത്തുന്ന രോഗികള്‍ക്ക് ആവശ്യത്തിനുള്ള വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് ആക്ഷേപങ്ങളുണ്ട്. ഇവിടത്തെ ഡോക്‌റന്മാരെ വൈകിട്ട് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് പോയി പരീശോധനാ ഫീസ് നല്‍കി കണ്ടാല്‍ മാത്രമേ രോഗികള്‍ക്ക് അസുഖം മാറുന്നതിനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാറുള്ളുവെന്ന രോഗികള്‍ പറഞ്ഞു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ ആശുപത്രിയില്‍ വികസന സമിതികളുണ്ടെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. നീയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും, എം.എല്‍.എ.പ്രതിനിധികളും ഉള്‍പ്പെട്ടതാണ് ആശുപത്രി വികസന സമിതി. അംഗങ്ങളില്‍ പലരും യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കാറില്ല. വികസന സമിതി ഒരു നോക്ക് കുത്തിയായി മാറിയിരിക്കുകയാണ്. എക്‌സ് റേ യൂണിറ്റില്‍ ഉള്‍പ്പെടെയുള്ള പല സെക്ഷനിലും ആവശ്യമായ ജീവനക്കാരെ നിയമിക്കാതിരിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണം ശക്തമായി.
ഇനിയെങ്കിലും തുറവൂര്‍ താലൂക്കാശുപത്രിയില്‍ ഒഴിവുള്ള തസ്തികളില്‍ ജീവനക്കാരെ നിയമിക്കാന്‍ സംസ്ഥാന ഗവര്‍മെന്റ് തയ്യാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."